ടെലികോം കമ്പനികൾക്ക് ആശ്വാസം, കുടിശ്ശിക അടയ്ക്കാൻ 10 വർഷത്തെ സമയം നൽകി

By Web Team  |  First Published Sep 1, 2020, 12:43 PM IST

സ്പെക്ട്രം ലൈസൻസുമായി ബന്ധപ്പെട്ട എജിആർ കുടിശ്ശികയിൽ ആകെ അടയ്ക്കാനുള്ള 1.6 ലക്ഷം കോടി രൂപയിൽ 10 ശതമാനം അടുത്ത വർഷം മാർച്ച് 31-ന അകം അടയ്ക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.


ദില്ലി: രാജ്യത്തെ ടെലികോം കമ്പനികൾക്ക് ആശ്വാസം. സ്പെക്ട്രം ലൈസൻസുമായി ബന്ധപ്പെട്ട എജിആർ കുടിശ്ശിക അടച്ചുതീർക്കാൻ കമ്പനികൾക്ക് 10 വർഷത്തെ സമയം സുപ്രീംകോടതി അനുവദിച്ചു. ആകെ അടയ്ക്കാനുള്ള 1.6 ലക്ഷം കോടി രൂപയിൽ 10 ശതമാനം അടുത്ത വർഷം മാർച്ച് 31-ന് അകം അടയ്ക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. 

ഉത്തരവിന്‍റെ വിശദാംശങ്ങൾ ഇങ്ങനെ: എല്ലാ വർഷവും ഫെബ്രുവരി 7-ന് മുമ്പ് പരിശ സഹിതം ഇൻസ്റ്റാൾമെന്‍റായി വേണം കുടിശ്ശിക അടയ്ക്കാൻ. ഏതെങ്കിലും വർഷം കുടിശ്ശിക അടച്ചില്ലെങ്കിൽ അത് കോടതിയലക്ഷ്യമായി കണക്കാക്കും. അങ്ങനെ 2031 മാർച്ചിന് മുമ്പ് മുഴുവൻ കുടിശ്ശികയും അടച്ചുതീർക്കണമെന്നും ഉത്തരവിലുണ്ട്. 20 വ‌ർഷത്തെ സമയമാണ് കുടിശ്ശിക അടയ്ക്കാൻ കമ്പനികൾ ചോദിച്ചതെങ്കിലും 10 വ‌ർഷം സമയം മാത്രമേ നൽകാനാകൂ എന്നാണ് കോടതി ഉത്തരവിട്ടത്. 

Latest Videos

undefined

ഉത്തരവിന് പിന്നാലെ ഭാരതി എയർടെല്ലിന്‍റെ ഓഹരികൾ വിപണിയിൽ ഉയർന്നെങ്കിലും, വോഡഫോൺ - ഐഡിയയുടെ ഓഹരികൾ തകർന്നു. 

ഒക്ടോബർ 2019-ലാണ് സ്പെക്ട്രം ഉപയോഗത്തിന്‍റെ ലൈസൻസ് ഫീ ഇനത്തിലും സ്പെട്ക്ട്രം ഉപയോഗത്തിനുള്ള ചാർജ് ഇനത്തിലും സർക്കാ‍ർ നിർദേശിക്കുന്ന തുക തന്നെ ടെലികോം കമ്പനികൾ അടയ്ക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഈ തുകയുടെ കുടിശ്ശിക ഭാരതി എയർടെൽ, ടാറ്റ ടെലിസർവീസസ്, വോഡഫോൺ - ഐഡിയ എന്നീ കമ്പനികൾ അടച്ചുതീർത്തേ പറ്റൂ എന്നും കോടതി ഉത്തരവിട്ടിരുന്നു.

2020 മാർച്ചിൽ ഈ കമ്പനികൾക്ക് കുടിശ്ശിക അടച്ചുതീർക്കാൻ 20 വർഷത്തെയെങ്കിലും സമയം നൽകണമെന്നും വ്യക്തമാക്കി ടെലികോം വകുപ്പ് സുപ്രീംകോടതിയെ സമീപിച്ചു. കേസ് പരിഗണിക്കവേ, ലോക്ക്ഡൗൺ കാലത്ത് വലിയ ലാഭമുണ്ടാക്കിയ ടെലികോം കമ്പനികൾ എന്തുകൊണ്ട് സർക്കാരിലേക്ക് നൽകേണ്ട തുക നൽകുന്നില്ല എന്ന് കോടതി ചോദിച്ചിരുന്നു. സ്പെക്ട്രം എജിആർ കുടിശ്ശിക കണക്കാക്കുന്നതിനെക്കുറിച്ച് ഇനിയൊരു പുനഃപരിശോധന ഉണ്ടാകില്ലെന്നും കടുത്ത ഭാഷയിൽത്തന്നെ സുപ്രീംകോടതി വ്യക്തമാക്കി. ''ഒരു സെക്കന്‍റ് പോലും അതേക്കുറിച്ചുള്ള വാദം ഇനി കേൾക്കില്ല'', എന്നാണ് ജസ്റ്റിസുമാരായ ബി ആർ ഗവായ്, കൃഷ്ണമുരാരി എന്നിവർ അംഗങ്ങളായ ബഞ്ച് വ്യക്തമാക്കിയത്. 

നേരത്തേ ഈ കുടിശ്ശിക 'ഒറ്റ രാത്രി കൊണ്ട് അടച്ചുതീർക്കാൻ ഉത്തരവിടു'മെന്നടക്കം രൂക്ഷമായ ഭാഷയിൽ കോടതി ടെലികോം കമ്പനികളെയും കേന്ദ്രസർക്കാരിനെയും ശാസിച്ചിരുന്നു. ഇത്ര വലിയ തുക വളരെ കുറച്ച് സമയത്തിനകം അടച്ചുതീർക്കാൻ ഉത്തരവിട്ടാൽ, പിന്നെ കമ്പനി തന്നെ അടച്ചുപൂട്ടേണ്ടി വരുമെന്ന് വോഡഫോൺ - ഐഡിയ കോടതിയിൽ വാദിച്ചു. 

എന്താണ് എജിആർ? അത് കണക്കാക്കുന്നതെങ്ങനെ?

സർക്കാരും ടെലികോം കമ്പനികളും തമ്മിൽ ടെലികോം സ്പെക്ട്രം ഉപയോഗത്തിന്‍റെ ലൈസൻസ് ഫീ ഇനത്തിലും സ്പെട്ക്ട്രം ഉപയോഗത്തിനുള്ള ചാർജ് ഇനത്തിലും ഉള്ള തുക പങ്കുവയ്ക്കുന്ന സംവിധാനമാണ് എജിആർ അഥവാ, Adjusted Gross Revenue. ടെലികോം കമ്പനികൾ സർക്കാർ നൽകുന്ന സ്പെക്ട്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന ലാഭത്തിന്‍റെ ഒരു വിഹിതം സർക്കാരിലേക്ക് തന്നെ നൽകുന്ന തരത്തിലാണ് ഈ എജിആർ കണക്കാക്കുന്നത്. 1999 വരെ ടെലികോം കമ്പനികളും സർക്കാരും തമ്മിൽ ഒരു നിശ്ചിത തുക മാത്രം കൈമാറുന്ന തരത്തിലുള്ള ഫിക്സഡ് ലൈസൻസ് ഫീ സംവിധാനമാണ് ഉണ്ടായ്രുന്നത്. 

എന്തിലാണ് തർക്കം?

എങ്ങനെ എജിആർ കണക്കാക്കണം എന്നതിലാണ് പ്രധാനമായും ടെലികോം കമ്പനികളും സർക്കാരും തമ്മിൽ തർക്കം ഉടലെടുത്തത്. പതിറ്റാണ്ടിലേറെയായി എങ്ങനെ ഇത് കണക്കാക്കാമെന്നതിൽ നിയമപോരാട്ടം നടന്നു വരുന്നു. സർക്കാർ വാദിച്ചിരുന്നത്, എജിആർ എന്നത് ടെലികോം, നോൺ ടെലികോം സർവീസുകളിൽ നിന്നെല്ലാം ടെലികോം കമ്പനികൾക്ക് കിട്ടുന്ന ലാഭത്തിന്‍റെ ഒരു വിഹിതം ചേർത്തതാണെന്നാണ്. എന്നാൽ ടെലികോം കമ്പനികളാകട്ടെ, ടെലികോം സേവനങ്ങളിൽ നിന്ന് മാത്രം കിട്ടുന്ന തുകയുടെ ഒരു നിശ്ചിതവിഹിതമാകണം ഇതിൽ കണക്കാക്കേണ്ടത് എന്ന് വാദിച്ചു. ഒടുവിൽ 2019-ൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബഞ്ച്, സർക്കാരിന്‍റെ വാദം അംഗീകരിച്ച് ഉത്തരവിട്ടു. ടെലികോം കമ്പനികൾക്ക് വൻ തിരിച്ചടിയായിരുന്നു ഈ ഉത്തരവ്. അതുവരെ ആയിരം കോടിയോളം രൂപ മാത്രം കുടിശ്ശികയേ അടക്കേണ്ടി വരൂ എന്ന് കണക്കുകൂട്ടിയ ടെലികോം കമ്പനികൾക്ക് സുപ്രീംകോടതി ഉത്തരവോടെ ആകെ ലക്ഷം കോടിയോളം രൂപ കുടിശ്ശിക ഇനത്തിൽ മാത്രം അടയ്ക്കണം എന്ന് വന്നു. 

ഇത് ഉടനടി അടയ്ക്കാൻ ആസ്തിയില്ലെന്നും, അങ്ങനെ അടയ്ക്കേണ്ടി വന്നാൽ അടച്ചുപൂട്ടേണ്ടി വരുമെന്നും ടെലികോം കമ്പനികൾ വാദിച്ചു. ഇത് ശരിയാണെന്നും, വൻബാധ്യതകൾക്ക് നടുവിൽ ടെലികോം കമ്പനികൾ നിന്നാൽ അത് ഉപഭോക്താക്കളെയാകും ബാധിക്കുകയെന്നും കേന്ദ്രസർക്കാരും വാദിച്ചു.

ഇതിനിടെ, പാപ്പർഹർജി നൽകിയ അനിൽ അംബാനിയുടെ സ്പെക്ട്രം ഉപയോഗിക്കുന്ന മുകേഷ് അംബാനിയുടെ ജിയോയെ എജിആർ കുടിശ്ശികയിൽ നിന്ന് ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടിയെക്കുറിച്ചും സുപ്രീംകോടതി വിമർശനമുന്നയിച്ചു. ഇതിൽ വാണിജ്യരംഗത്ത് തന്നെ വലിയ വിവാദവുമുയർന്നു. കേന്ദ്രസർക്കാരിന്‍റെയും ടെലികോം കമ്പനികളുടെയും വാദങ്ങൾ വിശദമായി കേട്ട ശേഷമാണ് സുപ്രീംകോടതി കുടിശ്ശിക അടയ്ക്കാൻ 10 വ‌ർഷത്തെ സമയം ടെലികോം കമ്പനികൾക്ക് നൽകുന്നത്. 

click me!