ഉയർന്ന വരുമാനം വാഗ്ദാനം ചെയ്തുകൊണ്ട് ഹ്രസ്വകാല നിക്ഷേപ പദ്ധതി. ഉപഭോക്താക്കൾക്ക് ഉയർന്ന പലിശ ലഭിക്കുന്ന ഈ സ്‌കീം അവസാനിക്കാൻ ഇനി 10 ദിവസം കൂടി
ബാങ്കുകൾക്ക് ഉപഭോക്താക്കളെ പിടിച്ചുനിർത്താനുള്ള മാർഗങ്ങളിലൊന്നാണ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിക്കുന്നതും, മികച്ച പലിശനിരക്കോടെ പുതിയ ഹ്രസ്വകാല നിക്ഷേപ പദ്ധതികൾ തുടങ്ങുന്നതും. പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക് ഇത്തരം സ്‌പെഷ്യൽ എഫ്ഡി സ്‌കീമുകൾ തുടങ്ങിയിട്ടുണ്ട്. ഈ മാസം നിക്ഷേപകാലാവധി അവസാനിക്കുന്ന ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിനായുള്ള സ്‌പെഷ്യൽ സ്‌കീമിന്റെ വിശദാംശങ്ങൾ അറിയാം.
പിഎസ്ബി 555 ഡെയ്സ് എഫ്ഡി
8 ശതമാനം വരെ പലിശ നിരക്കുള്ള ഈ പൊതുമേഖലാ ബാങ്കിന്റെ പ്രത്യേക സ്ഥിരനിക്ഷേപം അവസാനിക്കാൻ പത്ത് ദിവസം മാത്രമേ ബാക്കിയൂള്ളു. ഏതൊരു ഇന്ത്യൻ പൗരനും പിഎസ്ബിയുടെ 555 ദിവസകാലാവധിയുള്ള സ്ഥിരനിക്ഷേപ പദ്ധതിയിൽ അംഗമാകാം. സൂപ്പർ സീനിയർ സിറ്റിസൺസിന് 8 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 7.85 ശതമാനവുമാണ് ബാങ്ക്ലഭ്യമാക്കുന്ന ഉയർന്ന പലിശ നിരക്ക്. 555 ദിവസത്തെ കാലാവധിയിൽ പൊതുവിഭാഗത്തിലെ നിക്ഷേപകർക്ക് 7.35% നിരക്കിലാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. ജൂൺ 30 വരെ പദ്ധതിയിൽ അംഗമാകാം.
എഫ്ഡി പലിശ നിരക്കുകൾ
സാധാരണ പൗരന്മാർക്ക് 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 2.80% മുതൽ 7.10% വരെ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പഞ്ചാബ് & സിന്ദ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. യഥാക്രമം 601 ദിവസം, 400 ദിവസം എന്നീ കാലയളവിലെ നിക്ഷേപങ്ങൾക്ക്, 7 ശതമാനവും, 7.10 ശതമാനവും പലിശനിരക്ക് ലഭ്യമാക്കുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് ബാങ്ക് 0.50% അധിക പലിശയും വാഗ്ദാനം ചെയ്യുന്നു. ബാങ്ക് വെബ്സൈറ്റ് പ്രകാരം സൂപ്പർ സീനിയർ സിറ്റിസൺസിന് (80 വയസും അതിനുമുകളിലും) നിശ്ചിത കാലയളവിലെ (അതായത് 400 ദിവസം, 555 ദിവസം, 601 ദിവസം) ടേം ഡെപ്പോസിറ്റുകൾക്ക് 0.15 ശതമാനം അധിക പലിശയുടെ ആനുകൂല്യവും നൽകും.