സ്വിഗ്ഗിക്ക് പിന്നാലെ സൊമാറ്റോയും; ഭക്ഷണ ഓർഡറുകൾക്ക് പ്ലാറ്റ് ഫോം ഫീസ് നൽകണം

By Web Team  |  First Published Aug 7, 2023, 7:23 PM IST

സ്വിഗ്ഗി ഏതാനും മാസങ്ങൾക്ക് മുമ്പ് എല്ലാ ഭക്ഷണ ഓർഡറുകൾക്കും പ്ലാറ്റ്‌ഫോം ഫീസ് 2 രൂപ ഈടാക്കാൻ തുടങ്ങിയിരുന്നു. തുടക്കത്തിൽ തെരഞ്ഞെടുത്ത ഉപയോക്താക്കളിൽ നിന്നുമാത്രമായി ഈടാക്കി പിന്നീട് മുഴുവൻ ഉപഭോക്താക്കളിൽ നിന്നും പ്ലറ്റ് ഫീസ് ഈടാക്കുകയാണ് ലക്ഷ്യം


പ്ലാറ്റ്ഫോം ഫീസ് അവതരിപ്പിച്ച് സൊമാറ്റോ.  ഫുഡ്‌ടെക് ഭീമനായ സൊമാറ്റോ ഒരു ഓർഡറിന് 2 രൂപയാണ് പ്ലാറ്റ്‌ഫോം ഫീസായി  പ്രഖ്യാപിച്ചത്. തുടക്കത്തിൽ തെരഞ്ഞെടുത്ത ഉപഭോക്താക്കിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പ്ലാറ്റ് ഫോം ഫീസ് നടപ്പിലാക്കുന്നത്.  ഇത് ഒരു ചെറിയ ഫീസാണെന്നും, ഈ അധിക നിരക്കുകൾ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് നൽകിയിരിക്കുന്നതെന്നും, സൊമാറ്റോ വക്താവ് മണികൺട്രോളിനോട് പറഞ്ഞു.

ലോയൽറ്റി പ്രോഗ്രാമായ സൊമാറ്റോ ഗോൾഡിന്റെ ഉപയോക്താക്കളിൽ നിന്നുമാണ് നിലവിൽ ഫീസ് ഈടാക്കുന്നതെങ്കിലും , ഏതൊക്കെ വിപണികളിലാണ് ഈ ഫീസ് നിലവിലുള്ളതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗി ഏതാനും മാസങ്ങൾക്ക് മുമ്പ് എല്ലാ ഭക്ഷണ ഓർഡറുകൾക്കും പ്ലാറ്റ്‌ഫോം ഫീസ് 2 രൂപ ഈടാക്കാൻ തുടങ്ങിയിരുന്നു. സൊമാറ്റോ ജൂൺ പാദത്തിൽ ഏകദേശം 17.6 കോടി ഓർഡറുകൾ ഡെലിവർ ചെയ്തിരുന്നു. ഒരു ദിവസം ഏകദേശം 20 ലക്ഷം ഓർഡറുകൾ.

തുടക്കത്തിൽ തെരഞ്ഞെടുത്ത ഉപയോക്താക്കളിൽ നിന്നുമാത്രമായി ഈടാക്കി പിന്നീട് മുഴുവൻ ഉപഭോക്താക്കളിൽ നിന്നും പ്ലറ്റ് ഫീസ് ഈടാക്കുകയാണ് ലക്ഷ്യം.സൊമാറ്റോ അതിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച ലാഭത്തിലെത്തിയത് അടുത്തിടെയാണ്. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 186 കോടി രൂപ നഷ്ടത്തിൽ നിന്ന്, ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 2 കോടി രൂപയുടെ ആദ്യ ലാഭമാണ് രേഖപ്പെടുത്തിയത്. പ്രവർത്തന വരുമാനം കഴിഞ്ഞ വർഷം ഒന്നാം പാദത്തിലെ 1,414 കോടി രൂപയിൽ നിന്ന് 71 ശതമാനം ഉയർന്ന് 2,416 കോടി രൂപയായി. ഭക്ഷ്യവിതരണവിഭാഗം ശക്തിപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികൾ കാരണമാണ് കമ്പനി ലാഭത്തിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos

click me!