അരി കയറ്റുമതി നിരോധനം, ആഗോള വിപണിയെ തന്നെ ഞെട്ടിച്ച ഇന്ത്യയുടെ തീരുമാനം എന്തിന്? കാരണങ്ങള്‍ അറിയാം

By Web Team  |  First Published Jul 26, 2023, 9:25 PM IST

അരി കയറ്റുമതി ചെയ്യേണ്ടെന്ന തീരുമാനത്തിന് പിന്നിലെ കാരണം എന്താണ്? ഇന്ത്യ അരി കയറ്റുമതി നിരോധിച്ചത് ആഗോള വിപണിയെ എങ്ങനെയാണ് ബാധിക്കുക?


ആഗോള വിപണിയിൽ പ്രതിസന്ധിയായി ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം. ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യയില്‍ നിന്നുള്ള അരിയെ ആശ്രയിക്കുന്ന വിദേശ രാജ്യങ്ങള്‍ ഇപ്പോള്‍ ആശങ്കയിലാണ്. അരി കയറ്റുമതി ചെയ്യേണ്ടെന്ന തീരുമാനത്തിന് പിന്നിലെ കാരണം എന്താണ്? ഇന്ത്യ അരി കയറ്റുമതി നിരോധിച്ചത് ആഗോള വിപണിയെ എങ്ങനെയാണ് ബാധിക്കുക?

വില്ലനായി മഴ

Latest Videos

undefined

ഇന്ത്യയില്‍ അരി ഉത്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തവണ മഴ വിളകളെ കാര്യമായി ബാധിച്ചിരുന്നു. ഉത്പാദനം കുറയ്ക്കുകയും ചെയ്തു. ഈ സാഹചര്യം ആഭ്യന്തര വിപണിയില്‍ അരിയുടെ വിലക്കയറ്റം സൃഷ്ടിക്കുമെന്ന അനുമാനത്തിലാണ് കേന്ദ്രം അരിയുടെ കയറ്റുമതി നിരോധിക്കുന്ന തീരുമാനം എടുത്തത്. ആഭ്യന്തര വിപണിയില്‍ അരിയുടെ മതിയായ ലഭ്യത ഉറപ്പ് വരുത്തുകയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നത്. ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതിയാണ് പൂര്‍ണമായും നിരോധിച്ചിരിക്കുന്നത്. വാണിജ്യ വകുപ്പിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫോറിന്‍ ട്രേഡ് ആണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

ചില പ്രധാന കണക്കുകള്‍ 

ആഗോള അരി വ്യാപാരത്തില്‍ ഇന്ത്യക്ക് നിര്‍ണായകമായ സ്ഥാനമാണ് ഉള്ളത്.

* ആഗോള വിപണിയില്‍ അരി കയറ്റുമതിയുടെ 40 ശതമാനം ഇന്ത്യയില്‍ നിന്നാണ്. 2022-ല്‍ 55.4 ദശലക്ഷം മെട്രിക് ടണ്‍ ആയിരുന്നു ഇന്ത്യയുടെ അരി കയറ്റുമതി.

* ഇന്ത്യ 140 ലധികം രാജ്യങ്ങളിലേക്ക് അരി കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യന്‍ ബസുമതി ഇതര അരിയുടെ ഉപഭോക്താക്കള്‍ പ്രധാനമായും ബംഗ്ലാദേശ്, അംഗോള, കാമറൂണ്‍, ജിബൂട്ടി, ഗിനിയ, ഐവറി കോസ്റ്റ്, കെനിയ, നേപ്പാള്‍, ഇറാന്‍, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ്.

* 2022ല്‍  17.86 ദശലക്ഷം ടണ്‍ ബസുമതി ഇതര അരി ഇന്ത്യ കയറ്റുമതി ചെയ്തു. 2022 സെപ്റ്റംബറില്‍, അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിക്കുകയും വിവിധ ഗ്രേഡിലുള്ള അരിയുടെ കയറ്റുമതിക്ക് 20 ശതമാനം തീരുവ ചുമത്തുകയും ചെയ്തിരുന്നു.


ഇന്ത്യന്‍ കര്‍ഷകര്‍ വര്‍ഷത്തില്‍ രണ്ട് തവണയാണ്  നെല്‍കൃഷി ചെയ്യുന്നത്.  പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഒഡീഷ, ഛത്തീസ്ഗഢ് എന്നിവയാണ് രാജ്യത്തെ പ്രധാന അരി ഉത്പാദക സംസ്ഥാനങ്ങള്‍. മണ്‍സൂണ്‍ മഴ വൈകിയെത്തിയത് നെല്‍കൃഷിയെ ബാധിച്ചിരുന്നു. ജൂണ്‍ അവസാന വാരം മുതല്‍ പെയ്ത കനത്ത മഴ  കൃഷിക്ക് കാര്യമായ നാശമുണ്ടാക്കി. ഇന്ത്യ അരി കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ ആഗോള വിപണിയില്‍ അരി വില കുതിക്കുകയാണ്. 

10 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് അരി എത്തിച്ചേരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത് ഇനിയും ഉയരാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.  എല്‍നിനോ കാരണമുള്ള മോശം കാലാവസ്ഥ, യൂറോപ്പിലെ ഉഷ്ണ തരംഗം, റഷ്യ - യുക്രൈന്‍ യുദ്ധം, അരിയുടെ പ്രധാന ഉത്പാദകരായ ചൈനയില്‍ ഉണ്ടായ പ്രളയം എന്നിവയൊക്കെ ലോകത്ത് അരിയുടെ ലഭ്യതയില്‍ കുറവ് വരുത്തിയിട്ടുണ്ട്. 

ആഫ്രിക്കയിലെയും ഏഷ്യയിലെയും ജനങ്ങളുടെ ഭക്ഷണ രിതീ അരിയെ അശ്രയിച്ചുള്ളതാണ്. ഏകദേശം 300 കോടിയോളം ആളുകള്‍ അരിയെ പ്രധാന ഭക്ഷണമായി കാണുന്നതായി പറയാം. ഇന്ത്യ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ ഈ മേഖലകളില്‍ അരിയുടെ ലഭ്യതയില്‍ കുറവ് വരികയും അത് വിലക്കയറ്റത്തിലേക്ക് നയിക്കുകയും ചെയ്യും. ഒപ്പം വിദേശ ഇന്ത്യക്കാരെ അരി കയറ്റുമതി നിരോധനം കാര്യമായി ബാധിക്കുന്നുണ്ട്. ഇന്ത്യന്‍ ബ്രാന്‍ഡുകളെ ആശ്രയിക്കുന്ന പ്രവാസികള്‍ ഈ ആശങ്ക കാരണം തിരക്ക് കൂട്ടി കടകളില്‍ എത്തുന്ന അവസ്ഥയുണ്ട്.

പക്ഷേ പല കടകളും തിരക്ക് കാരണം പരിമിതമായ അളവില്‍ മാത്രമാണ് ഉപഭോക്താക്കള്‍ക്ക് അരി നല്‍കുന്നത്. കയറ്റുമതി നിരോധനം പിന്‍വലിക്കണമെന്ന് ഐഎംഎഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ നയം ഹാനികരമാണെന്നും നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യണമെന്നും ഐഎംഎഫ് ആവശ്യപ്പെട്ടിരിക്കുന്നത്. കയറ്റുമതി നിരോധനം അന്താരാഷ്ട്ര വ്യാപാര കരാറുകളെ ബാധിക്കുന്നതാണെങ്കിലും ആഭ്യന്തര വിപണിയിലെ വില പിടിച്ച് നിര്‍ത്തുന്നതിനാണ് രാജ്യം ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്.

 

click me!