പഠനം ഒരേ ബെഞ്ചിൽ, ആദ്യമായി ട്രാക്ക് ഷൂ അണിഞ്ഞതും ഒരുമിച്ച്, ഒടുവിൽ സ്വർണവും വെള്ളിയും ചാടിയെടുത്തതും ഒരുമിച്ച്

By Web Team  |  First Published Oct 18, 2023, 1:29 AM IST

ആദ്യമായി ട്രാക്ക് ഷൂ അണിഞ്ഞ് പരിശീലനത്തിനറങ്ങിയത് ഒരുമിച്ച്, ഒരേ സ്‌കൂളില്‍, ഒരേ ക്ലാസില്‍, ഒരേ ബെഞ്ചില്‍ ഒരുമിച്ചിരുന്ന് പഠനം


തൃശൂർ: ആദ്യമായി ട്രാക്ക് ഷൂ അണിഞ്ഞ് പരിശീലനത്തിനറങ്ങിയത് ഒരുമിച്ച്, ഒരേ സ്‌കൂളില്‍, ഒരേ ക്ലാസില്‍, ഒരേ ബെഞ്ചില്‍ ഒരുമിച്ചിരുന്ന് പഠനം. സ്‌കൂളും ജില്ലയും മാറിയതും ഒരുമിച്ച്. അപ്പോഴും ഒരേ ക്ലാസില്‍ ഒരേ ബെഞ്ചില്‍. പുതിയ സ്‌കൂളില്‍ പഴയ പരിശീലകന്റെ കീഴില്‍ പരിശീലനവും ഒരുമിച്ച്. മത്സരത്തിന് ഇറങ്ങിയതും ഒരുമിച്ച്. ഹൈജമ്പില്‍ ഒന്നും രണ്ടും സ്ഥാനം ചാടിയെടുത്തതും ഒരുമിച്ച്.

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണവും വെള്ളിയും നേടിയത് മലപ്പുറം കടകശേരി ഐഡിയല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. പരമ്പരാഗത ചാമ്പ്യന്‍ സ്‌കൂളുകളെ മലര്‍ത്തിയടിച്ചാണ് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ മലപ്പുറം കടകശേരി ഐഡിയല്‍ സ്‌കൂള്‍ ഇരട്ട നേട്ടം നേടിയത്. 1.56 മീ. ചാടി പി.പി. അഷ്മിക സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍, 1.54 മീറ്റര്‍ ചാടി കെ.വി. മിന്‍സാര പ്രസാദ് വെള്ളി നേടി. മലപ്പുറം ജില്ലാ കായികമേളയില്‍ മിന്‍സാരയ്ക്കായിരുന്നു സ്വര്‍ണം. 1.53 മീറ്ററാണ് ജില്ലാ കായികമേളയില്‍ മിന്‍സാര ചാടിയത്. സംസ്ഥാന തലത്തില്‍ പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും രണ്ടാംസ്ഥാനം നേടാനേ കഴിഞ്ഞുള്ളൂ.

Latest Videos

undefined

കോഴിക്കോട് സ്വദേശികളായ ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്. കോഴിക്കോട് കുറ്റ്യാടി നരിപ്പറ്റ സ്വദേശിനിയാണ് പിപി അഷ്മിക. കൊയിലാണ്ടി മുടാടി സ്വദേശിനിയാണ് മിന്‍സാര. പുലൂരാംപാറയിലെ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലാണ് തുടക്കത്തില്‍ ഇരുവരുടേയും പരിശീലനം. അവിടത്തെ പരിശീലകനായിരുന്ന ടോമി ചെറിയാന്‍ മലപ്പുറം കടകശേരി ഐഡിയല്‍ സ്‌കൂളിലേക്ക് മാറിയപ്പോഴാണ് ഇരുവരും സ്‌കൂളും ജില്ലയും മാറിയത്. മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍നിന്ന് 30 കുട്ടികള്‍ ഐഡിയല്‍ സ്‌കൂളിലേക്ക് മാറിയിട്ടുണ്ട്. കുട്ടികളുടെ പ്രകടനം നോക്കി വിലയിരുത്തിയാണ് ഐഡിയല്‍ സ്‌കൂള്‍ കുട്ടികളെ എടുത്തത്. അഷ്മിക രണ്ട് വര്‍ഷം മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലുണ്ടായിരുന്നു. ഈ വര്‍ഷമാണ് ഐഡിയല്‍ സ്‌കൂളിലേക്ക് മാറിയത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ 2021ല്‍ നടന്ന ജൂനിയര്‍ സൗത്ത് സോണ്‍ മീറ്റില്‍ മിന്‍സാര ഹൈജമ്പില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. സബ് ജൂനിയര്‍ വിഭാഗത്തില്‍ അസമില്‍ നടന്ന നാഷണല്‍ മത്സരത്തില്‍ അഷ്മിക ഹൈജമ്പില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. ആന്ധ്രയില്‍ നടന്ന ഇന്റര്‍ മീറ്റിലും ഹൈജമ്പില്‍ സ്വര്‍ണം കരസ്ഥമാക്കി. അഷ്മികയുടെ സഹോദരനായ അഭിജിത്തും സ്‌പോര്‍ട്‌സ് താരമാണ്. ഇപ്പോള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥിയാണ്. അച്ഛന്‍ ഭാസ്‌കരന്‍ ലോറി ഡ്രൈവറാണ്. അമ്മ ബിജി വീട്ടമ്മയാണ്.

തീര്‍ത്തും പരിമിതമായ ചുറ്റുപാടില്‍നിന്നാണ് അഷ്മികയും മിന്‍സാരയും വരുന്നതെന്ന് പരിശീലകന്‍ ടോമി ചെറിയാന്‍ പറയുന്നു. മിന്‍സാരയുടെ അച്ഛന്‍ മരിച്ചതാണ്. അമ്മയുടെ ചെറിയ ജോലിയാണ് കുടുംബത്തിന്റെ ഏക വരുമാനം. പരിശീലനത്തിനും മറ്റുമായി ഒരു മാസം ചുരുങ്ങിയത് 7000 രൂപ ചെലവ് വരും. എന്നാല്‍ ഐഡിയല്‍ സ്‌കൂളില്‍ ഇതെല്ലാം സൗജന്യമാണ്. രാവിലെ ആറുമുതല്‍ 8.30വരെയാണ് പരിശീലനം.

തുടര്‍ന്ന് 8.30 മുതല്‍ 10.30വരെ കുട്ടികള്‍ക്ക് വിശ്രമിക്കാനുള്ള സമയമാണ്. കേരളത്തില്‍ ഐഡിയല്‍ സ്‌കൂളില്‍ മാത്രമാണ് കുട്ടികള്‍ക്ക് വിശ്രമിക്കാന്‍ ഇത്തരത്തില്‍ സമയം കൊടുക്കുന്നതെന്ന് പരിശീലകനായ ടോമി പറഞ്ഞു. വൈകിട്ട് 6.30മുതല്‍ ടീച്ചര്‍മാര്‍ കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസെടുക്കും. അതുകൊണ്ട് പഠനത്തിലും പുറകില്‍ പോകുന്നില്ല. ഐഡിയല്‍ സ്‌കൂള്‍ മാനേജ്‌മെന്റിനും അവിടത്തെ മാനേജര്‍ മജീദ് ഐഡിയലിനുമാണ് വിജയം സമര്‍പ്പിക്കുന്നത്.

Read more:  ഉച്ചയ്ക്ക് ഊണും പായസവും, രാത്രി നല്ല കിടിലൻ ബീഫ് പെരട്ടും ചിക്കൻ ഫ്രൈയും; ഭക്ഷണപന്തലിനെ കുറിച്ച് ശിവൻകുട്ടി

30 വര്‍ഷമായി പരിശീലന രംഗത്തുണ്ട് ടോമി. അഷ്മികയെ ഭാവി ദേശീയ താരമായിട്ടാണ് ടോമി കാണുന്നത്. ഒരു അത്‌ലറ്റാവാനുള്ള ശാരീരിക ക്ഷമത അഷ്മികയ്ക്കുണ്ടെന്ന് ടോമി പറയുന്നു. നല്ല പരിശീലനം കൊടുത്താല്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടാന്‍ സാധ്യതയുള്ള കുട്ടിയാണ്. അഷ്മികയുടെ ഉയരം അനൂകുലമാണെന്ന് ടോമി പറഞ്ഞു. അഷ്മിക ജാവലിങ് ത്രോയില്‍ മത്സരിക്കുന്നുണ്ട്. മിന്‍സാര ലോങ്ങ്ജമ്പ്, ട്രിപ്പിള്‍ ജമ്പിലും മത്സരിക്കുന്നു. ഇത്തവണ 30 പേരുടെ ടീമായാണ് ഐഡിയല്‍ സ്‌കൂള്‍ സംസ്ഥാന കായികമേളയ്ക്ക് എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!