ഉച്ചയ്ക്ക് ഊണും പായസവും, രാത്രി നല്ല കിടിലൻ ബീഫ് പെരട്ടും ചിക്കൻ ഫ്രൈയും; ഭക്ഷണപന്തലിനെ കുറിച്ച് ശിവൻകുട്ടി

By Web Team  |  First Published Oct 17, 2023, 9:10 PM IST

കൊടകര സ്വദേശി അയ്യപ്പദാസിന്റെ നേതൃത്വത്തിലാണ് പാചകമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. കായികോത്സവത്തില്‍ രാവിലെ പാല്‍, മുട്ട എന്നിവയ്ക്കു പുറമേ ഇഡ്ഡലി, ദോശ, നൂലപ്പം, ഉപ്പുമാവ് എന്നിങ്ങനെയാണ് വിവിധ ദിവസങ്ങളിലെ പ്രഭാത ഭക്ഷണം


തൃശൂര്‍: സംസ്ഥാന സ്കൂള്‍ കായികോത്സവത്തിലെ ഭക്ഷണ പന്തലിലെ അടിപൊളി മെനു വിശദീകരിച്ച് മന്ത്രി വി ശിവൻകുട്ടി. രാവിലെ അഞ്ച് മണിക്ക് പാലും മുട്ടയും കഴിച്ച് കുറച്ച് പരിശീലനമാകാം. ഏഴ് മണിക്ക് പ്രഭാത ഭക്ഷണം ലഭിക്കും. 11 മണിക്ക് ചായയും ചെറുകടിയുമുണ്ട്. ഉച്ചയ്ക്ക് നല്ല ഊണും പായസവും ആസ്വദിക്കാം. രാത്രി കിടിലൻ ബീഫ് പെരട്ടും ചിക്കൻ ഫ്രൈയും കൂട്ടി അടിപൊളി അത്താഴവും കഴിക്കാമെന്ന് വി ശിവൻകുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

കൊടകര സ്വദേശി അയ്യപ്പദാസിന്റെ നേതൃത്വത്തിലാണ് പാചകമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. കായികോത്സവത്തില്‍ രാവിലെ പാല്‍, മുട്ട എന്നിവയ്ക്കു പുറമേ ഇഡ്ഡലി, ദോശ, നൂലപ്പം, ഉപ്പുമാവ് എന്നിങ്ങനെയാണ് വിവിധ ദിവസങ്ങളിലെ പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് പായസത്തോടു കൂടിയ വിഭവ സമൃദ്ധമായ സദ്യയും രാവിലെ 10നും വൈകീട്ട് നാലിനും ചായയും ലഘു പലഹാരവും നല്‍കും. രാത്രി ഇറച്ചിയും മീനും വിളമ്പും. ഒപ്പം പഴവര്‍ഗ്ഗങ്ങളും ഉണ്ട്.

Latest Videos

undefined

അധ്യാപകരുടെ നേതൃത്വത്തിലാണ് ഭക്ഷണം വിളമ്പല്‍. ഒക്ടോബര്‍ 20ന് സമാപന ദിവസം 2000 പേര്‍ക്കുള്ള ഭക്ഷണം പാര്‍സലായും നല്‍കുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് സ്‌കൂള്‍ സീനിയര്‍ ഗ്രൗണ്ടിലാണ് ഭക്ഷണ പന്തല്‍. പത്ത് കൗണ്ടറുകളിലായി 1000 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സിന്തറ്റിക് ട്രാക്കിനോട് ചേര്‍ന്നുള്ള സ്ഥലമായതിനാല്‍ മേളക്കെത്തുന്നവര്‍ക്ക് യാത്ര ബുദ്ധിമുട്ടുണ്ടാവില്ലെന്നും സംഘാടകര്‍ പറഞ്ഞു. നേരത്തെ, കോഴിക്കോട് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നോണ്‍ വെജ് ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദം ഏറെ ചര്‍ച്ചയായി മാറിയിരുന്നു. സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാൻ  ഇനി ഇല്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി തീരുമാനിച്ച അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. 

ഒരു പ്രശ്നവുമില്ല, ആരോഗ്യവാൻ; പക്ഷേ ആശുപത്രി വിട്ടുപോകാത്ത തോമസ്, 10 വർഷമായി ഇതേ വാർഡിൽ തന്നെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!