'വാട്‌സാപ്പില്‍ രണ്ട് നീല ടിക് മാര്‍ക്കും ഒരു ചുവപ്പുമുണ്ടോ; ഉടന്‍ അറസ്റ്റ് ചെയ്യും'; വൈറല്‍ മെസേജ് സത്യമോ?

By Web TeamFirst Published Nov 10, 2019, 3:43 PM IST
Highlights

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു സന്ദേശമാണ് ആളുകളില്‍ ആശങ്ക സൃഷ്‌ടിച്ചിരിക്കുന്നത്. ഉപയോക്‌താക്കളുടെ വാട്‌സാപ്പ് വിവരങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നതായും അത് തിരിച്ചറിയാന്‍ കഴിയുമെന്നുമാണ് ഈ വൈറല്‍ മെസേജ് വ്യക്തമാക്കുന്നത്.

ദില്ലി: ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരുടെ വാട്‌സാപ്പ് വിവരങ്ങള്‍ ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്നിട്ട് അധികദിവസമായിട്ടില്ല. ഇസ്രയേല്‍ കേന്ദ്രമായ എന്‍എസ്ഒ എന്ന സ്ഥാപനമാണ് ഈ ഹാക്കിംഗിന് പിന്നില്‍ എന്ന് വെളിച്ചത്തായിരുന്നു. പെഗാസസ് വിഷയത്തിലെ വിവാദം കെട്ടടങ്ങും മുന്‍പ് മറ്റൊരു ഹാക്കിംഗ് ഭീതിയിലാണ് വാട്‌സാപ്പ് ഉപയോക്താക്കള്‍.

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു സന്ദേശമാണ് ആളുകളില്‍ ആശങ്ക സൃഷ്‌ടിച്ചിരിക്കുന്നത്. ഉപയോക്‌താക്കളുടെ വാട്‌സാപ്പ് വിവരങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നതായും അത് തിരിച്ചറിയാന്‍ കഴിയുമെന്നുമാണ് ഈ വൈറല്‍ മെസേജ് വ്യക്തമാക്കുന്നത്.

Latest Videos

ആളുകളെ കുഴക്കിയ മെസേജ് ഇങ്ങനെ

  • നിങ്ങള്‍ അയക്കുന്ന മെസേജുകള്‍ക്ക് താഴെയായി മൂന്ന് നീല ടിക് മാര്‍ക്കുകള്‍ കാണുന്നുണ്ടെങ്കില്‍ നിങ്ങളുടെ മെസേജ് സര്‍ക്കാര്‍ നിരീക്ഷണത്തിലാണ്, എന്നാല്‍ പ്രശ്‌നങ്ങളൊന്നുമില്ല
  • രണ്ട് നീലവരകളും ഒരു ചുവപ്പ് വരയുമാണെങ്കില്‍ അയച്ച മെസേജില്‍ പ്രശ്‌നമുണ്ട്. നിങ്ങളെ ഉടന്‍ അറസ്റ്റ് ചെയ്യും.

അതിനാല്‍, വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ശ്രദ്ധിക്കുക. അന്താരാഷ്‌ട്ര മാധ്യമമായ ബിസിസിയുടെ ഒരു ലിങ്ക് സഹിതമാണ് ഈ മെസേജ് ഷെയര്‍ ചെയ്യപ്പെടുന്നത്. 

വൈറല്‍ മെസേജ് സത്യമോ?

ഇതാദ്യമായല്ല ഈ മെസേജ് വാട്‌സാപ്പില്‍ കറങ്ങുന്നത്. 2015ലും 2018ലുമൊക്കെ സമാനമായ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ മെസേജ് വ്യാജമാണെന്നും ഇതുമായി ബന്ധമില്ലെന്നും വാട്‌സാപ്പ് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മെസേജുകള്‍ അയക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന വരകളില്‍ ചുവപ്പ് ടിക് ഉള്ളതായി വാട്‌സാപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല, വാട്‌സാപ്പിലെ വിവിധ ഫീച്ചറുകളെ കുറിച്ച് വെബ്‌സൈറ്റില്‍ വിശദമായ വിവരങ്ങള്‍ നല്‍കിയിരിക്കുന്നതില്‍ രണ്ട് നീല വരകളെ കുറിച്ച് വരെ മാത്രമെ പരാമര്‍ശമുള്ളൂ. 

  • മെസേജ് അയക്കപ്പെട്ടതായാണ് ഒരു ടിക് മാര്‍ക്ക് സൂചിപ്പിക്കുന്നത് 
  • രണ്ട് വരകള്‍ സ്വീകര്‍ത്താവിന്‍റെ ഫോണില്‍ മെസേജ് എത്തിയെന്ന് വ്യക്തമാക്കുന്നു
  • രണ്ട് നീല ടിക് മാര്‍ക്കുകള്‍ കാണുന്നുണ്ടെങ്കില്‍ മെസേജ് സ്വീകര്‍ത്താവ് വായിച്ചെന്നാണ്  സൂചന  

വൈറല്‍ മെസേജിനൊപ്പം നല്‍കിയിരിക്കുന്ന ബിബിസി വാര്‍ത്തയുടെ ലിങ്കിന് സന്ദേശവുമായി ബന്ധമൊന്നുമില്ല എന്നതാണ് വസ്‌തുത. വാട്‌സാപ്പില്‍ പെഗാസസ് ആക്രമണം നടന്നു എന്ന ബിസിസിയുടെ റിപ്പോര്‍ട്ടാണ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുക. ആ വാര്‍ത്തയില്‍ ഒരിടത്തും മൂന്ന് നീല ടിക് മാര്‍ക്കുകളെയോ ചുവപ്പ് വരയെയോ കുറച്ച് പറയുന്നില്ല. വാട്‌സാപ്പില്‍ പ്രചരിക്കുന്ന മെസേജ് വസ്തുതാവിരുദ്ധമാണെന്ന് ബിസിസി വ്യക്തമാക്കിയിട്ടുണ്ട്. വസ്‌തുതാ നിരീക്ഷണ വെബ്‌സൈറ്റായ ബുംലൈവാണ് ഈ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. 

click me!