ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതിൽ ഈ ഉൽപ്പന്നങ്ങൾ പരാജയപ്പെട്ടതായാണ് വ്യക്തമാക്കുന്നത്.
നിലവാരമില്ലാത്ത ഭക്ഷ്യ ഇറക്കുമതിക്കെതിരെ കർശന നടപടി സ്വീകരിച്ച് ഇന്ത്യ. ചൈന, ജപ്പാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള ആപ്പിൾ, നട്‌സ്, ലഹരിപാനീയങ്ങൾ, തുടങ്ങിയ ഇനങ്ങളുടെ ഇറക്കുമതിക്കെതിരെയാണ് നടപടി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതിൽ ഈ ഉൽപ്പന്നങ്ങൾ പരാജയപ്പെട്ടതായാണ് വ്യക്തമാക്കുന്നത്.
എഫ്എസ്എസ്എഐ അടുത്തിടെ പുറത്തിറക്കിയ ഫുഡ് ഇംപോർട്ട് റിജക്ഷൻ അലേർട്ട് (FIRA) പോർട്ടലിലൂടെയാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ഇതിലൂടെ രാജ്യം നിരസിച്ച ഇറക്കുമതിയുടെയും ഉത്പന്നങ്ങളുടെയും വിവരങ്ങൾ പങ്കിട്ടിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അപകടസാധ്യതകൾ വേഗത്തിൽ തടയാൻ കഴിയും.
ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേർഡ്സ് റെഗുലേഷൻ, 2017 പ്രകാരം ഇത്തരത്തിലുള്ള അറിയിപ്പുകൾ പുറപ്പെടുവിക്കാൻ എഫ്എസ്എസ്എഐക്ക് അധികാരമുണ്ട്. ഉദാഹരണത്തിന്, ശ്രീലങ്കയിൽ നിന്നുള്ള കറുവപ്പട്ട മെയ് മാസത്തിൽ ഇറക്കുമതി ചെയ്യാൻ അനുവദിച്ചിരുന്നില്ല. കാരണം, 2006-ലെ ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം ഇതിന് മുൻകൂർ അനുമതി ആവശ്യമാണ്.
ഇതുപോലെ കഴിഞ്ഞ ഏപ്രിലിൽ ശ്രീലങ്കയിൽ നിന്നുള്ള പരിപ്പിൽ പൂപ്പൽ കണ്ടെത്തിയതിനെ തുടർന്ന് ഇറക്കുമതി ചെയ്യാൻ അനുവദിച്ചിരുന്നില്ല. കൂടാതെ, 'റൂയിബോസ്' എന്ന ഘടകത്തിന് ഇന്ത്യയിൽ അംഗീകാരം ലഭിക്കാത്തതിനാൽ ജൂണിൽ ഹെൽത്ത് സപ്ലിമെൻ്റുകൾ എന്ന് ലേബൽ ചെയ്ത ടീ ബാഗുകൾ ഇന്ത്യ നിരസിച്ചിരുന്നു. ജപ്പാനിൽ നിന്നുള്ള ചരക്കായിരുന്നു ഇത്. തുർക്കിയിൽ നിന്നുള്ള ഫ്രെഷ് റെഡ് ആപ്പിളിൻ്റെ ഇറക്കുമതിയും നിരസിച്ചിരുന്നു. ഇവ പെട്ടന്ന് കേടാകുന്ന തരത്തിലുള്ള ഉത്‌പന്നമായതിനാലാണ് നിരസിക്കപ്പെട്ടത്. ചൈനയിൽ നിന്നുള്ള ബഡ്‌വെയ്‌സറിൻ്റെ നോൺ-ആൽക്കഹോളിക് ബിയർ കഴിഞ്ഞ മെയിൽ നിരസിച്ചിരുന്നു. പിഎച്ച് ലെവൽ അവ്‌വധിക്കപ്പെട്ടതിലും കൂടുതലായതാണ് കാരണം.
ഇന്ത്യയിൽ ഇറക്കുമതിക്ക് അനുമതി ലഭിക്കുന്നതിനായി സമർപ്പിക്കുന്ന എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും മൂന്ന് ഘട്ട പരിശോധനകൾക്ക് വിധേയമാക്കേണ്ടതാണ്. രേഖാ പരിശോധന, ദൃശ്യ പരിശോധന, ലബോറട്ടറി പരിശോധന എന്നിവയുൾപ്പെടെ കർശനമായ പരിശോധനകൾ വിജയിക്കണം
എഫ്എസ്എസ്എഐയുടെ നടപടികൾ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഉയർന്ന ഗുണമേന്മയുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ മാത്രം ഇന്ത്യൻ വിപണിയിൽ എത്തുന്നുള്ളു എന്ന് ഉറപ്പ് വരുത്താനുമാണ്.