തായ്‌വാനിൽ പ്രായമായവരുടെ എണ്ണം കൂടുന്നതും ശാരീരികാധ്വാനം കൂടുതൽ ആവശ്യമുള്ള തൊഴിലെടുക്കാനുള്ള യുവതലമുറയുടെ താൽപര്യക്കുറവുമാണ് ഇന്ത്യക്കാർക്ക് അവസരമൊരുക്കുന്നത്.
ഇന്ത്യയിലെ തൊഴിലാളികൾക്ക് കൂടുതൽ തൊഴിലവസരം ലഭിക്കത്തക്ക വിധത്തിൽ ഇന്ത്യയും തായ്‌വാനുമായി കൂടുതൽ സാമ്പത്തിക ബന്ധം സ്ഥാപിക്കുന്നു.
ഫാക്ടറികളിലും ഫാമുകളിലും ആശുപത്രികളിലും ജോലി ചെയ്യാൻ തായ്‌വാൻ 1,00,000 ഇന്ത്യക്കാരെ നിയമിക്കുമെന്നാണ് റിപ്പോർട്ട് .അടുത്ത മാസം തന്നെ എംപ്ലോയ്‌മെന്റ് മൊബിലിറ്റി കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തായ്‌വാനിൽ പ്രായമായവരുടെ എണ്ണം കൂടുന്നതും ശാരീരികാധ്വാനം കൂടുതൽ ആവശ്യമുള്ള തൊഴിലെടുക്കാനുള്ള യുവതലമുറയുടെ താൽപര്യക്കുറവുമാണ് ഇന്ത്യക്കാർക്ക് അവസരമൊരുക്കുന്നത്. 2025-ഓടെ തായ്‌വാൻ ഒരു "സൂപ്പർ ഏജ്ഡ്" സമൂഹമായി മാറുമെന്നാണ് പ്രവചിക്കപ്പെടുന്നത്. പ്രായമായവർ ജനസംഖ്യയുടെ അഞ്ചിലൊന്നിലധികം വരുന്നതാണ് "സൂപ്പർ ഏജ്ഡ്"
അതേ സമയം തൊഴിൽ കരാർ ചൈനയുമായുള്ള രാഷ്ട്രീയ പിരിമുറുക്കം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. ചൈന തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന സ്വയംഭരണ ദ്വീപാണ് തായ്‌വാൻ. ഇന്ത്യ-തായ്‌വാൻ തൊഴിൽ കരാർ ഇപ്പോൾ ചർച്ചകളുടെ അവസാന ഘട്ടത്തിലാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. തായ്‌വാനിലെ തൊഴിൽ മന്ത്രാലയം ഇന്ത്യയുമായുള്ള കരാറിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല
തായ്‌വാനിൽ, തൊഴിലില്ലായ്മ നിരക്ക് 2000 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. 790 ബില്യൺ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥ നിലനിർത്താൻ സർക്കാരിന് തൊഴിലാളികളെ ആവശ്യമുണ്ട്. കരാറിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യൻ തൊഴിലാളികൾക്ക് തദ്ദേശീയർക്ക് തുല്യമായ ശമ്പളവും ഇൻഷുറൻസ് പോളിസികളും തായ്‌വാൻ വാഗ്ദാനം ചെയ്യുന്നുണ്ട്
ഇതുവരെ, ജപ്പാൻ, ഫ്രാൻസ്, യുകെ എന്നിവയുൾപ്പെടെ 13 രാജ്യങ്ങളുമായി ഇന്ത്യ തൊഴിൽ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. കൂടാതെ നെതർലാൻഡ്‌സ്, ഗ്രീസ്, ഡെൻമാർക്ക്, സ്വിറ്റ്‌സർലൻഡ് എന്നിവരുമായും സമാനമായ ചർച്ചകൾ നടക്കുന്നുണ്ട്.