എടിഎം കാർഡ് പണം പിൻവലിക്കാൻ മാത്രം ഉള്ളതാണെന്ന തെറ്റിദ്ധാരണ ചിലർക്കുണ്ട്. ഒരു ബാങ്ക് എടിഎം ഉപയോഗിച്ച് ചുരുങ്ങിയത് ഈ 10 കാര്യങ്ങൾ ചെയ്യാൻ കഴിയും.
എടിഎം കാർഡിനെ കുറിച്ച് കൂടുതൽ പരിചയപ്പെടുത്തിതരേണ്ട ആവശ്യമേ ഇല്ല, കാരണം ഇന്നത് ഉപയോഗിക്കാത്തവർ വളരെ കുറവാണ്. എന്നാൽ എടിഎം കാർഡ് പണം പിൻവലിക്കാൻ മാത്രം ഉള്ളതാണെന്ന തെറ്റിദ്ധാരണ ചിലർക്കുണ്ട്. ഒരു ബാങ്ക് എടിഎം ഉപയോഗിച്ച് ചുരുങ്ങിയത് ഈ 10 കാര്യങ്ങൾ ചെയ്യാൻ കഴിയും.
പണം പിൻവലിക്കൽ:
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുക എന്നുള്ളത് അതിന്റെ പ്രാഥമിക ഉപയോഗത്തിൽ പെടുന്ന ഒരു കാര്യമാണ്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ അതിന്റെ നാലക്ക പിൻ നമ്പർ ഓർത്തുവെക്കണം.
ബാലൻസ് അറിയാം :
നിങ്ങളുടെ അക്കൗണ്ടിൽ എത്ര ബാലൻസ് ഉണ്ടെന്ന് പരിശോധിക്കാൻ ഡെബിറ്റ് കാർഡ് ഉപയോഗിക്കാം. ഇതിനായി ബാങ്കിൽ പോകേണ്ട കാര്യമില്ല. കൂടാതെ,. കഴിഞ്ഞ പത്തുദിവസത്തെ ഇടപാടുകൾ ഏതൊക്കെയെന്ന് അറിയാനും സാധിക്കും. .
ഫണ്ട് കൈമാറ്റം:
ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റൊന്നിലേക്ക് പണം കൈമാറാം. ഇങ്ങനെ ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിന് ഓരോ ബാങ്കിനും അതിന്റെതായ പരിമിതികളുണ്ട്. ഒരു എസ്ബിഐ അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് പ്രതിദിനം 40,000 രൂപ വരെ കൈമാറാം. ഇതിന് ബാങ്ക് ചാർജ് ഒന്നും ഈടാക്കില്ല.
ക്രെഡിറ്റ് കാർഡ് പേയ്മെൻ്റ്:
എടിഎം വഴി ക്രെഡിറ്റ് കാർഡ് കുടിശിക അടയ്ക്കാൻ കഴിയും. ഇതിനായി നിങ്ങളുടെ കാർഡും പിൻ നമ്പറും ആവശ്യമാണ്.
മറ്റ് അക്കൗണ്ടുകളിലേക്കുള്ള പണ കൈമാറ്റം:
എടിഎം ഉപയോഗിച്ച് ഒരു ബാങ്കിന്റെ അക്കൗണ്ടിൽ നിന്നും മറ്റേത് ബാങ്കിന്റെ അക്കൗണ്ടിലേക്കും പണം കൈമാറാം. കൂടാതെ, ഒരു എടിഎം കാർഡിലേക്ക് 16 അക്കൗണ്ടുകൾ വരെ ലിങ്ക് ചെയ്യാം.
ഇൻഷുറൻസ് പ്രീമിയം അടയ്ക്കാം:
എടിഎം ഉപയോഗിച്ച് ഇൻഷുറൻസ് പ്രീമിയം അടയ്ക്കാം. എൽഐസി, എച്ച്‌ഡിഎഫ്‌സി ലൈഫ്, എസ്‌ബിഐ ലൈഫ് എന്നിവയ്ക്ക് പല ബാങ്കുകളുമായി ബന്ധമുണ്ട്. ബാങ്കുകൾ നൽകുന്ന ഈ സൗകര്യത്തിലൂടെ നിങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയങ്ങൾ അടയ്ക്കാം. ഇതിനായി ഇൻഷുറൻസ് പോളിസി നമ്പർ, എടിഎം കാർഡ്, പിൻ എന്നിവ ആവശ്യമാണ്.
ചെക്ക്ബുക്കിന് അപേക്ഷിക്കാം:
ചെക്ക് ബുക്കിലെ ലീഫുകൾ തീർന്നെങ്കിൽ വിഷമിക്കേണ്ട. ഒരു എടിഎം സന്ദർശിച്ച് ഒരു പുതിയ ചെക്ക്ബുക്കിനായി അപേക്ഷിക്കാം. ഇത് നിങ്ങളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് ബാങ്ക് അയക്കും. വിലാസം മാറിയിട്ടുണ്ടെങ്കിൽ, എടിഎമ്മിൽ ചെക്ക്ബുക്ക് അഭ്യർത്ഥിക്കുമ്പോൾ പുതിയ വിലാസം നൽകുക
ബില്ലുകൾ അടയ്ക്കാം:
എടിഎം ഉപയോഗിച്ച് ബില്ലുകൾ അടയ്ക്കുന്നതിനായി ആദ്യം, ബില്ലിംഗ് കമ്പനി എടിഎം നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക. പണം അയയ്‌ക്കുന്നതിന് മുമ്പ്, പണമടയ്ക്കുന്നയാളുടെ വിശദാംശങ്ങൾ ബാങ്കിൻ്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക. നിലവിൽ, കുറച്ച് ആളുകൾ മാത്രമാണ് ബിൽ പേയ്‌മെൻ്റിനായി എടിഎമ്മുകൾ ഉപയോഗിക്കുന്നത്, മിക്കവരും യുപിഐക്കാണ് മുൻഗണന നൽകുന്നത്.
മൊബൈൽ ബാങ്കിംഗ് :
അക്കൗണ്ട് തുറക്കുമ്പോൾ തന്നെ ബാങ്കുകൾ ഇപ്പോൾ മൊബൈൽ, ഇൻ്റർനെറ്റ് ബാങ്കിംഗ് സജീവമാക്കുന്നുണ്ട് നിങ്ങളുടെ മൊബൈൽ ബാങ്കിംഗ് സജീവമാക്കാൻ എടിഎം സന്ദർശിച്ചാൽ മതി.
എടിഎം പിൻ മാറ്റം:
എടിഎം വഴി നിങ്ങളുടെ എടിഎം പിൻ മാറ്റാൻ കഴിയും ഇതിനായി ബാങ്കിൽ നേരിട്ട് എത്തേണ്ട ആവശ്യമില്ല.