ഗൂഗിൾ പേ ഉൾപ്പെടെ യുപിഐ പ്ലാറ്റ്‍ഫോമുകൾ വഴി ഇനി 5 ലക്ഷം രൂപ വരെ അയക്കാം; എന്നാൽ എല്ലാ ഇടപാടുകളും സാധ്യമല്ല

By Web Team  |  First Published Dec 9, 2023, 7:09 AM IST

രണ്ട് മേഖലകളിലേക്ക് യുപിഐ പണമിടപാടുകളുടെ പരിധി വര്‍ദ്ധിപ്പിച്ചത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമാണെന്ന് ബാങ്കിങ് രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 


മുംബൈ: രാജ്യത്തെ ബാങ്കിങ് രംഗത്ത് യുപിഐ പണമിടപാട് പരിധിയും ഇ-മാന്‍ഡേറ്റും സംബന്ധിച്ച നിര്‍ണായകമായ രണ്ട് മാറ്റങ്ങളാണ് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വെള്ളിയാഴ്ച അറിയിച്ചിത് പ്രകാരം യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാത്തരം പണമിടപാടുകള്‍ക്കും ഈ ഉയര്‍ന്ന പരിധി ബാധകമായിരിക്കില്ല. ഇതിന് പുറമെ നിശ്ചിത ഇടവേളകളില്‍ ആവര്‍ത്തിക്കുന്ന പണമിടപാടുകള്‍ക്കായി നല്‍കുന്ന ഇ-മാന്‍ഡേറ്റുകളുടെ പരിധിയും ഉയര്‍ത്തിയിട്ടുണ്ട്.

നിലവില്‍ ഒരു ദിവസം ഒരു ലക്ഷം രൂപയാണ് യുപിഐ പ്ലാറ്റ്ഫോമുകള്‍ വഴി പരമാവധി അയക്കാന്‍ സാധിക്കുന്നത്. ഇത് അഞ്ച് ലക്ഷം വരെയാക്കി വര്‍ദ്ധിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു. എന്നാല്‍ ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മാത്രമുള്ള പണമിടപാടുകള്‍ക്ക് മാത്രമേ ഈ ഉയര്‍ന്ന പരിധി ഉപയോഗിക്കാന്‍ സാധിക്കൂ എന്നും വെള്ളിയാഴ്ചത്തെ അറിയിപ്പില്‍ പറയുന്നുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് ഉയര്‍ന്ന പണമിടപാടുകള്‍ വേണ്ടിവരുന്ന സാഹചര്യങ്ങളില്‍ യുപിഐ പരിധി ഉയര്‍ത്തിയ തീരുമാനം ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. രണ്ട് സുപ്രധാന മേഖലകളില്‍ യുപിഐ പണമിടപാട് പരിധി വര്‍ദ്ധിപ്പിച്ച നടപടി ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമാണെന്ന് സാമ്പത്തിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരും അഭിപ്രായപ്പെട്ടു. 

Latest Videos

undefined

യുപിഐ ഇടപാടുകള്‍ക്ക് പുറമെ നിശ്ചിത ഇടവേളകളില്‍ ആവര്‍ത്തിച്ചുവരുന്ന റിക്കറിങ് പേയ്മെന്റുകള്‍ക്കുള്ള ഇ-മാന്‍ഡേറ്റുകള്‍ക്കുള്ള പരിധിയും റിസര്‍വ് ബാങ്ക് ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ 15,000 രൂപയ്ക്ക് മുകളിലുള്ള ഇ-മാന്‍ഡേറ്റുകള്‍ക്ക് രണ്ടാം ഘട്ട അനുമതി കൂടി ആവശ്യമായിരുന്നെങ്കില്‍ ഈ പരിധി ഒരു ലക്ഷം രൂപ വരെയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഇതും എല്ലാത്തരം ഇടപാടുകള്‍ക്കും സാധ്യമല്ല. മ്യൂചല്‍ ഫണ്ട് പണമിടപാടുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ പണമിടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡുകളിലെ തിരിച്ചടവ് എന്നിവയ്ക്ക് മാത്രമേ ഉയര്‍ത്തിയ പരിധിയുടെ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഇ-മാന്‍ഡേറ്റ് ഉപയോഗം കുറച്ചുകൂടി ലളിതമാക്കാനും കൂടുതല്‍ പേര്‍ ഇവ ഉപയോഗിച്ചു തുടങ്ങാനും ഇപ്പോഴത്തെ പരിധി ഉയര്‍ത്തലിലൂടെ സാധിക്കുമെന്നാണ് ഇതിലൂടെ പ്രതീക്ഷിക്കപ്പെടുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!