സിപിഎമ്മിന് പാര്‍ട്ടി എന്ന നിലയ്ക്ക് ഉത്തരവാദിത്തമുള്ള ഒരു കൊലപാതകമാണ് കാസര്‍കോട്ടെ ഇരട്ടക്കൊലപാതകം. സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നുണ്ടെന്ന് എം എന്‍ കാരശ്ശേരി
തിരുവനന്തപുരം: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നവെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ എം എന്‍ കാരശ്ശേരി. കൊലപ്പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും സിബിഐ അന്വേഷണം വേണം എന്ന് പറയുമ്പോള്‍ എന്ത് പ്രശ്നമാണ് സിപിഎമ്മിനും സര്‍ക്കാരിനും ഉള്ളതെന്ന് കാരശ്ശേരി ചോദിച്ചു. സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നുണ്ടെന്നും എം എന്‍ കാരശ്ശേരി ന്യൂസ് അവറിൽ പറഞ്ഞു.
സിപിഎമ്മിന് പാര്‍ട്ടി എന്ന നിലയ്ക്ക് ഉത്തരവാദിത്തമുള്ള ഒരു കൊലപാതകമാണ് കാസര്‍കോട്ടെ ഇരട്ടക്കൊലപാതകം. കുടുംബവും സുഹൃത്തുക്കളും സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുമ്പോള്‍ സിപിഎമ്മും സര്‍ക്കാറും സിബിഐ അന്വേഷണം വേണ്ടെന്ന് എന്തുകൊണ്ടാണ് പറയുന്നത്. സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നുണ്ട് എന്ന് വ്യക്തമാണെന്നും എം എന്‍ കാരശ്ശേരി പറഞ്ഞു.
അഭയാ കേസില്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സിബിഐ അന്വേഷണത്തെ തുടര്‍ന്നാണ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. ചേകന്നൂർ മൗലവിക്കേസിൽ സിബിഐ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ലോക്കല്‍ പൊലീസ് അന്വേഷിക്കുന്ന അഭിമന്യു കൊലക്കേസിലെ ഏഴ് പ്രതികള്‍ ഇപ്പോള്‍ എവിടെയാണെന്ന് പോലും ആര്‍ക്കും അറിയില്ലെന്നും എം എന്‍ കാരശ്ശേരി ആരോപിച്ചു. പൊലീസിന്‍റെ ജാഗ്രത കുറവാണ് കാസര്‍കോട് ഇരട്ടക്കൊല നടന്നത്. അതുകൊണ്ട് തന്നെ ഇരയുടെ ആളുകള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ ആ ആവശ്യത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്നും എം എന്‍ കാരശ്ശേരി പറഞ്ഞു.