റീ ഫണ്ടിന് അർഹരാണെന്ന് പറഞ്ഞ് മെസ്സേജ് വന്നോ? തട്ടിപ്പുകാർ സജീവം; നികുതി ദായകർക്ക് മുന്നറിയിപ്പുമായി പിഐബി

By Web Team  |  First Published Aug 9, 2023, 9:26 PM IST

നികുതിദായകരെ ലക്ഷ്യമിടുന്നതാണ് ഏറ്റവും പുതിയ തട്ടിപ്പ്. പുതിയ തട്ടിപ്പിനെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ 


സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച്  സാമ്പത്തിക തട്ടിപ്പുകളും കൂടുന്നുണ്ട്. നിയമാനുസൃത സ്ഥാപനങ്ങളിൽ നിന്നാണെന്ന വ്യാജേന  നികുതിദായകരെ ലക്ഷ്യമിടുന്നതാണ് ഏറ്റവും പുതിയ തട്ടിപ്പ്. ഇപ്പോൾ പുതിയ തട്ടിപ്പിനെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി)

15,490 രൂപയുടെ ആദായനികുതി റീഫണ്ടിന് അർഹരാണെന്ന് അവകാശപ്പെടുന്ന സന്ദേശങ്ങളാണ് തട്ടിപ്പുകാർ നികുതിദായകർക്ക് അയക്കുന്നത്.  മാത്രമല്ല ഇത്തരം സന്ദേശങ്ങളിൽ, നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്കുചെയ്‌ത്  നികുതിദായകരുടെ അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിക്കാണമെന്നും തട്ടിപ്പുകാർ  ആവശ്യപ്പെടുന്നു. എന്നാൽ, ഇത്തരം സന്ദേശങ്ങൾ വ്യാജമാണെന്നും ആദായനികുതി വകുപ്പ് ഇത്തരം സന്ദേശങ്ങളൊന്നും അയക്കില്ലെന്നും പിഐബി വ്യക്തമാക്കി. ഇത്തരത്തിലുള്ള  തട്ടിപ്പുകൾക്കെതിരെ  പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും. സന്ദേശങ്ങൾ ലഭിക്കുമ്പോൾ വ്യക്തിഗത വിവരങ്ങൾ പങ്കിടരുതെന്നും പിഐബി അറിയിച്ചു

Latest Videos

undefined

പ്രസ് ഇൻഫർമേഷൻ ബ്യുറോ  ഫാക്റ്റ് ചെക്ക് അക്കൗണ്ട് അതിന്റെ ഔദ്യോഗിക പ്രസ്താവനയിൽ,  ഇത്തരത്തിലുള്ള സ്‌കാം സന്ദേശം ഷെയർ ചെയ്യുകയും, പൊതുജനങ്ങൾക്ക് തട്ടിപ്പുകളെക്കുറിച്ച്  മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട് ആദായനികുതി വകുപ്പ് ഇമെയിൽ വഴി   വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടില്ലെന്നും വ്യക്തമാക്കുന്നു.  കൂടാതെ, ആദയനികുതി വകുപ്പ്   പാസ്‌വേഡുകളോ പിൻ നമ്പറുകളോ, പോലുള്ള സാമ്പത്തിക വിവരങ്ങൾ  ഇമെയിൽ വഴി ആവശ്യപ്പെടില്ലെന്നും പിഐബി വ്യക്തമാക്കുന്നു.

തട്ടിപ്പുകളിൽ നിന്ന്  സ്വയം സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങൾ

വ്യാജസന്ദേശങ്ങളോട് പ്രതികരിക്കരുത്:  അജ്ഞാത നമ്പറുകളിൽ നിന്നുള്ള  ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്, അല്ലെങ്കിൽ അജ്ഞാത നമ്പറുകലിൽ നിന്നുള്ള സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക. ഇവയിൽ നിങ്ങളുടെ ഡാറ്റയുടെ സുരക്ഷയെ ബാധിക്കുന്ന കോഡുകൾ  ഉണ്ടാവാൻ സാധ്യതയുണ്ട്.


സംശയാസ്പദമായ നീക്കങ്ങൾ റിപ്പോർട്ട് ചെയ്യുക: ആദായനികുതി വകുപ്പിൽ നിന്നാണെന്ന് അവകാശപ്പെടുന്നതോ അല്ലെങ്കിൽ ഡിപ്പാർട്ട്‌മെന്റ് വെബ്‌സൈറ്റിലേക്ക്  ലീഡ് ചെയ്യുന്നതോ ആയ ഒരു ഇമെയിൽ നിങ്ങൾക്ക് ലഭിച്ചാൽ അത് ഓപ്പൺ ചെയ്യരുത്. പകരം, webmanager@incometax.gov.in ലേക്ക് ഇമെയിൽ ചെയ്യുകയോ അല്ലെങ്കിൽ വെബ്സൈറ്റ് യുആർഎൽL കൈമാറുകയോ ചെയ്യുക. കൂടുതൽ സുരക്ഷയ്‌ക്കായി, incident@cert-in.org.in എന്ന വിലാസത്തിലേക്കും മെസ്സേജിന്റെ കോപ്പി  അയയ്‌ക്കുക. കുറ്റവാളികളെ കണ്ടെത്തുന്നതിന് ഇത് സഹായകരമാകും.

സന്ദേശം ഡിലീറ്റ് ചെയ്യുക. സംശയാസ്പദമായ ലിങ്കോ ഇമെയിലോ ഫോർവേഡ് ചെയ്ത ശേഷം, നിങ്ങളുടെ ഇൻബോക്സിൽ നിന്ന് സന്ദേശം ഡിലീറ്റ് ചെയ്യുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!