ഭിക്ഷാടനം ബിസിനസോ?, താക്കീത് നൽകി സൗദി, നാണം കെട്ട് പാകിസ്ഥാന്‍

By Web Team  |  First Published Sep 26, 2024, 4:49 PM IST

ഇത്തരം ശ്രമങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ പാക്കിസ്ഥാനിലെ ഉംറ, ഹജ് തീര്‍ഥാടകരെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് സൗദി അധികൃതര്‍ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്


ഉംറയുടെ മറവില്‍ തങ്ങളുടെ രാജ്യത്തേക്ക് വരുന്ന പാകിസ്ഥാന്‍ ഭിക്ഷാടകരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സൗദി അറേബ്യ. ഭിക്ഷാടകര്‍ രാജ്യത്തേക്ക് കടക്കുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പാകിസ്ഥാനോട് സൗദി ആവശ്യപ്പെട്ടു. ഇത്തരം ശ്രമങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ പാക്കിസ്ഥാനിലെ ഉംറ, ഹജ് തീര്‍ഥാടകരെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് സൗദി അധികൃതര്‍ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൗദി ഹജ്ജ് മന്ത്രാലയം ആണ് പാകിസ്ഥാന്‍ മതകാര്യ മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

 സൗദി അംബാസഡര്‍ നവാഫ് ബിന്‍ സെയ്ദ് അഹമ്മദ് അല്‍ മാലിക്കിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സൗദി അറേബ്യയിലേക്ക് യാചകരെ അയക്കുന്ന മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാക്ക് ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടാകാതെ വന്നതോടെയാണ് പാക്കിസ്ഥാന് സൗദി അറേബ്യ കർശന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Latest Videos

ഉംറയുടെ മറവില്‍ ആണ് പാക്കിസ്ഥാനി ഭിക്ഷാടകര്‍ സൗദിയിലേക്ക് യാത്ര ചെയ്യുന്നത്.  ഉംറ വിസയില്‍ സൗദി അറേബ്യയിലേക്ക് പോകുകയും പിന്നീട് ഭിക്ഷാടനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുകയുമാണ് ഇവര്‍. ഇതിന് മുമ്പും ഒരു തവണ പാകിസ്ഥാന് ഇതേ വിഷയത്തില്‍ സൗദി മുന്നറിയിപ്പ് നല്‍കിയിരുന്നു.  ഈ വര്‍ഷം ജൂലൈയില്‍ 2000 ഭിക്ഷാടകരുടെ പാസ്പോര്‍ട്ട് സസ്പെന്‍ഡ് ചെയ്യാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അറബ് രാജ്യങ്ങളിലെ 100 ഭിക്ഷാടകരില്‍ 90 പേരും പാക്കിസ്ഥാനില്‍ നിന്നുള്ളവരാണെന്നാണ്  കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട്. വിഷയത്തില്‍ കര്‍ശനമായ നടപടികള്‍ നടപ്പാക്കുമെന്നും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെ (എഫ്ഐഎ) ഇതിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി, സൗദി അംബാസഡര്‍ നവാഫ് ബിന്‍ സെയ്ദ് അഹമ്മദ് അല്‍ മാല്‍ക്കിക്കിനെ അറിയിച്ചു.

click me!