രാജി വെച്ചോ, പക്ഷെ കമ്പനിയുടെ ലാപ്ടോപ്പ് വാങ്ങിയിരിക്കണം; ടാറ്റാ പവറിനെതിരെ പോസ്റ്റിട്ട് ജീവനക്കാരന്‍

By Web Team  |  First Published Aug 21, 2024, 2:21 PM IST

ലാപ്ടോപ്പ് വാങ്ങണമെന്ന് കമ്പനി നിര്‍ബന്ധം പിടിക്കുകയാണെന്നും 65,000 രൂപ അതിനായി നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.


കോവിഡിന് ശേഷം മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് ഡെസ്ക്ടോപ്പ്  പകരം ലാപ്ടോപ്പ് നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. എന്തെങ്കിലും കാരണവശാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടി വന്നാല്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഈ സൗകര്യം ചെയ്യുന്നത്. ജോലിയില്‍ നിന്ന് രാജിവയ്ക്കുകയാണെങ്കില്‍ ഈ ലാപ്ടോപ്പ് കമ്പനിക്ക് മടക്കിക്കൊടുക്കുകയും ചെയ്യും. എന്നാല്‍ ജോലി വിടുന്ന ജീവനക്കാരന്‍ പണം നല്‍കി ഈ ലാപ്ടോപ്പ് വാങ്ങണമെന്ന് കമ്പനി നിര്‍ബന്ധം പിടിച്ചാലോ...?

ഇത്തരമൊരു ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ടാറ്റാ പവര്‍ കമ്പനിയില്‍ നിന്ന് രാജിവക്കാനൊരുങ്ങുന്ന ഒരു ജീവനക്കാരന്‍. ലാപ്ടോപ്പ് വാങ്ങണമെന്ന് കമ്പനി നിര്‍ബന്ധം പിടിക്കുകയാണെന്നും 65,000 രൂപ അതിനായി നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്. ഒരു വര്‍ഷം മുമ്പ് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അത്തരമൊരു നിബന്ധനയും തന്നോട് പറഞ്ഞിരുന്നില്ലെന്നും എന്നാല്‍ ആറ് മാസം മുമ്പ് കമ്പനി അത്തരമൊരു സര്‍ക്കുലര്‍ നല്‍കിയെന്നും പേര് വിവരങ്ങള്‍ വ്യക്തമാക്കാതെ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ആരോപിക്കുന്നു.

Latest Videos

ലാപ്ടോപ്പ് വാങ്ങില്ലെന്ന് പറഞ്ഞാല്‍ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് തരില്ലെന്നാണ് കമ്പനിയുടെ നിലപാടെന്നും ജീവനക്കാരന്‍ വെളിപ്പെടുത്തി. കുറച്ച് മാസങ്ങൾക്കുള്ളിൽ താൻ  ടാറ്റാ പവര്‍ കമ്പനിയില്‍ നിന്ന് രാജിവക്കുമെന്നും അതിന് മുമ്പായി  ഇതുമായി ബന്ധപ്പെട്ട്  കമ്പനിക്കെതിരെ എന്ത് നിയമ നടപടിയാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ഒരു ഔദ്യോഗിക ലാപ്‌ടോപ്പ് വാങ്ങാൻ നിങ്ങളെ ഒരു കമ്പനിക്കും നിർബന്ധിക്കാനാവില്ലെന്നും  ടാറ്റയെപ്പോലുള്ള ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം ഇത് വിചിത്രവും അവിശ്വസനീയവുമായി തോന്നുന്നുവെന്നും ഒരു അഭിഭാഷകൻ മറുപടി നല്‍കിയിട്ടുണ്ട്. ടാറ്റാ പവര്‍ കമ്പനി എച്ച്ആർ വിഭാഗത്തിന് ശക്തമായ മറുപടി ഇതിന് നല്‍കണമെന്നും അഭിഭാഷകൻ പറയുന്നുണ്ട്.

click me!