ഓഹരിവിപണിയിലും ലോകകപ്പ് ആവേശം; വിപണിയില്‍ തകര്‍ത്തടിക്കുമോ ഈ ഓഹരികള്‍

By Web Team  |  First Published Oct 2, 2023, 12:31 PM IST

ഭക്ഷണനിര്‍മാണ കമ്പനികള്‍, ശീതളപാനീയ നിര്‍മാതാക്കള്‍, ഹോട്ടലുകള്‍, ഗതാഗതരംഗത്തെ കമ്പനികള്‍ തുടങ്ങിയവയെല്ലാം ലോകകപ്പിന്‍റെ ഭാഗമാണ്. ക്രിക്കറ്റിന്‍റെ വാണിജ്യനേട്ടം ഇവര്‍ക്കുംകൂടിയുള്ളതാണെന്ന് സാരം. ഇങ്ങനെ വിവിധ മേഖലകളിലെ ഏതെല്ലാം ഓഹരികളാണ് ലോകകപ്പിന്‍റെ നേട്ടം നോട്ടമിട്ടിരിക്കുന്നതെന്ന് നോക്കാം.


ന്ത്യ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് അരങ്ങേറാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ക്രിക്കറ്റ് പ്രേമികളുടെ കണ്ണും കാതും മനസും മൈതാനങ്ങളിലേക്ക് ചുരുങ്ങുമ്പോള്‍ ലോകകപ്പ് ആവേശം നിറയുന്നത് ചില ഓഹരികളില്‍ കൂടിയാണ്. സ്പോര്‍ട്സ് മേഖലകളിലെ കമ്പനികളുടേത് മാത്രമല്ല, മറ്റു പല മേഖലകളിലെ വമ്പന്‍മാരുടേയും ചാകരക്കാലം കൂടിയാണ് ക്രിക്കറ്റ് ലോകകപ്പ്. ഭക്ഷണനിര്‍മാണ കമ്പനികള്‍, ശീതളപാനീയ നിര്‍മാതാക്കള്‍, ഹോട്ടലുകള്‍, ഗതാഗതരംഗത്തെ കമ്പനികള്‍ തുടങ്ങിയവയെല്ലാം ലോകകപ്പിന്‍റെ ഭാഗമാണ്. ക്രിക്കറ്റിന്‍റെ വാണിജ്യനേട്ടം ഇവര്‍ക്കുംകൂടിയുള്ളതാണെന്ന് സാരം. ഇങ്ങനെ വിവിധ മേഖലകളിലെ ഏതെല്ലാം ഓഹരികളാണ് ലോകകപ്പിന്‍റെ നേട്ടം നോട്ടമിട്ടിരിക്കുന്നതെന്ന് നോക്കാം.

ഹോട്ടല്‍ & റെസ്റ്റോറന്‍റ് ശൃംഖല

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ മാത്രമല്ല, കാണികളും മല്‍സരങ്ങള്‍ കാണാന്‍ പല നഗരങ്ങളിലേക്ക് ഒഴുകിയെത്തും. ഇവര്‍ക്ക് താമസിക്കാനുള്ള ഹോട്ടലുകള്‍ പ്രതീക്ഷയോടെയാണ് ലോകകപ്പിനെ ഉറ്റുനോക്കുന്നത്. ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത രാജ്യത്തെമ്പാടും ഹോട്ടല്‍ ശൃംഖലയുള്ള ഐഎച്ച്സിഎല്‍, ലെമണ്‍ ട്രീ ഹോട്ടല്‍സ് എന്നിവയ്ക്ക് ലോകകപ്പ് ക്രിക്കറ്റ് ഗുണം ചെയ്യും.

വിവിധ സ്റ്റേഡിയങ്ങളും സമീപ പ്രദേശങ്ങളും കാണികള്‍ക്കായി വിവിധ ഭക്ഷ്യവിഭവങ്ങളൊരുക്കുന്ന ഹോട്ടലുകള്‍കൊണ്ട് സമൃദ്ധമായിരിക്കും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 3ക്യൂ വെസ്റ്റ്ലൈഫ് ഫുഡ് വേള്‍ഡ്, ജൂബിലന്‍റ് ഫുഡ് വര്‍ക്ക്സ് പോലുള്ള ലിസറ്റ് ചെയ്ത കമ്പനികള്‍ ക്രിക്കറ്റ് ലോകകപ്പില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. മല്‍സരം നടക്കുന്ന നഗരങ്ങളില്‍ ഭക്ഷണസാധനങ്ങളുടെ വിലയില്‍ 150 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഗതാഗതം


വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് പുറമേ ഓരോ നഗരങ്ങളിലേക്കും തങ്ങളുടെ പ്രിയടീമിനൊപ്പം സഞ്ചരിക്കാനും മല്‍സരങ്ങള്‍ കാണാനും കാണികള്‍ സഞ്ചരിക്കുമ്പോള്‍ വ്യോമയാന രംഗത്തെ കമ്പനിയായ ഇന്‍റര്‍ഗ്ലോബ് ഏവിയേഷന്‍റെ ഓഹരികളിലും അത് പ്രതിഫലിക്കും. ഇന്‍ഡിഗോ വിമാനങ്ങളുടെ ഉടമസ്ഥരാണ് ഇന്‍റര്‍ഗ്ലോബ് ഏവിയേഷന്‍. മല്‍സരങ്ങള്‍ നടക്കുന്ന നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകളുടെ നിരക്കുകള്‍ 80 ശതമാനമാണ് വര്‍ധിക്കാറുള്ളത്.  രാജ്യത്തെ വ്യോമയാന വിപണിയുടെ 63 ശതമാനം ഇവരുടെ പക്കലാണ്. ട്രെയിനുകളിലും കാണികള്‍ ധാരാളമായി യാത്രചെയ്യും. അതുകൊണ്ടുതന്നെ ഐആര്‍സിടിസിയും പ്രതീക്ഷ കൈവിടുന്നില്ല.

ശീതളപാനീയ വിപണി

എല്‍ നിനോ പ്രതിഭാസം മൂലം ഇത്തവണ ചൂടുകൂടുതലായതുകൊണ്ടു തന്നെ ശീതളപാനീയ വിപണിയിലെ ഓഹരികളില്‍ വലിയ മുന്നേറ്റമാണ് നിലവില്‍ ദൃശ്യമാകുന്നത്. ലോകകപ്പ് കൂടിയാകുമ്പോള്‍ വലിയ നേട്ടം ഈ മേഖല പ്രതീക്ഷിക്കുന്നു. പെപ്സിയുടെ വിതരണക്കാരായ വരുണ്‍ ബിവറേജസ് ആണ് ഈ മേഖലയില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനി

ഇവയ്ക്ക് പുറമേ സ്പോര്‍ട്സ് വസ്ത്ര നിര്‍മാണ കമ്പനികള്‍, ലോജിസ്റ്റിക്സ് കമ്പനികള്‍, ടിവിയടക്കമുള്ള ഇലക്ട്രോണിക്സ് ഉല്‍പ്പന്ന നിര്‍മാതാക്കള്‍ എന്നീ മേഖലകളിലെ കമ്പനികളും ഈ ലോകകപ്പിനെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്


Disclaimer : മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/ വ്യാപാര നിര്‍ദേശമല്ല, ലഭ്യമായ വിവരങ്ങള്‍ മാത്രമാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ തീരുമാനങ്ങളെടുക്കുക.  ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി മനസിലാക്കുക

Latest Videos

click me!