പ്രതിസന്ധി തീരുന്നില്ല; ബൈജൂസിൽ നിന്ന് മൂന്ന് പേർ കൂടി രാജിവെച്ചു

By Web Team  |  First Published Aug 30, 2023, 5:34 PM IST

സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബൈജൂസിൽ  കൂട്ടപ്പിരിച്ചു വിടൽ വാർത്ത വന്നത് ദിവസങ്ങൾക്ക് മുൻപാണ്. വിവിധ വിഭാഗങ്ങളിൽ നിന്നായി നൂറ് ജീവനക്കാരെ ബൈജൂസ് പിരിച്ചു വിട്ടിരുന്നു.


എഡ്യുടെക് കമ്പനിയായ ബൈജൂസിൽ പ്രതിസന്ധി തുടരുന്നു. ബൈജൂസിലെ ഉന്നത വിഭാഗങ്ങളിൽ നിന്നും മൂന്നു പേർ രാജിവെച്ചതായാണ് റിപ്പോർട്ടുകൾ . ബൈജൂസിന്റെ ചീഫ് ബിസിനസ് ഓഫീസർ  പ്രത്യുഷ അഗർവാൾ, സീനിയർ എക്സിക്യൂട്ടീവുകളായ  മുകുത് ദീപക്,  ഹിമാൻഷു ബജാജ് എന്നിങ്ങനെ മൂന്ന് പേർ സ്ഥാനമൊഴിഞ്ഞതായി  മാധ്യമ റിപ്പോർട്ടുകൾക്ക് മറുപടിയായുള്ള പ്രസ്താവനയിൽ ബൈജൂസ് വ്യക്തമാക്കുന്നു.ഇത് കമ്പനിയുടെ പിരിച്ചുവിടലുകളുടെ ഭാഗമല്ലെന്നും, സ്വമേധയാ ഉള്ള രാജികളാണെന്നും ബൈജുസ് വക്താക്കൾ പ്രതികരിച്ചതായും മാധ്യമറിപ്പോർട്ടുകളുണ്ട്.

ലാഭക്ഷമതയും, വളർച്ചാസ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പുനഃക്രമീകരണങ്ങൾ നടക്കുന്നതായും   ബൈജുസ് വ്യക്തമാക്കുന്നു. കെ-3 4 മുതൽ 10 വരെയുള്ള ക്സ് ലെവൽസ്, 11 മുതൽ 12 വരെയുള്ള ക്ലാസ് ലെവൽസ് , ബൈജൂസ് ട്യൂഷൻ സെന്റർ(ബിടിസി) എന്നിങ്ങനെ നാല് വിഭാഗങ്ങളിൽ നിന്നും കെ 10, എക്സാം പ്രിപ്പറേഷൻ എന്നീ വിഭാഗങ്ങളായി പുനക്രമീകരിച്ചിട്ടുണ്ട്.

അതേ സമയം സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബൈജൂസിൽ  കൂട്ടപ്പിരിച്ചു വിടൽ വാർത്ത വന്നത് ദിവസങ്ങൾക്ക് മുൻപാണ്. വിവിധ വിഭാഗങ്ങളിൽ നിന്നായി നൂറ് ജീവനക്കാരെ ബൈജൂസ് പിരിച്ചു വിട്ടിരുന്നു. പെർഫോമൻസ് വിലയിരുത്തിയാണ് പിരിച്ച് വിടലെന്നായിരുന്നു ബൈജൂസിൻറെ വിശദീകരണം. ഇക്കഴിഞ്ഞ ജൂൺ മാസത്തിലും ബൈജൂസ് ആയിരത്തോളം തൊഴിലാളികളെ പിരിച്ച് വിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ, ബൈജൂസ് കമ്പനി കഴിഞ്ഞ നവംബർ മുതൽ ഏകദേശം മൂവായിരത്തോളം തൊഴിലാളികളെയാണ് ജോലിയിൽ നിന്നും പിരിച്ച് വിട്ടത്. മാത്രമല്ല 2021-22 സാമ്പത്തികവർഷത്തെ പ്രവർത്തനഫലം പുറത്തുവിടാത്തതിൽ പ്രതിഷേധിച്ച് ധനകാര്യ സ്ഥാപനമായിരുന്ന ഡെലോയിറ്റ് ബൈജൂസിന്റെ ഓഡിറ്റർ ചുമതലയിൽ നിന്നും പിൻമാറിയതും വലിയ വാർത്തയായിരുന്നു

tags
click me!