സമയത്ത് തെരഞ്ഞെടുപ്പ് നടന്നില്ല, ദേശീയ ഗുസ്തി ഫെഡറേഷന് വിലക്ക്; താരങ്ങള്‍ക്ക് കനത്ത തിരിച്ചടി

By Web Team  |  First Published Aug 24, 2023, 12:57 PM IST

വിവാദങ്ങള്‍ പിടിച്ചുലയ്ക്കുന്ന ഇന്ത്യന്‍ ദേശീയ ഗുസ്തി ഫെഡറേഷന് കനത്ത ആഘാതം നല്‍കുന്നതാണ് രാജ്യാന്തര ഗുസ്തി ഫെഡറേഷന്‍റെ വിലക്ക്


ദില്ലി: തെരഞ്ഞെടുപ്പ് നടക്കാത്തതിനെ തുടർന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ്റെ(റസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) അംഗത്വം ലോക ഗുസ്തി ഫെഡറേഷൻ(യുണൈറ്റഡ് വേള്‍ഡ് ഓഫ് റസലിംഗ്)  സസ്പെൻസ് ചെയ്തു. നാളുകളായി പല വിവാദങ്ങളിലൂടെയും കടന്നുപോകുന്ന ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് കനത്ത തിരിച്ചടിയാവും ഈ നടപടി. രാജ്യത്തെ ഗുസ്തി താരങ്ങള്‍ക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പതാകയ്ക്ക് കീഴില്‍ മത്സരിക്കാനാവില്ല. 

വിവാദങ്ങള്‍ പിടിച്ചുലയ്ക്കുന്ന ഇന്ത്യന്‍ ദേശീയ ഗുസ്തി ഫെഡറേഷന് കനത്ത ആഘാതം നല്‍കുന്നതാണ് രാജ്യാന്തര ഗുസ്തി ഫെഡറേഷന്‍റെ വിലക്ക്. തെരഞ്ഞെടുപ്പ് നടത്താനുള്ള 45 ദിവസത്തെ സമയപരിധി അവസാനിച്ചതോടെയാണ് ലോക ഗുസ്തി ഫെഡറേഷന്‍ ഇന്ത്യക്കെതിരെ നടപടിയിലേക്ക് കടന്നത്. തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയില്ലെങ്കില്‍ വിലക്ക് നേരിടേണ്ടിവരുമെന്ന് ലോക ഗുസ്തി ഫെഡറേഷൻ മുന്നറിയിപ്പ് ഇന്ത്യന്‍ ദേശീയ ഗുസ്തി ഫെഡറേഷന് നല്‍കിയെങ്കിലും സംസ്ഥാന അസോസിയേഷനുകള്‍ കോടതിയിലേക്ക് നീങ്ങിയത് അടക്കമുള്ള കാര്യങ്ങള്‍ ഇലക്ഷന്‍ വൈകിപ്പിച്ചു. സസ്പെന്‍ഷന്‍ നേരിടുന്നതോടെ വരാനിരിക്കുന്ന ലോക ഗുസ്‍തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ദേശീയ പതാകയ്ക്ക് കീഴില്‍ മത്സരിക്കാനാവില്ല. ന്യൂട്രല്‍ താരങ്ങളായി മാത്രമേ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാകൂ. സെപ്റ്റംബർ 16ന് ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഒളിംപിക്സ് യോഗ്യതയ്ക്കായുള്ള മത്സരങ്ങള്‍ കൂടിയാണ് എന്നത് ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രഹരമാകും. 

Latest Videos

undefined

ദേശീയ ഗുസ്തി ഫെഡറേഷന്‍ രാജ്യാന്തര ഗുസ്തി ഫെഡറേഷന്‍റെ വിലക്ക് നേരിടുന്നത് ഇതാദ്യമല്ല. ജനുവരിയില്‍ റസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വിലക്ക് നേരിട്ടിരുന്നു. അന്നത്തെ പ്രസിഡന്‍റ് ബ്രിജ് ഭൂഷന്‍ ശരൺ സിങ്ങിനെതിരെ താരങ്ങള്‍ ലൈംഗികാരോപണങ്ങള്‍ ഉയർത്തിയതോടെ മെയ് മാസത്തില്‍ വീണ്ടും വിലക്കുണ്ടായി.  വിവാദങ്ങള്‍ക്കിടെയും ദേശീയ ​ഗുസ്തി ഫെഡറേഷനില്‍ ആധിപത്യം നിലനിർത്താന്‍ ബ്രിജ് ഭൂഷന്‍ ശ്രമം നടത്തിയിരുന്നു. ബ്രിജ് ഭൂഷണെ പിന്തുണയ്ക്കുന്നവർ 23 പത്രികകള്‍ സമർപ്പിച്ചിരുന്നു. എന്നാല്‍ ഓഗസ്റ്റ് 12-ാം തിയതി നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് നടന്നില്ല. 

Read more: അധികാരം പിടിക്കാനുറച്ച് ബ്രിജ് ഭൂഷൺ; പിന്തുണച്ച് 23 നാമനിര്‍ദ്ദേശപത്രികകള്‍, തെരഞ്ഞെടുപ്പ് ഈ മാസം 12ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!