മോർച്ചറി നടത്തിപ്പുകാർക്കെതിരെ പൊലീസ് കേസെടുത്തു. കൊട്ടാരക്കര താലൂക്ക് ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന ലയൺസ് ക്ലബിന്റെ ഉടമസ്ഥതയിലുള്ള മോർച്ചറിയിലാണ് സംഭവം.
കൊല്ലം: കൊട്ടാരക്കരയിൽ ലയൺസ് ക്ലബിന്റെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം മാറി സംസ്കരിച്ചു. എഴുകോൺ സ്വദേശിനി തങ്കമ്മ പണിക്കരുടെ മൃതദേഹമാണ് ആളുമാറി മറവ് ചെയ്തത്. മോർച്ചറി നടത്തിപ്പുകാർക്കെതിരെ പൊലീസ് കേസെടുത്തു.
കൊട്ടാരക്കര താലൂക്ക് ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന ലയൺസ് ക്ലബിന്റെ ഉടമസ്ഥതയിലുള്ള മോർച്ചറിയിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച്ചയാണ് തങ്കമ്മ പണിക്കരുടെ മൃതദേഹം മോർച്ചറിയിൽ എത്തിച്ചത്. കൊട്ടാരക്കര കലയപുരത്ത് പ്രവർത്തിക്കുന്ന അനാഥ മന്ദിരത്തിലെ അന്തേവാസിയായ ചെല്ലപ്പന്റെ മൃതദേഹവും ഇവിടെ സൂക്ഷിച്ചിരുന്നു. ചെല്ലപ്പന്റെ മൃതദേഹത്തിന് പകരം തങ്കമ്മ പണിക്കരുടെ മൃതദേഹം മാറി നൽകി. തങ്കമ്മ പണിക്കരുടെ മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കൾ എത്തിയപ്പോഴാണ് മൃതദേഹം മാറിയത് അറിഞ്ഞത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം മാറി സംസ്കരിച്ചതായി കണ്ടെത്തി. കൊല്ലം കോർപ്പറേഷന്റെ കീഴിലുള്ള പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ച മൃതദേഹം തിരിച്ചെടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. മോർച്ചറി പൂട്ടിച്ച പൊലീസ്, നടത്തിപ്പുകാർക്കെതിരെ കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ മോർച്ചറി അടിച്ചു തകർത്തു.