'ഹോക്കിയിലെത്തിയത് ഗ്രേസ്മാര്‍ക്ക് കൊതിച്ച്, ഓടാന്‍ മടി കാരണം ഗോളിയായി'; ഡികെയെ ചിരിപ്പിച്ച് പി ആര്‍ ശ്രീജേഷ്

By Web Team  |  First Published Aug 9, 2024, 4:40 PM IST

ദിനേശ് കാര്‍ത്തിക്കിനോടാണ് ശ്രീജേഷ് താന്‍ ഹോക്കി കരിയര്‍ തുടങ്ങിയ കാലത്തെ കഥകളുടെ കെട്ടഴിച്ചത്


പാരിസ്: ഒളിംപിക്‌സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് തുടര്‍ച്ചയായി രണ്ട് വെങ്കല മെഡലുകളാണ് മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് സമ്മാനിച്ചത്. ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ എന്ന വിശേഷണം ഏറ്റുവാങ്ങുന്ന ശ്രീജേഷ് ഗോളിയായി മാറിയതിന് പിന്നിലെ കഥ രസകരമാണ്. ഒളിംപിക്‌സിന്‍റെ സ്ട്രീമിങ് പങ്കാളികളായ ജിയോ സിനിമയുടെ വീഡിയോയില്‍ ദിനേശ് കാര്‍ത്തിക്കിനോടാണ് ശ്രീജേഷ് താന്‍ ഹോക്കി കരിയര്‍ തുടങ്ങിയ കാലത്തെ കഥകളുടെ കെട്ടഴിച്ചത്. 

'കേരള ടീമിനായി അണ്ടര്‍ 17ലോ 14നോ കളിച്ചാല്‍ പരീക്ഷയില്‍ ഗ്രേസ്‌മാര്‍ക്ക് ലഭിക്കും. ഹോക്കി കളിക്കുക അത്ര എളുപ്പമല്ല എന്ന് നമുക്കറിയാം. കുനിഞ്ഞ് നിന്ന് പന്ത് തട്ടുക എന്നേ സംബന്ധിച്ച് പ്രയാസമായിരുന്നു. മാത്രമല്ല, ഏറെ ഓടുകയും വേണം. എനിക്കാണേല്‍ ഓടാന്‍ ഒട്ടും ഇഷ്‌ടമല്ല. ഞാനല്‍പം തടിയുള്ളയാളായിരുന്നു. എന്നാല്‍ ഗോളിയായാല്‍ പാഡുമണിഞ്ഞ് ഓടാതെ പോസ്റ്റിന്‍റെ ഒരു കോര്‍ണറില്‍ നിന്ന് പന്ത് തട്ടിക്കളഞ്ഞാല്‍ മാത്രം മതിയെന്ന് മനസിലാക്കി. അതിനാല്‍ ഗോളിയായി നില്‍ക്കുകയാണ് ഹോക്കിയില്‍ ഏറ്റവും മികച്ച പൊസിഷന്‍ എന്ന് ഞാന്‍ മനസിലാക്കി. അങ്ങനെ ഗ്രേസ്‌മാര്‍ക്ക് ലഭിക്കാനും ഓടാതെ കളിക്കാനും വേണ്ടിയാണ് ഹോക്കിയില്‍ ഗോളിയാകാന്‍ തീരുമാനിച്ചത്' എന്നാണ് വീഡിയോയില്‍ രസകരമായി പി ആര്‍ ശ്രീജേഷിന്‍റെ വാക്കുകള്‍. 

Latest Videos

undefined

ഗ്രേസ്‌മാര്‍ക്ക് ലഭിക്കാനായാണ് ഹോക്കി കളിച്ചുതുടങ്ങിയത് എങ്കിലും ശ്രീജേഷ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോളിയായി കരിയറില്‍ മാറിയെന്ന് ദിനേശ് കാര്‍ത്തിക് മറുപടിയായി പറയുന്നതും ജിയോ സിനിമയുടെ വീഡിയോയിലുണ്ട്.  

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വെങ്കലം നേടിയപ്പോള്‍ പി ആര്‍ ശ്രീജേഷ് മിന്നിത്തിളങ്ങിയിരുന്നു. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പോരില്‍ സ്പെയ്‌നെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കലം ചൂടിയത്. വെങ്കലപ്പോരില്‍ മാത്രമല്ല, ടൂര്‍ണമെന്‍റിലുടനീളം മിന്നുന്ന പ്രകടനമായിരുന്നു ശ്രീജേഷ് പുറത്തെടുത്തത്. ഒന്നരദശകത്തോളം ഇന്ത്യന്‍ ഹോക്കിയിലെ പോരാട്ടവീര്യത്തിന്‍റെ മറുപേരായി നിലകൊണ്ട 36കാരനായ പി ആര്‍ ശ്രീജേഷ് പാരിസ് ഒളിംപിക്‌സോടെ വിരമിച്ചു. 2016ലെ റിയോ ഒളിംപിക്‌സില്‍ ഇന്ത്യയെ നയിച്ച ശ്രീജേഷ് 2020ലെ ടോക്യോ ഒളിംപിക്‌സിലെ ഇന്ത്യയുടെ വെങ്കല നേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക 

Read more: ശ്രീജേഷ് പരിശീലകനായേക്കും; ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് ഹോക്കി ഇന്ത്യ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!