യുദ്ധവും ദുരിതവുമേറെ കണ്ടവര്‍ക്ക് രണ്ടാം ലോക മഹായുദ്ധത്തിന്റെ സ്മരണകള്‍ പേറുന്ന നോര്‍മണ്ടിയിലായിരുന്നു സ്വീകരണം.
പാരീസ്: പാരീസ് ഒളിംപിക്‌സില്‍ പങ്കെടുക്കാനുളള അഭയാര്‍ത്ഥി കായികസംഘം ഫ്രാന്‍സിലെത്തി. പതിനഞ്ചു രാജ്യങ്ങളില്‍ നിന്നുളള 37 താരങ്ങളാണ് ഇത്തവണ ഒളിംപിക്‌സില്‍ മാറ്റുരയ്ക്കുന്നത്. സ്വന്തമെന്ന് കരുതിയതെല്ലാം വിട്ടെറിഞ്ഞ് പലായനം ചെയ്യേണ്ടി വന്നവര്‍, ജീവന്‍ കയ്യില്‍ പിടിച്ചുളള ഓട്ടത്തിനിടയില്‍ ചെന്നെത്തിയിടത്ത് അഭയാര്‍ത്ഥികളായവര്‍, അങ്ങനെ ലോകത്തെവിടെയെല്ലാമോ ആയി ചിതറി പോയ പത്തുകോടി മനുഷ്യരുടെ സ്വപ്നങ്ങളുമായി അവര്‍ പാരീസിലെത്തി. ഒളിംപിക് അസോസിയേഷന്റെ അഭയാര്‍ത്ഥി കായിക സംഘമായി.
യുദ്ധവും ദുരിതവുമേറെ കണ്ടവര്‍ക്ക് രണ്ടാം ലോക മഹായുദ്ധത്തിന്റെ സ്മരണകള്‍ പേറുന്ന നോര്‍മണ്ടിയിലായിരുന്നു സ്വീകരണം. ബയോവ്, കാന്‍ പട്ടണങ്ങള്‍ കണ്ടു മടക്കം. പിന്നീട് ഒളിംപിക് വില്ലേജിലേക്ക്, അഭയം നല്‍കിയ രാജ്യത്തിന്റെയോ സ്വയം തെരഞ്ഞെടുക്കുന്ന കേന്ദ്രങ്ങളിലോ അവസാനഘട്ട പരിശീലനം. പന്ത്രണ്ട് ഇനങ്ങളിലായി മത്സരം. റിയോയിലും ടോക്യോവിലും അണിനിരന്നിതിനേക്കാള്‍ അഭയാര്‍ത്ഥി താരങ്ങളുണ്ട് ഇത്തവണ പാരീസില്‍. ദിവസങ്ങള്‍പ്പുറം പുതിയ വേഗവും ഉയരവും തേടി ലോകം പാരീസില്‍ ചുരുങ്ങും. എല്ലാ മനുഷ്യനെയും ചേര്‍ത്തു പിടിച്ചെന്ന അഭിമാനത്തോടെ.