പലിശ കുറയ്ക്കുന്നത് വൈകുമെന്ന ജെറോം പവലിന്റെ പ്രസ്താവന വന്നതോടെ ജാപ്പനീസ് കറൻസിയായ യെന്നിന്റെ മൂല്യം കഴിഞ്ഞ 34 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി
പലിശ നിരക്ക് കുറയ്ക്കുന്നത് വൈകിയേക്കുമെന്നുള്ള സൂചനകൾ നൽകി യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ. പണപ്പെരുപ്പം പൂർണമായി നിയന്ത്രണത്തിലായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ അടുത്തിടെ പുറത്തു വന്ന കണക്കുകൾ ആത്മവിശ്വാസം നൽകുന്നില്ലെന്ന് ജെറോം പവൽ വ്യക്തമാക്കി. പലിശ കുറയ്ക്കുന്നതിന് പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. യുഎസിലെ പണപ്പെരുപ്പം ഫെബ്രുവരിയിലെ 3.2 ശതമാനത്തിൽ നിന്ന് മാർച്ചിൽ 3.5 ശതമാനമായി ഉയർന്നിരുന്നു. ഫെഡറൽ റിസർവിന്റെ 2 ശതമാനമെന്ന ലക്ഷ്യത്തേക്കാൾ കൂടുതലാണിത്. അതേ സമയം സമ്പദ്‌വ്യവസ്ഥ ഇപ്പോഴും ശക്തമായി വളരുകയാണെന്നും കണക്കുകൾ കാണിക്കുന്നു. കഴിഞ്ഞ മാസം ചില്ലറ വിൽപ്പന കുതിച്ചുയർന്നതും ശക്തമായ തൊഴിൽ വളർച്ചയും ഉയർന്ന ഓഹരി വിലകളും ഇക്കാര്യം സൂചിപ്പിക്കുന്നു.
അമേരിക്കയിലെ പലിശയും ഇന്ത്യയുടെ ഓഹരി വിപണിയും
അമേരിക്കയിൽ പലിശ നിരക്ക് ഉയർന്ന് നിൽക്കുന്നത് ഇന്ത്യയിലെ ഓഹരി വിപണിയ്ക്ക് തിരിച്ചടിയാണ്. ഉയർന്ന് പലിശ ലഭിക്കുന്നത് കാരണം വിദേശ നിക്ഷേപകർ ഇന്ത്യയിലെ നിക്ഷേപം വിറ്റഴിച്ച് അമേരിക്കയിലേക്ക് കൊണ്ടുപോകും. ഇത് ഇന്ത്യയിലെ ഓഹരി വിപണികളിലെ ഇടിവിന് കാരണമാകും. രൂപയുടെ മൂല്യത്തിലും ഇടിവുണ്ടാകും. ഈ വർഷം അമേരിക്കയിലെ പലിശ കുറയ്ക്കുമെന്നാണ് കരുതിയിരുന്നത്. അങ്ങനെയാണെങ്കിൽ വിദേശ നിക്ഷേപകർ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ കൂടുതൽ നിക്ഷേപം നടത്തുമായിരുന്നു.
പലിശ കുറയ്ക്കുന്നത് വൈകുമെന്ന ജെറോം പവലിന്റെ പ്രസ്താവന വന്നതോടെ ജാപ്പനീസ് കറൻസിയായ യെന്നിന്റെ മൂല്യം കഴിഞ്ഞ 34 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് സ്വീകരിക്കുന്ന സമീപനം ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്കിന്റെ തീരുമാനത്തെയും സ്വാധീനീക്കും. ജൂണിൽ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് ഫെഡറൽ റിസർവ് നേരത്തെ അറിയിച്ചിരുന്നത്.