താരങ്ങളെ വീണ്ടും ചർച്ചക്ക് ക്ഷണിച്ചു എന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ
ദില്ലി: ലൈംഗിക പീഡന കേസില്‍ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങളുടെ സമരം ഒത്തുതീർപ്പ് ശ്രമങ്ങൾ തുടരാൻ കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് മുൻപ് വിഷയം പരിഹരിക്കാൻ തിരക്കിട്ട് നീക്കം നടത്തുകയാണ് കേന്ദ്രം. ആഭ്യന്തര മന്ത്രി അമിത് ഷാ താരങ്ങളുമായി ചർച്ച തുടരും. കായിക മന്ത്രി അനുരാഗ് താക്കൂർ വിഷയത്തില്‍ വീണ്ടും ഇടപെടും. താരങ്ങളുടെ സമരം പാർട്ടിക്ക് ക്ഷീണമായി എന്ന വിലയിരുത്തലിലാണ് ബിജെപി. വിഷയം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റി എന്നും നേതാക്കൾ നേതൃത്വത്തെ അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ അടക്കം സമരം ചർച്ചയായതിന് പിന്നാലെ ആണ് പുതിയ നീക്കം. 21 നാണ് മോദിയുടെ അമേരിക്കൻ സന്ദർശനം.
കഴിഞ്ഞ ജനുവരി 18നാണ് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയർത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗസമിതിയാണ് ഇവരുടെ പരാതികൾ അന്വേഷിക്കുന്നത്. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാതെ വന്നതോടെ താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോടതി നിര്‍ദേശത്താലാണ് പരാതിയിന്‍മേല്‍ കേസ് എടുക്കാന്‍ ദില്ലി പൊലീസ് തയ്യാറായത്.
undefined
എന്നാല്‍ ബ്രിജ് ഭൂഷന്‍റെ അറസ്റ്റ് വൈകിയതോടെ താരങ്ങള്‍ പ്രതിഷേധവുമായി ജന്തർ മന്തറില്‍ ഇറങ്ങി. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ഉള്‍പ്പടെയാണ് ബ്രിജ് ഭൂഷനെതിരെ പ്രതിഷേധവുമായി ജന്തർ മന്തറിലുണ്ടായിരുന്നത്. മെയ് 28ന് ദില്ലിയിലെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്കുള്ള മാര്‍ച്ചിനിടെ ഇവരെ ദില്ലി പൊലീസ് വലിച്ചിഴച്ചിരുന്നു. താരങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇതിന് ശേഷം മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ സാക്ഷി മാലിക് ഉള്‍പ്പടെയുള്ള ഗുസ്‌തി താരങ്ങള്‍ ഹരിദ്വാറിലേക്ക് നീങ്ങിയെങ്കിലും കര്‍ഷക നേതാക്കള്‍ ഇടപെട്ട് താരങ്ങളെ പിന്തരിപ്പിക്കുകയായിരുന്നു. തിരികെ ജോലിയില്‍ പ്രവേശിച്ചെങ്കിലും സമരത്തില്‍ നിന്ന് ഒരു ചുവട് പോലും പിന്നോട്ടില്ലെന്ന് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്കും വ്യക്തമാക്കിയിട്ടുണ്ട്.