വീണ്ടും അഭിമാനമാകാന്‍ മനു ഭാകര്‍, ഹോക്കിയിൽ ജീവന്‍മരണ പോരാട്ടം; ഒളിംപിക്‌സില്‍ നാലാം ദിനം വാനോളം പ്രതീക്ഷകള്‍

By Web Team  |  First Published Jul 30, 2024, 7:43 AM IST

ഒരുപക്ഷേ ചരിത്രം കുറിച്ചേക്കാവുന്നൊരു പോരാട്ടമാകും ഇന്ന് പാരിസിലെ ഷൂട്ടിംഗ് റേഞ്ചില്‍ നടക്കുക


പാരിസ്: പാരിസ് ഒളിംപിക്‌സിന്‍റെ നാലാം ദിനം ഇന്ത്യക്ക് വാനോളം പ്രതീക്ഷകള്‍. ഷൂട്ടിംഗ് റേഞ്ചിൽ മെഡല്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങുക. ഹോക്കിയിൽ ക്വാർട്ടറുറപ്പിക്കാൻ ഇന്ത്യന്‍ പുരുഷ ടീം ഇന്ന് അയർലൻഡിനെ നേരിടുന്നതും പ്രധാന മത്സരമാണ്. 

ഒരുപക്ഷേ ചരിത്രം കുറിച്ചേക്കാവുന്നൊരു പോരാട്ടമാകും ഇന്ന് പാരിസിലെ ഷൂട്ടിംഗ് റേഞ്ചില്‍ നടക്കുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് 10 മീറ്റ‍‌‌‌‍‍‍‌ർ എയർ പിസ്റ്റല്‍ മിക്സ്ഡ് ടീമിനത്തില്‍ കൊറിയയെ ഇന്ത്യ നേരിടും. ഇന്ത്യക്കായി മനു ഭാക്കറും സരഭ്ജോദ് സിങുമാണ് ഇറങ്ങുന്നത്. ഒളിംപിക്സ് ചരിത്രത്തിൽ ഒരു ഗെയിംസില്‍ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മനു ഭാകർ മാറുമോ എന്ന് ഉറ്റുനോക്കുകയാണ് രാജ്യം. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ മനു ഭാകര്‍ വെങ്കലം നേടിയിരുന്നു.

Latest Videos

undefined

ഹോക്കിയിൽ വൈകിട്ട് 4.45ന് ആരംഭിക്കുന്ന ഇന്ത്യ-അയർലൻഡ് മത്സരമാണ് നാലാം ദിനത്തെ മറ്റൊരു ആകര്‍ഷണം. കരുത്തരായ ന്യൂസിലൻഡിനെ തകർത്തും അർജന്‍റീനയെ സമനിലയിൽ തളച്ചുമാണ് ഇന്ത്യ മൂന്നാമങ്കത്തിന് ഇറങ്ങുന്നത്. അമ്പെയ്ത്തിൽ ഇന്ത്യയുടെ പുരുഷ, വനിതാ താരങ്ങൾക്ക് ഇന്ന് വ്യക്തിഗത മത്സരങ്ങളുണ്ട്. വൈകിട്ട് അഞ്ചിന് നടക്കുന്ന വനിതാ അമ്പെയ്ത്തിൽ അങ്കിത ഭഗത് പോളണ്ട് താരത്തെയും ഭജൻ കൗ‍ർ ഇന്തോനേഷ്യൻ താരത്തെയും നേരിടും. രാത്രി 9.15ന് പുരുഷ അമ്പെയ്ത്തിൽ ധീരജ് ബൊമ്മദേവ്റയുടെ മത്സരം തുടങ്ങും.

ബാഡ്‌മിന്‍റണിൽ ക്വാർട്ടറുറപ്പിച്ച സ്വാതിക്-ചിരാഗ് സഖ്യം ഇന്തോനേഷ്യന്‍ ജോഡിയെ നേരിടും. ഗെയിംസില്‍ നിന്ന് ഏറെക്കുറെ പുറത്തായ ക്രാസ്റ്റോ - അശ്വിനി സഖ്യത്തിന് വൈകിട്ട് അഞ്ചരയ്ക്ക് ഓസ്ട്രേലിയയാണ് എതിരാളികൾ. ഇടിക്കൂട്ടിൽ മൂന്ന് മത്സരം ഇന്ത്യന്‍ ടീമിനുണ്ട്. 51 കിലോ പുരുഷ ബോക്സിംഗ് പ്രീക്വാർട്ടറിൽ അമിത് ഇറങ്ങും. രാത്രി ഏഴിന് സാംബിയ താരമാണ് എതിരാളി. വനിതകളുടെ 57 കിലോവിഭാഗത്തിൽ ഫിലിപ്പൈൻസ് താരമാണ് ജെയ്സ്മിന് എതിരാളി. മത്സരം രാത്രി ഒൻപതിനാണ് തുടങ്ങുക. പാരിസിലെ നാലാം ദിനം ഇന്ത്യക്ക് ശുഭദിനമാകുമെന്ന് പ്രതീക്ഷിക്കാം. 

Read more: പ്രാർത്ഥനയോടെ ഉറ്റുനോക്കി രാജ്യം; പ്രതീക്ഷയോടെ രണ്ടാം മെഡൽ വെടിവെച്ചിടാൻ മനു ഭാകർ, വെങ്കലപ്പോര് ഇന്ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!