നീതിക്ക് വേണ്ടി ഗുസ്തി താരങ്ങൾക്ക് ഗോദയിൽ നിന്നും തെരുവിലിറങ്ങേണ്ടി വന്നുവെന്നും ഇത് കണ്ടുവളരുന്ന അടുത്ത തലമുറ എങ്ങനെ ഗോദയിലെത്തുമെന്നും രാഹുൽ എക്സിൽ കുറിച്ചു.
ദില്ലി: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണനെതിരെ പ്രതിഷേധം കടുപ്പിച്ച ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി. ഹരിയാനയിലെ ബജ്രംഗ് പൂനിയയുടെ വസതിയിലെത്തിയാണ് രാഹുൽ ഗാന്ധി െഎക്യദാർഢ്യം പ്രഖ്യാപിച്ചത്. ബജ്രംങ് പൂനിയയുടെ ജഝറിലെ വസതിയിലെത്തിയ രാഹുൽ താരങ്ങളോടൊപ്പം ഗുസ്തിയിലും ഒരു കൈനോക്കി. നീതിക്ക് വേണ്ടി ഗുസ്തി താരങ്ങൾക്ക് ഗോദയിൽ നിന്നും തെരുവിലിറങ്ങേണ്ടി വന്നുവെന്നും ഇത് കണ്ടുവളരുന്ന അടുത്ത തലമുറ എങ്ങനെ ഗോദയിലെത്തുമെന്നും രാഹുൽ എക്സിൽ കുറിച്ചു. അപ്രതീക്ഷിതമായായിരുന്നു രാഹുൽ ഗാന്ധിയുടെ സന്ദർശനമെന്ന് ബജ്രംങ് പൂനിയ പ്രതികരിച്ചു.
ഗുസ്തി ഫെഡറേഷൻ പുതിയ ഭരണസമിതിയെ സസ്പെൻഡ് ചെയ്ത് കായിക താരങ്ങളുടെ പ്രതിഷേധം തണുപ്പിക്കാനുളള സർക്കാർ നീക്കം പാളുകയാണ്. ബ്രിജ് ഭൂഷന്റെ വിശ്വസ്തർ തന്നെ ഗുസ്തി ഫെഡറേഷൻ തലപ്പത്തെത്തിയതിൽ പിന്നാലെ സാക്ഷി മാലിക്ക് വിരമിക്കൽ പ്രഖ്യാപിച്ചതും ബജ്രങ് പൂനിയും വിരേന്ദറും പത്മശ്രീ തിരികെ നൽകിയതും സർക്കാരിനെ സമ്മർദത്തിലാക്കിയിരുന്നു. ഖേൽ രത്നയും അർജുന അവാർഡും തിരികെ നൽകുമെന്ന വിനേഷ് ഫോഗട്ടിന്റെ പ്രഖ്യാപനം സർക്കാരിനുളള തുടര്‍ പ്രഹരമായി. പ്രധാനമന്ത്രിക്കയച്ച തുറന്ന കത്തിൽ സ്ത്രീ സുരക്ഷയിൽ സർക്കാർ പരാജയപ്പെട്ടുവെന്നായിരുന്നു വിമർശനം.
undefined
read more 'ഖേൽരത്നയും അർജുന അവാർഡും തിരികെ നൽകും'; പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി വിനേഷ് ഫോഗട്ട്
ലൈംഗിതാരോപണം നേരിടുന്ന ബ്രിജ് ഭൂഷനെതിരെ നടപടിയാണ് ഗുസ്തി താരങ്ങളുടെ ആവശ്യം. നീതി ലഭിച്ചില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും താരങ്ങൾ വ്യക്തമാക്കുന്നു. ഫെഡറേഷന് ഭരണസമിതിക്ക് വിലക്കേർപ്പെടുത്തിയെങ്കിലും വിഷയത്തിൽ കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംങ് ഠാക്കൂർ മൗനം തുടരുകയാണ്. സമ്മർദം ശക്തമായതോടെ ഒൌദ്യോഗിക വസതിക്ക് സമീപം ബ്രിജ് ഭൂഷനെ പുകഴ്ത്തി സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്തു. എന്നാൽ കായിക താരങ്ങളുടെ പ്രതിഷേധത്തെ മറികടക്കാനുളള ബിജെപി തന്ത്രം മാത്രമാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന്റേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുളള നാടകമെന്നും പ്രതിപക്ഷം വിമര്‍ശിക്കുന്നു.