ഒരു അധികാരവുമില്ലാതെയാണ് ചില വ്യാജ ഏജന്‍സികള്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതെന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
ന്യൂഡല്‍ഹി: പൊതുജനങ്ങള്‍ക്ക് സുപ്രധാന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കള്‍ ബാങ്കുകളില്‍ നിന്ന് എടുത്തിട്ടുള്ള വായ്‍പകള്‍ എഴുതിത്തള്ളുമെന്ന് കാണിച്ച് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്ന പരസ്യത്തിനെതിരെയാണ് റിസര്‍വ് ബാങ്ക് ജാഗ്രതാ നിര്‍ദേശം പുറത്തിറക്കിയത്. ലോണെടുത്തവരെ പ്രലോഭിപ്പിക്കാന്‍ ലക്ഷ്യമിട്ട് വായ്പകള്‍ എഴുതിത്തള്ളുമെന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതായി റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ആളുകളെ കബളിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അച്ചടി മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഇത്തരം നിരവധി പ്രചരണ പരിപാടികള്‍ ഇത്തരം തട്ടിപ്പുകാര്‍ നടത്തിവരുന്നതായി മനസിലാക്കിയിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് അറിയിപ്പില്‍ പറയുന്നു. ലോണ്‍ എഴുതിത്തള്ളാനും അതിന് ശേഷം ലോണുകള്‍ എഴുതിത്തള്ളിയെന്ന് അവകാശപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും ഇത്തരം ഏജന്‍സികള്‍ ഉപഭോക്താക്കളുടെ കൈയില്‍ നിന്ന് സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ പണം വാങ്ങുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഈ പണം തട്ടാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് നിഗമനം. യാതൊരു അധികാരവുമില്ലാതെയാണ് ഇത്തരം വ്യാജ സ്ഥാപനങ്ങള്‍ വായ്പകള്‍ എഴുതിത്തള്ളിയെന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
undefined
ബാങ്കുകള്‍ ജാമ്യമായി വാങ്ങിവെച്ചിട്ടുള്ള ഈടുകളിന്മേല്‍ ബാങ്കുകള്‍ക്കുള്ള അധികാരം ഇല്ലാതാക്കുമെന്ന വ്യാജേനയാണ് ചില വ്യക്തികള്‍ ചില സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. ബാധ്യതകള്‍ തിരിച്ചുപിടിക്കാനുള്ള ബാങ്കുകളുടെ ശ്രമം വിഫലമാക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഇതിലൂടെ സംഭവിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എടുത്തിട്ടുള്ള വായ്പകള്‍ തിരിച്ചടയ്‍ക്കേണ്ടതില്ല എന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ഉറപ്പുനല്‍കി കബളിപ്പിക്കുകയാണ് ലക്ഷ്യം.
ഇത്തരം തട്ടിപ്പ് ശ്രമങ്ങള്‍ ധനകാര്യ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നും നിക്ഷേപകരുടെ താത്പര്യങ്ങളായിരിക്കും അതിലൂടെ ഹനിക്കപ്പെടുന്നതെന്നും റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങളുമായി സഹകരിക്കുന്നത് സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ഇടയാക്കുമെന്നം റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്ന ഇതുപോലുള്ള പരസ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അവ ബന്ധപ്പെട്ട ഏജന്‍സികളെ അറിയിക്കണമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...