മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെയേ അവർ നിങ്ങളോട് പെരുമാറുകയുള്ളൂ എന്നും പ്രീതി സിന്റ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ദില്ലി; ബോളിവുഡ് നടി പ്രീതി സിന്റ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖം വിവാദത്തിലേക്ക്. മീടൂ വിഷയത്തിൽ നടി പ്രകടിപ്പിച്ച അഭിപ്രായമാണ് സമൂഹമാധ്യമങ്ങളിൽ വിവാദത്തിന് വഴി തെളിച്ചിരിക്കുന്നത്. മീടൂവിനെ സ്ത്രീകൾ വ്യക്തിവൈരാഗ്യം തീർക്കാനും പബ്ലിസിറ്റിയ്ക്ക് വേണ്ടിയും ഉപയോഗിക്കുന്നുവെന്നായിരുന്നു പ്രീതിി സിന്റയുടെ അഭിപ്രായ പ്രകടനം. സ്കൂൾ പഠനകാലത്ത് തന്നെ ലിംഗസമത്വത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവത്ക്കരണം നടത്തണമെന്നും പ്രീതി സിന്റ അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. അങ്ങനെയെങ്കിൽ മാത്രമേ എനിക്ക് നിങ്ങളോട് മറുപടി പറയാൻ സാധിക്കൂ. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു എന്നായിരുന്നു താരത്തിന്റെ മറുപടി. മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെയേ അവർ നിങ്ങളോട് പെരുമാറുകയുള്ളൂ എന്നും പ്രീതി സിന്റ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
എന്നാൽ താൻ നൽകിയ അഭിമുഖം എഡിറ്റ് ചെയ്ത് വളച്ചൊടിച്ച് പ്രസിദ്ധീകരിക്കുകയാണ് ചെയ്തതെന്ന് പ്രീതി സിന്റ ആരോപിക്കുന്നു. മാധ്യമപ്രവർത്തകരിൽ നിന്നും കുറച്ചു കൂടി മാന്യതയും പക്വതയും പ്രതീക്ഷിച്ചിരുന്നതായും പ്രീതി പ്രതികരിച്ചു. ഇരുപത്തഞ്ച് അഭിമുഖങ്ങളാണ് അന്ന് നൽകിയതെന്നും അവർ വെളിപ്പെടുത്തി. ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു പ്രീതി സിന്റയുടെ പ്രതികരണം. സമൂഹമാധ്യമങ്ങളിൽ പ്രീതിക്കെതിരെ വൻ പ്രതിഷേധങ്ങളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്.