വായ്പ തിരിച്ചടവ് മുടങ്ങിയാൽ ബാങ്കിൽ നിന്നുമുള്ള ഫോൺകോളുകൾക്ക് മിക്കവരും മറുപടി നൽകാറില്ല. അതിനാൽ അവരെ അറിയിക്കാതെ അവരുടെ വീടുകളിൽ കണ്ടുമുട്ടുക എന്നതാണ് ഏറ്റവും നല്ല മാർഗമെന്നാണ് ബാങ്ക് പറയുന്നത്.
മുബൈ: വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കിൽ നിന്നും ഫോൺ കോളോ, മെസ്സേജോ വന്നാൽ നിങ്ങൾ എന്താണ് ചെയ്യുക. മിക്കവരും ഫോൺ കോൾ അറ്റൻഡ് ചെയ്യാൻ തന്നെ മടിക്കും. എന്നാൽ, വായ്പാ തിരിച്ചടച്ചില്ലെങ്കിൽ ബാങ്ക് നിങ്ങൾക്ക് അൽപം മധുരം നൽകിയാലോ? സംശയിക്കേണ്ട , വായ്പാ തിരിച്ചടവ് കൃത്യമായിത്തന്നെ നടക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ചോക് ലേറ്റുമായി എത്തുകയാണ് പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐ.
റീട്ടെയിൽ വായ്പകളുമായി ബന്ധപ്പെട്ടാണ് പുതിയ തീരുമാനം. പ്രതിമാസ തവണകളിൽ വീഴ്ച വരുത്താൻ സാധ്യതയുള്ളവരെ ഒരു പായ്ക്ക് ചോക്ലേറ്റ് നൽകി അഭിവാദ്യം ചെയ്തുകൊണ്ട് വായ്പാ തിരിച്ചടവിനെപ്പറ്റി ഓർമ്മപ്പെടുത്തും. വായ്പ തിരിച്ചടവ് മുടങ്ങിയാൽ ബാങ്കിൽ നിന്നുമുള്ള ഫോൺകോളുകൾക്ക് മിക്കവരും മറുപടി നൽകാറില്ല. അതിനാൽ അവരെ അറിയിക്കാതെ അവരുടെ വീടുകളിൽ കണ്ടുമുട്ടുക എന്നതാണ് ഏറ്റവും നല്ല മാർഗമെന്നാണ് ബാങ്ക് പറയുന്നത്. ഒരാൾ കടം വാങ്ങുന്നവരുമായി അനുരഞ്ജനം നടത്തുമ്പോൾ, മറ്റൊരാൾ വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്താൻ സാധ്യതയുള്ളവരെ കണ്ടെത്തി അവർക്ക് മുന്നറിയിപ്പ് നൽകും. ബാങ്ക് പ്രതിനിധികൾ വായ്പയെടുത്തവരെ സന്ദർശിച്ച് ചോക് ലേറ്റ് നൽകി തിരിച്ചടവിനെക്കുറിച്ച് ഓർമ്മിപ്പിക്കും.
വായ്പ തിരിച്ചടവ് വര്‍ധിപ്പിച്ച് കൂടുതല്‍ കളക്ഷന്‍ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. പലിശനിരക്കിലെ വർദ്ധനവിന്‍റെ പശ്ചാത്തലത്തിൽ, വായ്പ തിരിച്ചടക്കാത്തവരുടെ എണ്ണവും കൂടുന്നുണ്ട്. ഈ പുതിയ സമീപനം വായ്പ വീണ്ടെടുക്കൽ നിരക്കുകൾ മെച്ചപ്പെടുത്തുമെന്നാണ് ബാങ്കിന്‍റെ പ്രതീക്ഷ. റീട്ടെയിൽ വായ്പകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, വായ്പാ തിരിച്ചടക്കാത്തവരുടെ എണ്ണവും കൂടുന്നുണ്ട്. എസ്ബിഐയുടെ റീട്ടെയിൽ ലോൺ ബുക്ക് 2023 ജൂൺ പാദത്തിൽ 16.46 ശതമാനം വർധിച്ച് 12,04,279 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 10,34,111 കോടി രൂപയായിരുന്നു.