''കൊല്ലത്ത് ദുർബല സ്ഥാനാർത്ഥി വരണമെന്നത് പ്രേമചന്ദ്രന്‍റെ താത്പര്യമാണ്. ആരുമറിയാത്ത സ്ഥാനാർത്ഥിയെ നിർത്തണമെന്നത് തീരുമാനിച്ചത് പ്രേമചന്ദ്രനാണ്. അത് ബിജെപിയിലെ പൊട്ടിത്തെറിയിലൂടെ വ്യക്തമാവുകയും ചെയ്തു'', സിപിഎം സംസ്ഥാനസമിതി അംഗം കെ വരദരാജൻ ന്യൂസ് അവറിൽ.
തിരുവനന്തപുരം: കൊല്ലത്തെ ബിജെപി വോട്ടുകൾ സ്വന്തം പെട്ടിയിലേക്ക് മറിക്കുക മാത്രമല്ല, സ്ഥാനാർത്ഥി നിർണയത്തിൽപ്പോലും യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രന് പങ്കുണ്ടെന്ന് സിപിഎം സംസ്ഥാനസമിതി അംഗം കെ വരദരാജൻ. കൊല്ലത്തെ ബിജെപി നേതൃത്വത്തിലുള്ള പൊട്ടിത്തെറി ഇതിനുള്ള തെളിവാണെന്നും വരദരാജൻ ന്യൂസ് അവറിൽ പറഞ്ഞു. ഒരു ഇടവേളയ്ക്ക് ശേഷം, വോട്ടെടുപ്പിന് തൊട്ടുമുമ്പ് പ്രേമചന്ദ്രൻ മോദിയുടെ സ്വന്തം ആളാണെന്നും ബിജെപി അനുകൂലിയാണെന്നുമുള്ള ആരോപണം വീണ്ടും കടുപ്പിക്കുകയാണ് സിപിഎം.
'ദുർബലനായ സ്ഥാനാർത്ഥിയുടെ വോട്ട് തനിക്ക് കിട്ടും എന്ന് പ്രേമചന്ദ്രൻ പറയുന്നതിലൂടെ മണ്ഡലത്തിൽ ബിജെപിയുടെ ദുർബലനായ സ്ഥാനാർത്ഥി വരുന്നതാണ് തനിക്ക് സൗകര്യമെന്ന് പ്രേമചന്ദ്രൻ പറയുകയാണ്. ഇത് അവർ തമ്മിലുള്ള ഒത്തുകളിയാണെന്ന് വ്യക്തമല്ലേ?', വരദരാജൻ ചോദിക്കുന്നു.
undefined
'പ്രധാനമന്ത്രിയുടെ പ്രചാരണം തുടങ്ങിയത് ഇപ്പോഴല്ലല്ലോ, കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ എത്തിക്കാൻ കഷ്ടപ്പെട്ടത് പ്രേമചന്ദ്രനല്ലേ? കൊല്ലത്ത് വീടുവീടാന്തരം പ്രേമചന്ദ്രൻ വിതരണം ചെയ്ത ലഘുലേഖകളിലൊന്നിൽപ്പോലും ബിജെപിക്കെതിരായ പരാമർശമില്ല. ഇത് തെളിയിക്കുന്നത് പ്രേമചന്ദ്രനും ബിജെപിയും തമ്മിലുള്ള അവിശുദ്ധബന്ധമല്ലേ?', എന്ന് വരദരാജൻ.
യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് പിഎസ്‍സി ചെയർമാനായിരുന്ന, വീക്ഷണം പത്രത്തിന്‍റെ പത്രാധിപരായിരുന്ന കെ എസ് രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥിയായില്ലേ എന്ന് വരദരാജൻ പരിഹസിച്ചു. എന്നാൽ നിങ്ങളുടെ എംഎൽഎ സ്ഥാനാർത്ഥിയായിരുന്ന കണ്ണന്താനം ഇപ്പോൾ എൻഡിഎ സർക്കാരിൽ കേന്ദ്രമന്ത്രിയല്ലേ എന്ന അവതാരകൻ പി ജി സുരേഷ് കുമാറിന്‍റെ ചോദ്യത്തിന് കൃത്യമായ മറുപടി വരദരാജനുണ്ടായിരുന്നുമില്ല. കണ്ണന്താനം പോയതിനെ ന്യായീകരിക്കുന്നില്ലെന്നും, അതിന് കോൺഗ്രസിനെ കുറ്റം പറയുകയല്ല സിപിഎം ചെയ്യുന്നതെന്നുമായിരുന്നു വരദരാജന്‍റെ വിശദീകരണം.