ചൈത്ര തെരേസ ജോണിനെതിരെ നടപടി വേണമെന്ന് ആവർത്തിച്ച് സിപിഎം

By Web Team  |  First Published Jan 30, 2019, 11:26 AM IST

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്‍ഡ് ദുരുദ്ദേശപരം ആയിരുന്നെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ബിജെപി ഓഫീസിൽ പ്രതികൾ ഒളിച്ചിരിക്കുന്നു എന്ന ആരോപണം വന്നപ്പോൾ എന്തുകൊണ്ട് റെയ്‍ഡ് നടത്തിയില്ല? പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ശ്രമമാണ് എസ്‍പി നടത്തിയതെന്നും കോടിയേരി പറഞ്ഞു. 


തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് അർദ്ധരാത്രി റെയ്‍ഡ് ചെയ്ത ചൈത്ര തെരേസ ജോണിനെതിരെ നടപടി വേണമെന്ന് ആവർത്തിച്ച് സിപിഎം. ചൈത്രക്കെതിരെ കർശന നടപടി വേണമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടു. ഏത് ഓഫീസറാണെങ്കിലും സർക്കാരിന് മുകളിൽ പറക്കാൻ അനുവദിക്കില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവർത്തിച്ചു.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്‍ഡ് ദുരുദ്ദേശപരം ആയിരുന്നെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ബിജെപി ഓഫീസിൽ പ്രതികൾ ഒളിച്ചിരിക്കുന്നു എന്ന ആരോപണം വന്നപ്പോൾ എന്തുകൊണ്ട് റെയ്‍ഡ് നടത്തിയില്ലെന്ന്  കോടിയേരി ചോദിച്ചു.  ചൈത്ര തെരേസ ജോൺ തൽക്കാലത്തേക്ക് ഡിസിപിയുടെ ചാർജിൽ വന്ന ഓഫീസറാണ്. അവർ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതികളായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥയല്ല. നിയമപരമായി അർഹതയില്ലാത്ത കാര്യമാണ് ചൈത്ര തെരേസ ജോൺ ചെയ്തത്. നടപടി നിയമാനുസൃതമായിരുന്നെങ്കിൽ ഓഫീസിൽ നിന്നും പ്രതികളെ പിടിക്കാൻ കഴിയണമായിരുന്നു. എന്നാൽ ഒരു പ്രതിയെപ്പോലും പിടിക്കാൻ എസ്‍പിക്ക് ആയിട്ടില്ല. അതേസമയം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ഗൂഢാലോചന നടത്തിയാണ് ചൈത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്‍ഡ് ചെയ്തതെന്ന് പാർട്ടിക്ക് അഭിപ്രായമില്ല. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ശ്രമമാണ് എസ്‍പി നടത്തിയതെന്നും കോടിയേരി പറഞ്ഞു. 

Latest Videos

undefined

ചൈത്രയെ കുറിച്ചുള്ള ഡിജിപിയുടെ റിപ്പോർട്ട് തനിക്കറിയില്ലെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു. ചൈത്രക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല. റെയ്‍ഡിന് മുമ്പ് സിപിഎം നേതാക്കൾ ചൈത്രയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം ആനാവൂർ നാഗപ്പൻ നിഷേധിച്ചു. സിപിഎം നേതാക്കളാരും ചൈത്ര തെരേസ ജോണിനെ വിളിച്ചിട്ടില്ല. ധൈര്യമുണ്ടെങ്കിൽ തന്‍റെ കോൾ ലിസ്റ്റ് എസ്‍പി പുറത്തു വിടട്ടെയെന്നും ആനാവൂര്‍ നാഗപ്പൻ പറഞ്ഞു.

click me!