രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ട് അണ്ണാഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
ചെന്നൈ: മുഖ്യമന്ത്രി ഇ പഴനിസ്വാമിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ഡിഎംകെ നേതാവ് എ രാജയില്‍ നിന്ന് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ന് വൈകിട്ട് 6 മണിക്ക് മുമ്പ് വിശദീകരണം നല്‍കണം. രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ട് അണ്ണാഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
നേരത്തെ അധിക്ഷേപ പരാമര്‍ശത്തില്‍ എ രാജ മാപ്പ് പറഞ്ഞിരുന്നു. തന്റെ പ്രസം?ഗം രണ്ട് നേതാക്കളെ വ്യക്തിപരമായി വിലയിരുത്തിയതല്ലെന്നും രണ്ട് നേതാക്കളുടെ പൊതുജീവിതം താരതമ്യപ്പെടുത്തിയതാണെന്നുമാണ് എ രാജയുടെ വിശദീകരണം. മുഖ്യമന്ത്രി പളനിസ്വാമി അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ പോലെയാണെന്ന രാജയുടെ പരാമര്‍ശം തമിഴ്നാട് രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
എന്റെ വാക്കുകള്‍ മുഖ്യമന്ത്രിയെ വേദനിപ്പിച്ചുവെന്ന് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ അതീവദുഖിതമായി. സന്ദര്‍ഭത്തെ തെറ്റിദ്ധരിച്ചതാണത്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഖേദം രേഖപ്പെടുത്തുന്നു. അദ്ദേഹത്തെ വേദനിപ്പിച്ചതില്‍ ഹൃദയപൂര്‍വ്വമായ ക്ഷമാപണം നടത്താന്‍ എനിക്ക് മടിയില്ല. എ രാജ പറഞ്ഞു. രാജയുടെ പരാമര്‍ശത്തെ കുറിച്ച് സൂചിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മുഖ്യമന്ത്രി പൊട്ടിക്കരഞ്ഞിരുന്നു. എഐഎഡിഎംകെ പ്രവര്‍ത്തകര്‍ രാജക്കെതിരെ പരാതി നല്‍കുകയും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.