ഒരു മുഴം മുന്നേയുള്ള 'രാജി സന്നദ്ധത' ഏറ്റു, സുരേന്ദ്രൻ തുടരുമെന്ന് കേന്ദ്രം; പിന്നാലെ മുരളിധരന് 'കുത്ത്'

By Web Team  |  First Published Nov 25, 2024, 2:49 PM IST

സംസ്ഥാന ബിജെപിയിലെ പോരിൽ വി മുരളീധരനുമായുള്ള അകൽച്ച സൂചിപ്പിച്ചായിരുന്നു സുരേന്ദ്രന്റെ ഇന്നത്തെ പ്രതികരണം. 


തിരുവനന്തപുരം : വി. മുരളീധരനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കത്തിനെതിരെ ഒരു മുഴം മുമ്പെറിഞ്ഞുള്ള രാജി സന്നദ്ധത കെ സുരേന്ദ്രന് തൽക്കാലം തുണയാകുന്നു.

വ്യാപക വിമർശനങ്ങൾക്കിടെയും കെ സുരേന്ദ്രൻ രാജിവെക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പാലക്കാട് തോൽവിയിൽ അധ്യക്ഷന്റെ രാജിക്കായുള്ള മുറവിളിക്കിടെയാണ് കേരളത്തിൻറെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ സുരേന്ദ്രൻ മാറില്ലെന്ന് വ്യക്തമാക്കുന്നത്. ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇപ്പോഴത്തെ  പ്രശ്നം പരിഹരിക്കുമെന്ന് കരുതുന്നുവെന്നുമായിരുന്നു ജവദേക്കറിന്റെ ട്വീറ്റ്.  

Latest Videos

undefined

പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്തം തനിക്ക് തന്നെ, നിൽക്കണോ പോണോ എന്ന് കേന്ദ്രം തീരുമാനിക്കുമെന്നും സുരേന്ദ്രൻ

സുരേന്ദ്രനെ മാറ്റി, വി. മുരളീധരനെ അധ്യക്ഷനാക്കാനുള്ള നീക്കത്തിലാണ് മുതിര്‍ന്ന നേതാവ് പി. കെ കൃഷ്ണദാസ്. പിന്നാലെ സംസ്ഥാന ബിജെപിയിലെ പോരിൽ വി മുരളീധരനുമായുള്ള അകൽച്ച സൂചിപ്പിച്ചായിരുന്നു സുരേന്ദ്രന്റെ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിലെ പ്രതികരണം.

മുമ്പ് വി. മുരളീധരൻ സംസ്ഥാന പ്രസിഡണ്ടായിരിക്കെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ തോൽവിയിൽ ആരും മുരളീധരന്റെ രാജിയാവശ്യപ്പെട്ടിരുന്നില്ലെന്നായിരുന്നു കുത്ത്. അന്ന് പിറവത്ത് ബിജെപിക്ക് കിട്ടിയ 2000 വോട്ടുകളുടെ എണ്ണം പറഞ്ഞുള്ള സുരേന്ദ്രന്റെ മറുപടി, മുരളീധരനെ അധ്യക്ഷനാക്കാനുള്ള നീക്കങ്ങൾക്കെതിരെ കൂടിയാണെന്നാണ് വിലയിരുത്തൽ. 

മുരളിക്ക് വീണ്ടും അവസരം വേണമെന്ന നിലപാടിലാണ് പി.കെ കൃഷ്ണദാസ്. കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് മാറിയ മുരളീധരൻ അധ്യക്ഷപദം ആഗ്രഹിക്കുന്നുമുണ്ട്. പോര് കൂടുതൽ കടുത്താൽ സുരേന്ദ്രന് ഇപ്പോഴുള്ള ദില്ലി പിന്തുണ മാറാം. സംഘടനാ തെരഞ്ഞെടുപ്പ് തുടങ്ങാനിരിക്കെ വരും ദിവസത്തെ നീക്കങ്ങളും നിർണ്ണായകമാണ്. സംഘടനാ തെര‍ഞ്ഞെടുപ്പിൻറെ അജണ്ട വെച്ചാണ് നാളത്തെ നേതൃയോഗമെങ്കിലും പാലക്കാട്ടെ തോൽവിയും ചർച്ചയാകും. 

click me!