ഓണ്‍ലൈനില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക; അടുത്ത ആഴ്ച മുതല്‍ ചെറിയൊരു പ്രശ്നമുണ്ട്

By Web Team  |  First Published Sep 14, 2023, 1:47 PM IST

ആമസോണ്‍ വഴി ഡെലിവറി ചെയ്യുന്ന ക്യാഷ് ഓണ്‍ ‍ഡെവിലറി ഓര്‍ഡറുകള്‍ക്കാണ് സെപ്റ്റംബര്‍ 19-ാം തീയ്യതി മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പുതിയ അറിയിപ്പ് ബാധകമാവുന്നത്.


ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ച സാഹചര്യത്തില്‍ പലയിടങ്ങളിലും ഇപ്പോള്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ സ്വീകരിക്കുന്നില്ല. നോട്ടുകള്‍ മാറിയെടുക്കാന്‍ റിസര്‍വ് ബാങ്ക് അനുവദിച്ച സമയം ഈ മാസം അവസാനം വരെയുണ്ടെങ്കിലും ഈ തീയ്യതി അടുത്തുവരുന്ന സാഹചര്യത്തിലാണ് രണ്ടായിരത്തിന്റെ നോട്ടുകളോട് പല സ്ഥലങ്ങളിലും വിമുഖത. ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണാണ് ഇക്കാര്യത്തില്‍ ഏറ്റവും പുതിയ അറിയിപ്പ് ഉപഭോക്താക്കള്‍ക്കായി നല്‍കിയിരിക്കുന്നത്.

ക്യാഷ് ഓണ്‍ ഡെലിവറി ഓര്‍ഡറുകള്‍ക്കുള്ള പണമായി നിലവില്‍ ആമസോണ്‍ രണ്ടായിരം രൂപ നോട്ടുകള്‍ സ്വീകരിക്കാറുണ്ടെങ്കിലും സെപ്റ്റംബര്‍ 19 വരെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ എന്നാണ് അറിയിപ്പ്. സെപ്റ്റംബര്‍ 19ന് ശേഷം ആമസോണ്‍ വഴി എത്തിക്കുന്ന ക്യാഷ് ഓണ്‍ ഡെലിവറി ഓര്‍ഡറുകള്‍ക്ക് രണ്ടായിരം രൂപ നോട്ടുകള്‍ സ്വീകരിക്കില്ല.  ആമസോണ്‍ പേയുടെ ഡോര്‍ സ്റ്റെപ്പ് ക്യാഷ് ലോഡ് സംവിധാനത്തിനും ഈ തീയ്യതിക്ക് ശേഷം 2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ല. 2000 രൂപ നോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ആമസോണ്‍ വെബ്‍സൈറ്റിലെ FAQ സെക്ഷനിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

Latest Videos

undefined

Read also: 2000 രൂപ നോട്ടുകൾ മാറാൻ ബാങ്കിലേക്കാണോ? ഈ 4 കാര്യങ്ങൾ അറിഞ്ഞിരിക്കാം

അതേസമയം ആമസോണിന്റെ സ്വന്തം ഡെലിവറി സംവിധാനത്തിലൂടെ എത്തിക്കുന്ന ഓര്‍ഡറുകള്‍ക്ക് മാത്രമാണ് ഈ അറിയിപ്പ് ബാധകമാവുക. മറ്റ് തേര്‍ഡ് പാര്‍ട്ടി കൊറിയറുകള്‍ വഴി എത്തുന്ന ക്യാഷ് ഓണ്‍ ഡെലിവറി ഓര്‍ഡറുകളുടെ കാര്യത്തില്‍ അതത് കൊറിയര്‍ കമ്പനികളുടെ തീരുമാനമായിരിക്കും ബാധകം. വിപണിയില്‍ നിന്ന് റിസര്‍വ് ബാങ്ക് പിന്‍വലിച്ച രണ്ടായിരം രൂപാ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ പൊതുജനങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെയാണ് അവസരം നല്‍കിയിരിക്കുന്നത്. 

സെപ്റ്റംബര്‍ ഒന്നാം തീയ്യതി റിസര്‍വ് ബാങ്ക് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഇതുവരെ പുറത്തിറങ്ങിയ രണ്ടായിരം രൂപാ നോട്ടുകളില്‍ 93 ശതമാനവും ഇതിനോടകം തന്നെ ബാങ്കുകളില്‍ തിരിച്ചെത്തിക്കഴിഞ്ഞു. ഓഗസ്റ്റ് 31 വരെയുള്ള കണക്ക് പ്രകാരം 3.32 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് ഇങ്ങനെ തിരിച്ചെത്തിയത്. ബാങ്കുകളില്‍ തിരികെയെത്തിയ രണ്ടായിരം രൂപാ നോട്ടുകളില്‍ 87 ശതമാനവും അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെടുകയായിരുന്നു. 13 ശതമാനം നോട്ടുകളാണ് മറ്റ് നോട്ടുകളാക്കി മാറ്റി എടുക്കപ്പെട്ടത്. നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള സമയ പരിധി നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

tags
click me!