ജപ്പാന്‍ വേദിയാവുന്ന 2026ലെ ഏഷ്യന്‍ ഗെയിംസില്‍ ബൊപ്പണ്ണ കളിക്കില്ല
പാരിസ്: ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ ഇന്ത്യന്‍ കുപ്പായത്തില്‍ നിന്ന് വിരമിച്ചു. പാരിസ് ഒളിംപിക്‌സില്‍ നിന്ന് നേരത്തെ പുറത്തായതിന് പിന്നാലെയാണ് ബൊപ്പണ്ണയുടെ വിരമിക്കല്‍ പ്രഖ്യാപനം. ഇന്ത്യക്കായി അവസാന മത്സരം കളിച്ചെന്ന് രോഹന്‍ ബൊപ്പണ്ണ അറിയിച്ചു. 44-ാം വയസിലാണ് താരത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. ജപ്പാന്‍ വേദിയാവുന്ന 2026ലെ ഏഷ്യന്‍ ഗെയിംസില്‍ ബൊപ്പണ്ണ കളിക്കില്ല. അതേസമയം എടിപി ടൂറുകളില്‍ തുടര്‍ന്നും രോഹന്‍ ബൊപ്പണ്ണ കളിക്കും.
'രാജ്യത്തിനായി എന്‍റെ അവസാന മത്സരമാണിത്. രാജ്യത്തെ രണ്ട് പതിറ്റാണ്ട് പ്രതിനിധീകരിക്കാന്‍ കഴിയുമെന്ന് ഒരിക്കലും സ്വപ്നം കണ്ടിരുന്നുപോലുമില്ല. അതിനാല്‍ ഞാനെത്ര ഉയരത്തിലെത്തിയെന്നും ഇപ്പോള്‍ ഏത് സാഹചര്യത്തിലാണ് ഉള്ളതെന്നും വ്യക്തമായി അറിയാം. 2002ല്‍ അരങ്ങേറ്റം കുറിച്ച ശേഷം നീണ്ട 22 വര്‍ഷക്കാലം രാജ്യത്തെ ലോക ടെന്നീസില്‍ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ട്'- എന്നും വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് രോഹന്‍ ബൊപ്പണ്ണ വ്യക്തമാക്കി. കരിയറിലുടനീളം പിന്തുണ നല്‍കിയ ഭാര്യ സുപ്രിയക്ക് ബൊപ്പണ്ണ ഹൃദ്യമായ നന്ദി പറഞ്ഞു. ഡേവിസ് കപ്പില്‍ നിന്ന് ബൊപ്പണ്ണ നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
undefined
ലിയാണ്ടര്‍ പേസിന് ശേഷം ടെന്നീസില്‍ ഇന്ത്യക്ക് ഒളിംപിക് മെഡല്‍ കൊണ്ടുവരും എന്ന് കരുതിയ താരങ്ങളിലൊരാളാണ് രോഹന്‍ ബൊപ്പണ്ണ. 2016ലെ റിയോ ഗെയിംസില്‍ സാനിയ മിര്‍സയ്ക്കൊപ്പം മിക്‌സഡ് ഇവന്‍റില്‍ ബൊപ്പണ്ണ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ബൊപ്പണ്ണ പ്രധാനമായും ഡബിള്‍സിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഓസ്‌ട്രേലിയൻ ഓപ്പണ്‍ 2024ല്‍ രോഹന്‍ ബൊപ്പണ്ണയും ഓസ്‌ട്രേലിയൻ താരം മാത്യു എബ്‌ഡനും ചേര്‍ന്ന സഖ്യം പുരുഷ ഡബിൾസ് കിരീടം സ്വന്തമാക്കിയിരുന്നു. ബൊപ്പണ്ണയുടെ കരിയറിലെ ആദ്യ പുരുഷ ഡബിൾസ് ഗ്രാൻഡ്സ്ലാം ടൈറ്റിലായിരുന്നു ഇത്. ഗ്രാൻഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരമായി 43 വയസുകാരനായ രോഹൻ ബൊപ്പണ്ണ ഇതോടെ മാറിയിരുന്നു. ഓസ്‌ട്രേലിയൻ ഓപ്പണിലെ ഡബിള്‍സ് നേട്ടത്തോടെ ഒന്നാം റാങ്കിലേക്ക് ബൊപ്പണ്ണ എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം