ഉത്സവ ദിനങ്ങള്‍; മസ്കറ്റ് ഫെസ്റ്റിവല്‍ ഇന്ന് മുതല്‍

By Web Desk  |  First Published Jan 18, 2018, 12:17 AM IST

മസ്‌കറ്റ്: ഒമാനിലെ ദേശീയോത്സവമായ മസ്കറ്റ് ഫെസ്റ്റിവല്‍ ഇന്ന് മുതല്‍. 24 ദിവസം നീണ്ടുനില്‍ക്കുന്ന മേള ഫെബ്രുവരി പത്തിന് അവസാനിക്കും. ഒമാനി പരമ്പരാഗത കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് ആയിരിക്കും മസ്കറ്റ് നഗരസഭ ഈ വര്‍ഷവും കൂടുതല്‍ പ്രാധാന്യം നല്‍കുക. മുന്‍ വര്‍ഷങ്ങളെ പോലെ വളരെ വ്യത്യസ്തതയാര്‍ന്ന മേളയ്ക്കാണ് മസ്കറ്റ് നഗരസഭ ഈ വര്‍ഷവും ഒരുങ്ങിയിരിക്കുന്നത്.

അമിറാത് പാര്‍ക്ക്, റുമൈസിലെ നസിം ഗാര്‍ഡന്‍ എന്നീ രണ്ട് പ്രധാന വേദികള്‍ ഉള്‍പ്പടെ ആറ് വേദികളിലായിട്ടാണ് മേള നടക്കുക. ഒമാനി സംസ്കാരവും പൈതൃകവുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങളാകും അമിറാത്ത്​ പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ, വാണിജ്യ പ്രദര്‍ശനം, സാംസ്കാരിക പരിപാടികള്‍, ഇലക്ട്രോണിക് ഗെയിമുകള്‍ തുടങ്ങിയവയും അമിറാത്ത് പാര്‍ക്കില്‍ ഉണ്ടാകും.

Latest Videos

വ്യോമയാന പ്രദര്‍ശനം, കുട്ടികളുടെ ഗ്രാമം, അമ്യൂസ്മെന്‍റ് റൈഡുകള്‍, കുട്ടികളുടെ തിയറ്റര്‍, അക്രോബാറ്റിക് പ്രകടനങ്ങള്‍, മാജിക് ഷോ, തുടങ്ങിയവ റുമൈസിലെ നസിം ഗാര്‍ഡനിലാണ്. എല്ലാ ദിവസവും കരിമരുന്ന് പ്രയോഗം രണ്ട് കേന്ദ്രങ്ങളിലും നടക്കും. മേളയുടെ ഭാഗമായി മസ്കറ്റ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം ജനുവരി 26ന് ആരംഭിക്കും. ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖര്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കും. 

click me!