45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മാ നിരക്ക്; റിപ്പോര്‍ട്ട് പൂഴ്ത്തി കേന്ദ്രസര്‍ക്കാര്‍

By Web Team  |  First Published Jan 31, 2019, 4:15 PM IST

കഴിഞ്ഞ മാസം ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ടാണിത്. ഇതുവരെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് കമ്മീഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങൾ രാജിവച്ചു.


ദില്ലി: രാജ്യത്ത് രൂക്ഷമായ തൊഴില്ലായ്മയാണ് നിലനിൽക്കുന്നതെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന്‍റെ റിപ്പോർട്ട്. തൊഴിലില്ലായ്മ കഴിഞ്ഞ 45 വർഷത്തെ ഏറ്റവും വലിയ നിരക്കിലാണെന്ന് കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസം തയ്യാറാക്കിയ റിപ്പോർട്ട് പ്രസിദ്ധീകരിക്കാതെ പൂഴ്ത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇതിൽ പ്രതിഷേധിച്ച് കമ്മീഷനിലെ രണ്ടംഗങ്ങൾ രാജി വച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.

ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ റിപ്പോർട്ടനുസരിച്ച് 6.1 ശതമാനമാണ് തൊഴിലില്ലായ്മാ നിരക്ക്. കഴിഞ്ഞ 45 വർഷവും ഇത്രയും രൂക്ഷമായ തൊഴില്ലായ്മാ നിരക്ക് രാജ്യത്തുണ്ടായിട്ടില്ല. 2016 നവംബറിൽ നരേന്ദ്രമോദി സർക്കാർ നോട്ട് നിരോധനം നടപ്പാക്കിയ ശേഷം തൊഴിൽ മേഖലയെക്കുറിച്ച് ഒരു സർക്കാർ ഏജൻസി ആദ്യമായാണ് പഠനം നടത്തുന്നത്. ആ റിപ്പോർട്ടാണ് കേന്ദ്രസർക്കാർ പൂഴ്ത്തിവച്ചിരിക്കുന്നത്. ഇതുവരെയും റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ കേന്ദ്രധനമന്ത്രാലയം തയ്യാറായിട്ടില്ല.

Latest Videos

undefined

മുൻ വർഷങ്ങളെ അപേക്ഷിച്ച് യുവാക്കൾക്കിടയിലുള്ള തൊഴിലില്ലായ്മാനിരക്ക് വളരെ ഉയർന്ന നിരക്കിലാണെന്നാണ് പഠനം പറയുന്നത്. ഗ്രാമീണമേഖലയിലുള്ള യുവാക്കളുടെ (പ്രായം 15-29) തൊഴിലില്ലായ്മ 17.4 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. 2011-12-ൽ ഇത് അഞ്ച് ശതമാനം മാത്രമായിരുന്നു. ഗ്രാമീണമേഖലയിലുള്ള സ്ത്രീകൾക്കിടയിലുള്ള തൊഴിലില്ലായ്മ (പ്രായം 15-29) 13.6 ശതമാനമായി ഉയർന്നു. 2011-12 കാലയളവിൽ ഇത് 4.8 ശതമാനം മാത്രമായിരുന്നു. 

നഗരമേഖലകളിലാകട്ടെ കണക്ക് ഭീകരമാണ്. യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് 18.7 ശതമാനമാണ്. സ്ത്രീകളുടേത് 27.2 ശതമാനവും. മികച്ച വിദ്യാഭ്യാസമുണ്ടായിട്ടും തൊഴിലില്ലാത്ത യുവാക്കൾ 2004-05 കാലം വച്ചു നോക്കിയാൽ 2016-17-ൽ വളരെക്കൂടുതലാണ്. ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസമുള്ള 17.3 ശതമാനം സ്ത്രീകൾക്കും തൊഴിലില്ല. 2004-05-ൽ ഇത് 9.7 ശതമാനമായിരുന്നു. ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസമുള്ള 10.5 ശതമാനം പുരുഷൻമാർക്കും തൊഴിലില്ല. 2004-05 കാലത്ത് ഇത് 3.5 മാത്രമായിരുന്നു.

ഇതിന് മുമ്പ് രണ്ടാം യുപിഎ സർക്കാരിന്‍റെ കാലത്ത് 2.2% തൊഴിലില്ലായ്മാ നിരക്ക് രേഖപ്പെടുത്തിയിരുന്നു. ഇതായിരുന്നു ഏറ്റവുമുയർന്ന നിരക്ക്. 

 

click me!