നീതിയില്ലെങ്കിൽ മെഡലെന്തിന്? കായിക താരങ്ങൾക്ക് പിന്തുണയുമായി പ്രമുഖ‍ര്‍

By Web Team  |  First Published May 30, 2023, 8:13 PM IST

രാജ്യത്തെ ഹീറോയാണ് താരങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാഴ്ത്തിയവരാണ് ഇന്ന് സമരം ചെയ്യുന്നത്. ബിജെപി സർക്കാരിന്‍റെ നിലപാട് മനസിലാകുന്നില്ലെന്നും തരൂര്‍ പ്രതികരിച്ചു.


ദില്ലി : നീതി നിഷേധത്തിനെതിരെ  പ്രതിഷേധിക്കുന്ന കായിക താരങ്ങൾക്ക് പിന്തുണയുമായി പ്രമുഖർ. അനിൽ കുംബ്ലൈ, സാനിയ മിര്‍സ, കപിൽ ദേവ്, നീരജ് ചോപ്ര, അടക്കമുള്ള കായികതാരങ്ങളും ശശി തരൂര്‍, അരവിന്ദ് കെജരിവാൾ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും കായിക താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തി.

മോദിയുടെ അഹങ്കാരം കൊണ്ടാണ് രാജ്യത്തിന്‍റെ പെണ്‍കുട്ടികള്‍ തോറ്റതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ചരിത്രത്തില്‍ ഇതുവരെ ഒരു വനിത ഗുസ്തി താരത്തിന് മാത്രമാണ് ഒളിംപിക്സില്‍ മെഡല്‍ നേടാനായിട്ടുള്ളു. അത് സാക്ഷി മാലിക്കിനാണ്. ആ പെൺകുട്ടിയടക്കമാണ് ലൈംഗികാതിക്രമ കേസിലെ പ്രതി ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. ലജ്ജാകരമായ സംഭവമാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.  

Latest Videos

undefined

മെഡലുകൾ ഗംഗയിലൊഴുക്കില്ല, താൽക്കാലികമായി പിൻവാങ്ങി ഗുസ്തി താരങ്ങൾ; അനുനയിപ്പിച്ചത് കര്‍ഷക നേതാക്കൾ

രാജ്യത്തിന്‍റെ യശ്ശസ്സ് ഉയര്‍ത്തിയ ഗുസ്തി താരങ്ങള്‍ മെഡലുകൾ ഗംഗയിലൊഴുക്കുമെന്ന് പ്രഖ്യാപിക്കേണ്ടി വരുന്നത് അതീവ ദുഖകരമെന്ന് ശശി തരൂര്‍ എംപിയും പ്രതികരിച്ചു. രാജ്യത്തെ ഹീറോയാണ് താരങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാഴ്ത്തിയവരാണ് ഇന്ന് സമരം ചെയ്യുന്നത്. ബിജെപി സർക്കാരിന്‍റെ നിലപാട് മനസിലാകുന്നില്ലെന്നും തരൂര്‍ പ്രതികരിച്ചു. സത്യത്തെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് മഹിള കോണ്‍ഗ്രസും പ്രതികരിച്ചു. താരങ്ങളുടേത് മെഡലുകള്‍ മാത്രമല്ല രാജ്യത്തിന് ലഭിച്ച ആദരമാണ്. നാണം കെട്ട സർക്കാരിന്‍റെ തെറ്റായ നടപടി കൊണ്ട് രാജ്യത്തിന്‍റെ മെഡലുകള്‍ നദിയില്‍ ഒഴുക്കരുതെന്നും മഹിള കോണ്‍ഗ്രസ് അധ്യക്ഷ നെറ്റ ഡിസൂസ പ്രതികരിച്ചു. രാജ്യം ഞെട്ടലിലാണ്. പ്രധാനമന്ത്രി അഹകാരം വെടിയണമെന്നും ഗുസ്തിതാരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രതികരിച്ചു.


 

click me!