ഇക്വഡോറിൽ പതിനായിരത്തോളം കുറ്റവാളികളെ പാർപ്പിച്ച ജയിലിൽ തമ്മിലടിച്ച് തടവുകാർ. 15 തടവുകാർക്ക് ദാരുണാന്ത്യം നിരവധിപ്പേർക്ക് പരിക്ക്
ക്വിറ്റോ: ഇക്വഡോറിലെ കുപ്രസിദ്ധമായ ജയിലിൽ തമ്മിലടിച്ച് തടവുകാർ. കൊല്ലപ്പെട്ടത് 15പേർ, 14 പേർക്ക് ഗുരുതര പരിക്ക്. തടവുകാർ തമ്മിലുള്ള വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് ഇക്വഡോറിലെ ഏറ്റവും വലുതും ഏറ്റവും അപകടകരമായതെന്നും വിശേഷിക്കപ്പെട്ട ലിറ്റോറൽ പെനിറ്റൻഷ്യറി ജയിലിലെ കൊലപാതകങ്ങളേക്കുറിച്ച് പുറത്ത് വരുന്ന വിവരം. 2021ൽ ഇവിടെ തടവുകാർക്കിടയിലുണ്ടായ കലാപത്തിൽ 119 പേരാണ് കൊല്ലപ്പെട്ടത്.
രാജ്യത്തെ ജയിലുകളിലെ പ്രതിസന്ധി കൂടുതൽ വിശദമാക്കുന്നതാണ് നിലവിലെ അക്രമം. ജനുവരി മാസത്തിൽ ഇക്വഡോറിലെ ഏഴ് ജയിലുകളിലായി 150ഓളം ജയിൽ ജീവനക്കാരെ തടവുകാരാക്കുന്ന സാഹചര്യമുണ്ടായിരുന്നു. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ലിറ്റോറൽ പെനിറ്റൻഷ്യറി ജയിലിന് മുകളിലൂടെ ഹെലികോപ്ടർ തലങ്ങും വിലങ്ങും പറക്കുകയും തടവുകാരുടെ ബന്ധുക്കൾ ജയിലിന് പുറത്ത് നിലവിളിക്കുന്നതുമായ കാഴ്ചയാണ് ഗ്വായാക്വിലിലുള്ളത്.
undefined
ക്രമസമാധാന പാലനത്തിൽ ഇക്വഡോർ പ്രസിഡന്റ് ഡാനിയൽ നോബോയ്ക്ക് വലിയ തലവേദനയാവുകയാണ് ജയിലിനുള്ളിലെ പുതിയ അക്രമ സംഭവമെന്നാണ് അന്തർ ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവും കുപ്രസിദ്ധമാണ് ഇക്വഡോറിലെ ജയിലുകൾ. പരമാവധി ശേഷിയിലും അധികം ആളുകളാണ് ഇവിടെ കഴിയുന്നത്. അധികാരികൾക്ക് നിയന്ത്രണം സാധ്യമാകാത്ത രീതിയിൽ ലഹരി കാർട്ടലുകൾ ജയിലിൽ നിന്ന് രാജ്യത്തെ ലഹരിമരുന്ന് വിതരണം നിയന്ത്രിക്കുന്നതും ഇവിടുത്തെ പതിവ് കാഴ്ചയാണ്. തടവുകാരിൽ ഏറിയ പങ്കിനും തോക്കുകൾ അടക്കമുള്ള മാരക ആയുധങ്ങൾ ജയിലിനുള്ളിൽ സുലഭമാണ്.
ലിറ്റോറൽ പെനിറ്റൻഷ്യറി ജയിലിൽ നിലവിലെ പരമാവധി ശേഷിയുടെ ഇരട്ടിയിലേറെ തടവുകാരാണ് ഉള്ളത്. പതിനായിരത്തോളം തടവുകാരാണ് ഇവിടെയുള്ളത്. 2001 മുതൽ ജയിലിനുള്ളിലുണ്ടായ അക്രമങ്ങളിൽ 400 ലേറെ തടവുകാർ കൊല്ലപ്പെട്ടതായാണ് ലഭ്യമാകുന്ന കണക്കുകൾ. രാജ്യം മുഴുവൻ വ്യാപിക്കുന്ന അക്രമത്തിന്റെ പ്രത്യക്ഷമായ സൂചനയാണ് ജയിലിനുള്ളിൽ അക്രമ സംഭവങ്ങൾ വർധിക്കുന്നതെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം