അമ്പെയ്ത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ക്വാര്‍ട്ടര്‍ ഫൈനല്‍ താണ്ടിയിട്ടില്ല രാജ്യം.
പാരീസ്: ഒളിംപിക്‌സില്‍ മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയെല്ലാം ഷൂട്ടിങ് റേഞ്ചിലാണ്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് കലാശപ്പോരിന് ഇറങ്ങും. രമിത ജിന്‍ഡാലിനും അര്‍ജുന്‍ ബബുതയ്ക്കുമാണ് ഇന്ന് ഫൈനല്‍. മൂന്നാം ദിനം ഇന്ത്യയുടെ മറ്റ് പ്രധാന മത്സരങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ഇന്ത്യന്‍ പുരുഷ അമ്പെയ്ത്ത് ടീം മെഡല്‍ പ്രതീക്ഷയുമായി ക്വാര്‍ട്ടര്‍ പോരിനിറങ്ങും. വൈകീട്ട് ആറരയ്ക്കാണ് മത്സരം, തരുണ്‍ദീപ് റായി, ധീരജ് ബൊമ്മദേവ്‌റ, പ്രവീണ്‍ ജാദവ്, ഇന്ത്യന്‍ ടീം സജ്ജം.
അമ്പെയ്ത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ക്വാര്‍ട്ടര്‍ ഫൈനല്‍ താണ്ടിയിട്ടില്ല രാജ്യം. ആ ചരിത്രം തിരുത്താനിറങ്ങുകയാണ് ഈ മൂവര്‍ സംഘം. ഹോക്കിയില്‍ ഇന്ത്യ കരുത്തരായ അര്‍ജന്റീനയെ നേരിടും, വൈകീട്ട് നാലേ കാലിനാണ് മത്സരം. അടുത്ത ഘട്ടത്തിലേക്ക് കുതിക്കാന്‍ വിജയം അനിവാര്യം, ന്യൂസിലന്‍ഡിനെതിരായ വിജയവുമായാണ് ഇന്ത്യയുടെ വരവ്. തകര്‍പ്പന്‍ ഫോമില്‍ ഗോള്‍ വലയ്ക്കു മുന്നില്‍ പി ആര്‍ ശ്രീജേഷുണ്ട്. ബാഡ്മിന്റണില്‍ പുരുഷ - വനിത ടീമുകള്‍ക്ക് നിര്‍ണായ പോരാട്ടമാണിന്ന്. പുരുഷ ഡബിള്‍സില്‍ മെഡല്‍ പ്രതീക്ഷയായി സ്വാതിക് - ചിരാഗ് സഖ്യം ഉച്ചയ്ക്ക് പന്ത്രണ്ടിനിറങ്ങും.
undefined
ആദ്യ മത്സരത്തില്‍ ഫ്രഞ്ച് ടീമിനെ തകര്‍ത്ത ഇന്ത്യന്‍ സഖ്യത്തിന് ജര്‍മ്മനിയാണ് എതിരാളി. ആദ്യ മത്സരം കൈവിട്ട ക്രാസ്റ്റോ - പൊന്നപ്പ സഖ്യം ഇന്ന് ജപ്പാന്‍ സഖ്യത്തെ നേരിടും, മത്സരം ഉച്ചയ്ക്ക് പന്ത്രണ്ടേ മുപ്പതിന്. സിംഗിള്‍സില്‍ വിജയതുടര്‍ച്ചയ്ക്കായി ലക്ഷ്യസെന്‍ വൈകീട്ട് 5.30ന് ഇറങ്ങും. ബെല്‍ജിയന്‍ താരമാണ് മറുവശത്ത്. ടേബിള്‍ ടെന്നിസ് മണിക ബത്ര ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ടിറങ്ങും രാത്രി പതിനൊന്നേ മുപ്പതിന്. പ്രീക്വാര്‍ട്ടറില്‍ ഫ്രഞ്ച് താരമാണ് എതിരാളി.
നാല് സ്വര്‍ണവുമായി ജപ്പാനാണ് നിലവില്‍ മെഡല്‍ പട്ടികയില്‍ ഒന്നാമത്. രണ്ട് വെള്ളിയും ഒരു വെങ്കലവുമുണ്ട് ജപ്പാന്. നാല് സ്വര്‍ണം തന്നെയുള്ള ഓസ്‌ട്രേലിയക്ക് ആകെ ആറ് മെഡലുകള്‍. രണ്ടാം സ്ഥാനത്ത്. മൂന്ന് സ്വര്‍ണമടക്കം 12 മെഡലുകളുള്ള അമേരിക്ക മൂന്നാം സ്ഥാനത്തും മൂന്ന് സ്വര്‍ണമുള്‍പ്പെടെ എട്ട് മെഡലുകളുള്ള ഫ്രാന്‍സ് നാലാം സ്ഥാനത്തുമാണ്.