ഫിക്സഡ് ഡെപോസിറ്റിന് ഉയർന്ന പലിശയാണ് ഈ നാല് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത്. വിപണിയിലെ റിസ്കുകൾ ഇല്ലാതെ നിക്ഷേപത്തിന് ഉയർന്ന വരുമാനം നേടാം
എഫ്ഡികളിൽ നിക്ഷേപിക്കാൻ താൽപര്യപ്പെടുന്നവർക്ക് ഇപ്പോൾ അനുയോജ്യമായ സമയമാണ്. കഴിഞ്ഞ വർഷങ്ങളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്കുകൾ 4% ൽ നിന്ന് 6.5% ആയി ഉയർത്തിയതും, ബാങ്കുകൾ സ്ഥിരനിക്ഷേപനിരക്കുകൾ വർദ്ധിപ്പിച്ചതും പൊതുവെ നിക്ഷേപങ്ങളെ ആകർഷകമാക്കുന്നുണ്ട്. ഒട്ടുമിക്ക മിക്ക ഫിക്സഡ് ഡിപ്പോസിറ്റുകളും ഇപ്പോൾ പൊതുവിഭാഗത്തിന് 7% മുതൽ 8% വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ നിക്ഷേപങ്ങൾക്ക് 8.45%-ൽ കൂടുതൽ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന നാല് ധനകാര്യസ്ഥാപനങ്ങൾ ഏതൊക്കെയെന്നറിയാം.
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കാണ് യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്. നിലവിൽ 1000 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് പൊതുവിഭാഗത്തിന് 9 ശതമാനം പലിശനിരക്കാണ് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 9 ശതമാനത്തിന് മുകളിൽ പലിശ നിരക്കും ലഭ്യമാക്കുന്നുണ്ട്. ചെറുകിട ധനകാര്യ ബാങ്കുകളുടെ പലിശനിരക്ക് മിക്ക സമയങ്ങളിലും വാണിജ്യ ബാങ്കുകളേക്കാൾ മികച്ചതായിരിക്കും
ജന സ്മോൾ ഫിനാൻസ് ബാങ്ക്
366 മുതൽ 499 ദിവസത്തെ നിക്ഷേപത്തിന് 8.50 ശതമാനം പലിശനിരക്കാണ് ജന സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.. 501 ദിവസം മുതൽ 2 വർഷം വരെ കാലയളവിൽ നിക്ഷേപിക്കുകയാണെങ്കിൽ, 8.50% പലിശ ലഭിക്കും. നിക്ഷേപകർ 5 ലക്ഷം രൂപ വരെ നിക്ഷേപിക്കുകയാണെങ്കിൽ ഇൻഷൂറൻസ് ലഭിക്കുന്നതിനാൽ നിക്ഷേപം സുരക്ഷിതവുമായിരിക്കും.
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിൽ സ്ഥിര നിക്ഷേപങ്ങൾക്ക് പൊതുവിഭാഗത്തിന് പരമാവധി 8.25% പലിശനിരക്കും മുതിർന്ന പൗരന്മാർക്ക് 8.75% വരെയും വാഗ്ദാനം ചെയ്യുന്നു. എന്നാൽ പ്ലാറ്റിന നിക്ഷേപങ്ങളിൽ സാധാരണ നിക്ഷേപകർക്ക് 8.45% വരെ ഉയർന്ന പലിശ നിരക്കുകൾ ലഭ്യമാക്കുന്നുമുണ്ട്.. 15 ലക്ഷം രൂപയാണ് പ്ലാറ്റിന നിക്ഷേപത്തിലെ കുറഞ്ഞ നിക്ഷേപം.
ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്ക്
ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്കിൽ, റഗുലർ നിക്ഷേപകർക്ക് പലിശ നിരക്ക് പരമാവധി 8.50% വരെയാണ്. ഉജ്ജീവൻ, ജന, യൂണിറ്റി എന്നിവ പോലെ ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ഈ ബാങ്കും ചെറുകിട ധനകാര്യ ബാങ്കാണ്. റിസർവ് ബാങ്കിന്റെ സ്ബസിഡിയറിയായ ഡിഐസിജിസി നൽകുന്ന ഇൻഷൂറൻസ് പരിരക്ഷ ഇത്തരം ബാങ്കുകളിലെ നിക്ഷേപത്തിനും ലഭിക്കും. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഇൻഷൂറൻസ് ലഭിക്കുമെന്ന് ചുരുക്കം.