പാരീസ് ഒളിംപിക്സില്‍ വെങ്കലം നേടിയ മത്സരത്തിന് ശേഷം ഏഷ്യനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു മലയാളി താരം.
പാരീസ്: ഇതിലും വലിയ യാത്രയയപ്പ് കിട്ടാനില്ലെന്ന് ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പര്‍ പി ആര് ശ്രീജേഷ്. പാരീസ് ഒളിംപിക്സില്‍ വെങ്കലം നേടിയ മത്സരത്തിന് ശേഷം ഏഷ്യനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു മലയാളി താരം. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പോരില്‍ സ്പെയ്നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. ശ്രീജേഷിന്റെ മിന്നുന്ന സേവുകള്‍ മത്സരത്തില്‍ നിര്‍ണായകമായി. അവസാന നിമിഷം ഗോളെന്നുറച്ച പെനാല്‍റ്റി കോര്‍ണര്‍ ശ്രീജേഷ് അവിശ്വസനീമായി രക്ഷപ്പെടുത്തിയിരുന്നു.
മത്സരശേഷം ശ്രീജേഷ് പറഞ്ഞതിങ്ങനെ... ''ഇതിലും വലിയ യാത്രയയപ്പ് കിട്ടാനില്ല. ചരിത്രത്തിന്റെ ഭാഗമായതില്‍ ഏറെ അഭിമാനം. ട്രെയിനില്‍ സെക്കന്‍ഡ് ക്ലാസ്സില്‍ ബാത്ത്റൂമിനു അടുത്തിരുന്നു തുടങ്ങിയ യാത്രയാണിത്. ഇപ്പോള്‍ ബിസിനസ് ക്ലാസ്സില്‍ നാട്ടിലേക്ക് മടങ്ങാനുള്ള അവസരം. നിങ്ങള്‍ക്ക് വേണ്ടിയാണ് ജയമെന്ന് ടീമില്‍ എല്ലാവരും പറഞ്ഞു. ഇതിലും കൂടുതല്‍ ആഗ്രഹിക്കാനില്ല. ആദ്യം വീട്ടില്‍ പോയി എല്ലാവരെയും കാണണം. ഉഷയുടെയും അഞ്ജുവിന്റെയും പ്രശംസയ്ക്ക് നന്ദി. അവരെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഹോക്കിയെ കുറിച്ചുള്ള മറ്റ് കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും.'' ശ്രീജേഷ് പറഞ്ഞു.
undefined
മത്സരത്തില്‍ ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. മാര്‍ക്ക് മിറാലസിന്റെ വകയായിരുന്നു സ്പെയ്നിന്റെ ഗോള്‍. പാരീസ് ഒളിംപിക്സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യ ക്വാര്‍ട്ടറില്‍ ഗോളൊന്നും പിറന്നിരുന്നില്ല. എന്നാല്‍ ഇന്ത്യക്ക് സുവര്‍ണാവസരം ലഭിക്കുകയുണ്ടായി. സുഖ്ജീത് സിംഗിന് അവസരം മുതലാക്കാന്‍ സാധിച്ചില്ല. സ്പെയ്നിന്റെ ഒരു ഗോള്‍ ശ്രമം ശ്രീജേഷ് രക്ഷപ്പെടുത്തുകയും ചെയ്തു. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ സ്പെയ്ന്‍ ഗോള്‍ നേടി. 18-ാം മിനിറ്റില്‍ പെനാല്‍റ്റ് സ്ട്രോക്കിലൂടെയായിരുന്നു മിറാലസിന്റെ ഗോള്‍.
മലയാളത്തില്‍ പറഞ്ഞാല്‍ ശ്രീജേഷ് പുലി! ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ക്ക് അഭിനന്ദനമറിയിച്ച് പി ടി ഉഷ
പിന്നാലെ രണ്ട് പെനാല്‍റ്റി കോര്‍ണര്‍ സ്പെയ്നിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 28-ാം മിനിറ്റില്‍ സ്പെയ്നിന്റെ മറ്റൊരു ശ്രമം പോസ്റ്റില്‍ തട്ടിത്തെറിച്ചു. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കാനിരിക്കെ ഇന്ത്യ സമനില ഗോള്‍ കണ്ടെത്തി. ഹര്‍മന്‍പ്രീത് മനോഹരമായി സ്പാനിഷ് വലയില്‍ പന്തെത്തിച്ചു. മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ രണ്ടാം ഗോളും നേടി. ഇത്തവണയും ഹര്‍മന്‍പ്രീത് തുണയായി. മൂന്നാം ക്വാര്‍ട്ടര്‍ ഇതേ നിലയില്‍ തന്നെ അവസാനിച്ചു. നാലാം ക്വാര്‍ട്ടറില്‍ സ്പെയ്ന്‍ വര്‍ധിത വീര്യത്തോടെ തിരിച്ചടിക്കാന്‍ തുടങ്ങി. പലപ്പോഴും ഗോളിനടുത്ത് വരെ എത്തിയെങ്കിലും ശ്രീജേഷിനെ മറികടക്കാന്‍ സാധിച്ചില്ല.