മൂക്കിന്‍ തുമ്പത്ത് മെഡല്‍ നഷ്‌ടം, ഒപ്പം ഭാഗ്യവും; ഒളിംപിക്‌സില്‍ സംഭവബഹുലം ഇന്ത്യക്ക് മൂന്നാം ദിനം

By Web Team  |  First Published Jul 29, 2024, 10:35 PM IST

മൂന്നാം ദിനം തലനാരിഴയ്ക്കാണ് ഇന്ത്യക്ക് ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് മെഡല്‍ നഷ്‌ടമായത്


പാരിസ്: പാരിസ് ഒളിംപിക്‌സിന്‍റെ മൂന്നാം ദിനം കയ്യകലത്തില്‍ ഇന്ത്യക്ക് മെഡല്‍ നഷ്‌‌ടമാകുന്നതാണ് കണ്ടത്. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ അര്‍ജുന്‍ ബബുത ശക്തമായ പോരാട്ടം കാഴ്‌ചവെച്ച് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു. ഹോക്കിയില്‍ അവസാന നിമിഷ ഗോളില്‍ ഇന്ത്യന്‍ പുരുഷ ടീം രക്ഷപ്പെട്ടപ്പോള്‍ അമ്പെയ്‌ത്തില്‍ നിരാശയായി ഫലം. 

മെഡലില്ലെങ്കിലും വീറോടെ ബബുത 

Latest Videos

undefined

മൂന്നാം ദിനം തലനാരിഴയ്ക്കാണ് ഇന്ത്യക്ക് ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് മെഡല്‍ നഷ്‌ടമായത്. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ അര്‍ജുന്‍ ബബുത ഐതിഹാസിക പോരാട്ടം കാഴ്‌ചവെച്ച് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചൈനീസ്, സ്വീഡിഷ്, ക്രൊയേഷ്യന്‍ താരങ്ങളോട് വാശിയേറിയ പോരാട്ടം കാഴ്‌ചവെച്ചാണ് ബബുത കീഴടങ്ങിയത്. മികച്ച തുടക്കവുമായി അര്‍ജുന്‍ ബബുത ഒരുവേള രണ്ടാംസ്ഥാനത്ത് നിലയുറപ്പിച്ച് ഇന്ത്യക്ക് ഉറച്ച മെഡല്‍ പ്രതീക്ഷ സമ്മാനിച്ചിരുന്നു. എന്നാല്‍ 13-ാം ഷോട്ടിലെ നേരിയ പാളിച്ച ബബുതയ്ക്ക് തിരിച്ചടിയായി. ഈയിനത്തില്‍ 252.2 പോയിന്‍റുമായി ഒളിംപിക്സ് റെക്കോര്‍ഡോടെ ചൈനീസ് താരം ഷെങ് ലിയോഹോയ്ക്കാണ് സ്വര്‍ണം.

ബാഡ്‌മിന്‍റണില്‍ ഭാഗ്യം

ബാഡ്‌മിന്‍റണില്‍ പുരുഷന്‍മാരുടെ ഡബിള്‍സില്‍ ചരിത്രമെഴുതി സ്വാതിക്-ചിരാഗ് സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചതാണ് മൂന്നാം ദിനത്തെ സവിശേഷതകളിലൊന്ന്. ഒളിംപിക്സ് ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ടീം എന്ന നേട്ടം സ്വാതിക്‌സായ്‌രാജും ചിരാഗ് ഷെട്ടിയും സ്വന്തമാക്കി. മാര്‍വര്‍-മാര്‍ക് ജര്‍മന്‍ സഖ്യം പരിക്കേറ്റ് പുറത്തായത് സ്വാതിക്കിനും ചിരാഗിനും തുണയായി. ഇന്തോനേഷ്യന്‍ താരങ്ങള്‍ തോറ്റതും ഇന്ത്യന്‍ ടീമിന് ക്വാര്‍ട്ടര്‍ പ്രവേശനത്തിന് വഴിതെളിച്ചു. 

അമ്പെയ്‌ത്തില്‍ നിരാശ

അതേസമയം പുരുഷ അമ്പെയ്‌ത്തില്‍ ടീം ഇനത്തില്‍ ഇന്ത്യ പുറത്തായി. ക്വാര്‍ട്ടറില്‍ തുര്‍ക്കിയോടായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ പരാജയം. 

ഹര്‍മന്‍പ്രീതിന് നന്ദി

പുരുഷ ഹോക്കിയില്‍ ഇന്ത്യ-അര്‍ജന്‍റീന പൂള്‍ ബി മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചു. അവസാന വിസിലിന് തൊട്ടുമുമ്പ് പെനാല്‍റ്റി കോര്‍ണറിന്‍റെ മൂന്നാം റീ-ടേക്കില്‍ നിന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് നേടിയ ഗോളിലാണ് ഇന്ത്യ സമനില എത്തിപ്പിടിച്ചത്. കളിയിലുടനീളം അർജന്‍റീന പ്രതിരോധം ഇന്ത്യക്ക് കടുപ്പമായി. നേരത്തെ രണ്ടാം ക്വാര്‍ട്ടറിലെ 22-ാം മിനുറ്റില്‍ ലൂക്കാസ് മാര്‍ട്ടിനസിന്‍റെ ഫീല്‍ഡ് ഗോളിലൂടെ അര്‍ജന്‍റീന ലീഡ് നേടിയിരുന്നു. 2004ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ-അര്‍ജന്‍റീന പുരുഷ ഹോക്കി പോരാട്ടം സമനിലയില്‍ അവസാനിക്കുന്നത്. ആറ് ടീമുകള്‍ വീതമുള്ള രണ്ട് പൂളുകളായാണ് ഹോക്കി മത്സരങ്ങള്‍ പുരോഗമിക്കുന്നത്. ഒരു പൂളില്‍ നിന്ന് മികച്ച നാല് ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുക. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്‍റുള്ള ഇന്ത്യ നിലവില്‍ മൂന്നാമതുണ്ട്. 

Read more: ഷൂട്ടിംഗില്‍ ഹൃദയഭേദകം; ഐതിഹാസിക പോരാട്ടം കാഴ്‌ചവെച്ച് അര്‍ജുന്‍ ബബുതയ്ക്ക് മടക്കം, നാലാം സ്ഥാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!