2022-23 സാമ്പത്തിക വർഷത്തിൽ നിരവധി ഇന്ത്യൻ കമ്പനികൾ മികച്ച ലാഭം ഉണ്ടാക്കുകയും, നികുതിയിനത്തിലൂടെ സർക്കാരിന്റെ വരുമാനത്തിൽ നല്ലൊരു തുക സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്.
നികുതിയുമായി ബന്ധപ്പെട്ട വാർത്തകൾ കേൾക്കാൻ പൊതുവെ ആളുകൾക്ക് ആകാംക്ഷയുണ്ടാകാറുണ്ട്. ലാഭമുണ്ടാക്കുന്തോറും, നികുതി നൽകുന്നതിലും മാറ്റം വരും, മാത്രമല്ല ഏതൊക്കെ കമ്പനികളാണ് മികച്ചു നിൽക്കുന്നതെന്നും, ഏതൊക്കെ കമ്പനികളാണ് മോശം പ്രകടനം കാഴ്ചവെയ്ക്കുന്നതെന്നും, നികുതി കുടിശ്ശിക വരുത്തിയതുമെല്ലാം പൊതുജന താൽപര്യമുള്ള വിഷയം തന്നെയാണ്. 2022-23 സാമ്പത്തിക വർഷത്തിൽ ഉയർന്ന നികുതി അടച്ച പത്ത് കമ്പനികളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ALSO READ: ഉയർന്ന ഇപിഎസ് പെൻഷന് അപേക്ഷിക്കാൻ ഏതൊക്ക രേഖകൾ വേണം? ലിസ്റ്റ് പുറത്ത് വിട്ട് ഇപിഎഫ്ഒ
ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം 2022-23 സാമ്പത്തിക വർഷത്തിൽ നിരവധി ഇന്ത്യൻ കമ്പനികൾ മികച്ച ലാഭം ഉണ്ടാക്കുകയും, നികുതിയിനത്തിലൂടെ സർക്കാരിന്റെ വരുമാനത്തിൽ നല്ലൊരു തുക സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 20,713 കോടി രൂപ നികുതി അടച്ച് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ആണ് പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ളത്. രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കഴിഞ്ഞ സാമ്പത്തിക വർഷം 17,648.67 കോടി രൂപ നികുതിയിനത്തിൽ അടച്ച് രണ്ടാം സ്ഥാനത്തെത്തി. നികുതിയിനത്തിൽ 15,349.69 കോടി രൂപ സംഭാവന ചെയ്ത എച്ച്ഡിഎഫ്സി ബാങ്ക് മൂന്നാം സ്ഥാനത്തും, 14,604 കോടി രൂപ നികുതി അടച്ച് ടാറ്റ കൺസൾട്ടൻസി സർവീസസ് പട്ടികയിൽ നാലാം സ്ഥാനത്തുമാണ്. 11,793.44 കോടി രൂപ നികുതിയിനത്തിൽ സർക്കാരിലേക്ക് അടച്ച പ്രമുഖ ധനകാര്യ സ്ഥാപനമായ ഐസിഐസിഐ ബാങ്കാണ് അഞ്ചാം സ്ഥാനത്തുള്ളത്
10,273.15 കോടി രൂപ നികുതിയിനത്തിൽ സംഭാവന ചെയ്ത ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷനായ ഒഎൻജിസി ആറാം സ്ഥാനത്തും, 10,159.77 കോടി രൂപ നികുതി അടച്ച് ടാറ്റ സ്റ്റീൽ ഏഴാം സ്ഥാനത്തുമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 9,875.87 കോടി രൂപ നികുതിയടച്ച കോൾ ഇന്ത്യ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. 9,214 കോടി രൂപ നികുതി ഇനത്തിൽ സംഭാവന ചെയ്യുന്ന ഐടി ഭീമനായ ഇൻഫോസിസ് ഒമ്പതാം സ്ഥാനത്താണ്. 7,702.67 കോടി രൂപ നികുതിയിനത്തിൽ അടച്ച പ്രമുഖ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കാണ് പട്ടികയിൽ പത്താം സ്ഥാനത്തുള്ളത്.