ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: പാകിസ്ഥാനെ ഗോളില്‍ മുക്കി ഇന്ത്യ സെമിയില്‍; ഹര്‍മന്‍പ്രീതിന് ‍ഡബിള്‍

By Web Team  |  First Published Aug 9, 2023, 10:24 PM IST

പാകിസ്ഥാനെതിരായ ജയത്തോടെ അഞ്ച് കളികളില്‍ നാല് ജയം സ്വന്തമാക്കിയാണ് ഇന്ത്യ 13 പോയിന്‍റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്തിയത്


ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പാകിസ്ഥാനെ തൂത്തെറിഞ്ഞ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയില്‍. ചെന്നൈയില്‍ നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ്(4-0) അയല്‍ക്കാരെ ഇന്ത്യ വീഴ്‌ത്തിയത്. തോല്‍വിയോടെ പാകിസ്ഥാന്‍ സെമി കാണാതെ പുറത്തായി. 

മേയര്‍ രാധാകൃഷ്‌ണ സ്റ്റേഡിയത്തില്‍ മത്സരം തുടങ്ങി ആദ്യപകുതിയില്‍ തന്നെ ഇന്ത്യ രണ്ട് ഗോളിന് ലീഡെടുത്തിരുന്നു. ആദ്യ ക്വാര്‍ട്ടറിന്‍റെ 15-ാം മിനുറ്റില്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് ഇന്ത്യക്ക് ആദ്യ ഗോള്‍ നല്‍കി. രണ്ടാം ക്വാര്‍ട്ടറില്‍ 24-ാം മിനുറ്റില്‍ ഹര്‍മന്‍ രണ്ടാം തവണയും വലകുലുക്കി. ഈ ഗോളും പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു. മൂന്നാം ക്വാര്‍ട്ടറില്‍ 36-ാം മിനുറ്റില്‍ ജുഗ്‌രാജ് സിംഗ് ഗോള്‍നില 3-0 ആക്കി. പെനാല്‍റ്റി കോര്‍ണറിലൂടെയാണ് ഇത്തവണയും വല ചലിച്ചത്. നാലാം ക്വാര്‍ട്ടറില്‍ 55-ാം മിനുറ്റില്‍ ആകാശ്‌ദീപ് സിംഗിലൂടെ ഇന്ത്യ 4-0ന്‍റെ സമ്പൂര്‍ണ മേധാവിത്വം പാകിസ്ഥാനെതിരെ നേടുകയായിരുന്നു. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ് അവസാന ക്വാര്‍ട്ടറില്‍ കളത്തിലെത്തി. 

Latest Videos

undefined

പാകിസ്ഥാനെതിരായ ജയത്തോടെ അഞ്ച് കളികളില്‍ ഇന്ത്യ 13 പോയിന്‍റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് സെമിയിലെത്തിയത്. റൗണ്ട്-റോബിനില്‍ നാല് ജയവും ഒരു സമനിലയും നേടാന്‍ ഇന്ത്യക്കായി. അതേസമയം ചൈനക്കെതിരെ മാത്രമാണ് ടൂര്‍ണമെന്‍റില്‍ പാകിസ്ഥാന് ജയിക്കാനായത്. പാകിസ്ഥാന്‍ അഞ്ചാം സ്ഥാനക്കാരായാണ് ഗ്രൂപ്പില്‍ ഫിനിഷ് ചെയ്‌തത്. 

ഇന്ത്യന്‍ സ്റ്റാര്‍ട്ടിംഗ് ഇലവന്‍

ഹര്‍മന്‍പ്രീത് സിംഗ്(ക്യാപ്റ്റന്‍), കൃഷന്‍ ബഹദൂര്‍ പഥക്(ഗോളി), വരുണ്‍ കുമാര്‍, ജാര്‍മന്‍പ്രീത് സിംഗ്, മന്‍പ്രീത് സിംഗ്, ഹാര്‍ദിക് സിംഗ്, മന്ദീപ് സിംഗ്, സുമിത്, ഷാംഷെര്‍ സിംഗ്, ആകാശ്‌ദീപ് സിംഗ്, സുഖ്‌ജീത്ത് സിംഗ്. 

Read more: ഏഷ്യാ കപ്പ്: ഇന്ത്യയെ വെല്ലുവിളിക്കാന്‍ ഒരുമുഴം മുമ്പേ ടീം പ്രഖ്യാപിച്ച് പാകിസ്ഥാന്‍; സര്‍പ്രൈസുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

click me!