ഏഷ്യന്‍ ഗെയിംസില്‍ സന്തോഷ ഞായര്‍; ഗോള്‍ഫില്‍ ചരിത്ര വെള്ളിയുമായി അദിതി അശോക്! ഷൂട്ടിംഗില്‍ മെഡല്‍വേട്ട

By Web Team  |  First Published Oct 1, 2023, 10:52 AM IST

ഷൂട്ടിംഗില്‍ പൃഥ്വിരാജ്, കൈനന്‍ ചെനായ്, സോറാവര്‍ സിംഗ് സന്ധു എന്നിവരുടെ ട്രാപ് ടീം സ്വര്‍ണം നേടി 


ഹാങ്ഝൗ: ചൈനയിലെ ഹാങ്ഝൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് സന്തോഷ ഞായര്‍. ഗോള്‍ഫില്‍ ഇന്ത്യയുടെ അദിതി അശോക് ചരിത്ര വെള്ളി സ്വന്തമാക്കി. വനിതാ ഗോള്‍ഫില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ ഏഷ്യന്‍ ഗെയിംസ് മെഡലാണിത്. അതേസമയം ഷൂട്ടിംഗില്‍ ഇന്ത്യ ഇന്ന് സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി. 

ലീഡുമായി മുന്നേറുകയായിരുന്ന അദിതി അശോക് അവസാന ദിനം സമ്മര്‍ദത്തില്‍ പെട്ടതോടെയാണ് മെഡല്‍ വെള്ളിയില്‍ ഒതുങ്ങിയത്. ഈയിനത്തില്‍ തായ്‌പേയ് താരം യുബോല്‍ അര്‍പിചാര്യ സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ അദിതി അശോക് രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ഷൂട്ടിംഗില്‍ ഇന്ത്യന്‍ വനിതാ ട്രാപ് ടീം വെള്ളി കരസ്ഥമാക്കി. രാജേശ്വരി കുമാരി, മനീഷ കീര്‍, പ്രീതി രജക് എന്നീ മൂവര്‍ സംഘം 337 പോയിന്‍റുമായാണ് ഗെയിംസില്‍ വെള്ളിയണിഞ്ഞത്. ഈയിനത്തില്‍ 351 പോയിന്‍റുകളുമായി ചൈനീസ് സംഘത്തിനാണ് സ്വര്‍ണം. പുരുഷന്‍മാരുടെ വിഭാഗത്തില്‍ ഇന്ത്യന്‍ ട്രാപ് ടീം 361 പോയിന്‍റുകളുമായി ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം ചൂടി. പൃഥ്വിരാജ്, കൈനന്‍ ചെനായ്, സോറാവര്‍ സിംഗ് സന്ധു എന്നിവരാണ് ഉന്നം പരീക്ഷിച്ചത്. 

Latest Videos

undefined

മലയാളി പ്രതീക്ഷകള്‍

ഏഷ്യൻ ഗെയിംസിൽ ഇന്ന് നാല് മലയാളികൾ സ്വര്‍ണ മെഡൽ പോരാട്ടത്തിനിറങ്ങും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങുന്ന
ബാഡ്‌മിന്‍റണ്‍ പുരുഷ ടീം ഫൈനലിൽ ചൈനക്കെതിരെ ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ രണ്ട് മലയാളികളുണ്ട്. എച്ച് എസ് പ്രണോയിയും അര്‍ജുനുമാണ് സ്വര്‍ണ പ്രതീക്ഷയുമായി ഇറങ്ങുന്ന മലയാളികള്‍. കൊറിയക്കെതിരായ സെമി വിജയത്തിൽ നിര്‍ണായകമായ പങ്കായിരുന്നു എച്ച് എസ് പ്രണോയിയുടേത്. 4.40ന് തുടങ്ങുന്ന ലോംഗ്‌ജംപ് ഫൈനലിൽ പാലക്കാട്ടുകാരനായ എം ശ്രീശങ്കര്‍ ഇറങ്ങും. ഇന്ത്യയുടെ തന്നെ ജസ്വിൻ ആൾഡ്രിനും ഈ ഇനത്തിൽ മത്സരിക്കുന്നുണ്ട്.

വൈകിട്ട് ആറിന് തുടങ്ങുന്ന 1500 മീറ്ററിൽ മത്സരിക്കുന്ന ജിൻസൻ ജോണ്‍സനാണ് സ്വര്‍ണം തേടി ഇന്നിറങ്ങുന്ന നാലാമത്തെ മലയാളി. ഗെയിംസില്‍ നിലവിലെ ചാമ്പ്യനാണ് ജിൻസൻ ജോണ്‍സൻ.

Read more: അവന്‍ ഈ തലമുറയിലെ ഏറ്റവും മികച്ച ക്രിക്കറ്ററാവും; ഇന്ത്യന്‍ യുവ താരത്തെ പ്രശംസിച്ച് യുവ്‌രാജ് സിംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!