ലോകത്ത് ഏറ്റവും അപകടകരമായ വിമാന ലാന്‍റിംഗ്

By Web Desk  |  First Published Oct 9, 2017, 8:28 AM IST

ബര്‍ലിന്‍:  എമിറേറ്റ്‌സിന്റെ എയര്‍ബസ് എ380 എന്ന ഇരുനില യാത്രാവിമാനം ലാന്‍റ്  ചെയ്യുന്ന വീഡിയോ ട്രെന്‍റിംഗ് ആകുന്നു. ലോകത്ത് ഇന്നോളം ഇല്ലത്ത രീതിയില്‍ അഞ്ഞൂറോളം യാത്രക്കാരുമായി കാറ്റില്‍ ഉലഞ്ഞുകൊണ്ട് റണ്‍വേയിലിറങ്ങുന്ന ദൃശ്യങ്ങള്‍ ലക്ഷക്കണക്കിന് പേരാണ് ഇതിനകം സോഷ്യല്‍ മീഡിയയില്‍ കണ്ടു കഴിഞ്ഞത്.

വിമാനത്തിന്‍റെ പൈലറ്റിന്‍റെ കാര്യശേഷിയാണ് വലിയ അപകടത്തില്‍ നിന്നും ഈ യാത്രാവിമാനത്തെ രക്ഷിച്ചത്. ദുബൈയില്‍ നിന്നും ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫിലേക്ക് വന്ന വിമാനമാണ് ലാൻഡിങ്ങിന് തൊട്ടുമുൻപ് കനത്ത കാറ്റില്‍ പെട്ടുലഞ്ഞുപോയത്. മാര്‍ട്ടിന്‍ ബോഗ്ഡന്‍ എന്നയാള്‍ യൂട്യൂബിലിട്ട വിഡിയോ ഇതിനകം തന്നെ 69 ലക്ഷത്തിലധികം തവണ കണ്ടു കഴിഞ്ഞു. 

Latest Videos

undefined

വിമാന ഫൊട്ടോഗ്രഫി പ്രേമിയായ മാര്‍ട്ടിന്‍ നേരത്തെയും നിരവധി വിമാനങ്ങളുടെ പറന്നുയരുന്നതിന്റേയും പറന്നിറങ്ങുന്നതിന്റേയും ദൃശ്യങ്ങളെടുത്തിട്ടുണ്ടെങ്കിലും ഇത്തവണ അപൂര്‍വ്വമായ ദൃശ്യമാണ് ലഭിച്ചത്.  തുടക്കത്തില്‍ സാധാരണ കാറ്റില്‍ പെട്ടതുപോലെയാണ് തോന്നിച്ചതെങ്കിലും പിന്നീട് നിലമാറിയെന്ന് മാര്‍ട്ടിന്‍ വിഡിയോയുടെ വിവരണത്തില്‍ കുറിക്കുന്നു.

 ഇത്രവലിയ വിമാനം അത്യന്തം അപകടകരമായ രീതിയില്‍ ആടിയുലഞ്ഞ് പറന്നിറങ്ങുന്നത് ആദ്യമായാണ് കാണുന്നതെന്നും അദ്ദേഹം പറയുന്നു. റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറാതിരിക്കാന്‍ കഴിവിന്റെ പരമാവധി പൈലറ്റിന് ഉപയോഗിക്കേണ്ടി വന്നുവെന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ യൂറോപ്പില്‍ നിന്നു മാത്രം ആയിരക്കണക്കിന് വിമാനത്താവളങ്ങളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ള വ്യക്തിയാണ് മാര്‍ട്ടിന്‍.  

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ലാൻഡിങ്ങിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് എമിറേറ്റ്‌സ് വക്താവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരുഘട്ടത്തിലും യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും എമിറേറ്റ്‌സ് വക്താവ് പറയുന്നു. വിമാനങ്ങള്‍ പറന്നിറങ്ങുമ്പോള്‍ അനുഭവിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ക്രോസ് വിന്‍ഡ്. ഈ സംഭവത്തിലും വില്ലനായത് ക്രോസ് വിന്‍ഡ് തന്നെയായിരുന്നു.  


 

click me!