എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ചിലപ്പോൾ അത് പുറത്തേക്ക് വരില്ല. പക്ഷെ അക്കൗണ്ടിൽ നിന്നും പണം കുറയുകയും ചെയ്യും. ഇങ്ങനെ സംഭവിച്ചാൽ എന്തുചെയ്യും
എടിഎം ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. പണം കാശായി കൈവശം വെക്കാതെ ഡെബിറ്റ് കാർഡിലൂടെ ആവശ്യം വരുമ്പോൾ പിൻവലിക്കുന്നവർ ധാരാളമാണ്. ടിഎം വളരെ സൗകര്യപ്രദമാണെങ്കിലും, ചിലപ്പോൾ അത് പണി തരാറുണ്ട്. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ചിലപ്പോൾ അത് പുറത്തേക്ക് വരില്ല. പക്ഷെ അക്കൗണ്ടിൽ നിന്നും പണം കുറയുകയും ചെയ്യും. ഇങ്ങനെ സംഭവിച്ചാൽ പണം നഷ്ടമായെന്ന് ഓർത്ത് പേടിക്കേണ്ട. ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ പണം തിരികെ ലഭിക്കാനുള്ള വഴികളുണ്ട്.
എടിഎമ്മിൽ എല്ലാ വിശദാംശങ്ങളും കൃത്യമായി നൽകിയിട്ടും പണം ലഭിക്കാതെ വന്നാൽ എന്ത് ചെയ്യും. പണം പിൻവലിക്കാതെ അക്കൗണ്ടിൽ നിന്ന് ബാലൻസ് കുറയ്ക്കുകയാണെങ്കിൽ, അത് എടിഎമ്മിലെ എന്തെങ്കിലും സാങ്കേതിക തകരാർ മൂലമാകാം. ഈ പണം തിരികെ നൽകുന്നതിന്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 5 ദിവസത്തെ സമയപരിധി ബാങ്കിന് അനുവദിച്ചിട്ടുണ്ട്. ചട്ടങ്ങൾ അനുസരിച്ച്, നിശ്ചിത കാലയളവിനുള്ളിൽ എല്ലാ ബാങ്കുകളും ഇങ്ങനെ ലഭിച്ച പണം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് തിരികെ നൽകണം. ഇത് സംഭവിച്ചില്ലെങ്കിൽ, ബാങ്ക് ഓരോ ദിവസവും ഉപഭോക്താവിന് 100 രൂപ പിഴയായി നൽകണം.
റിസർവ് ബാങ്കിന്റെ നിർദേശം അനുസരിച്ച്, പണം നഷ്ടമായാൽ ആദ്യം നിങ്ങൾ നിങ്ങളുടെ ബാങ്കിന്റെ ഏറ്റവും അടുത്തുള്ള ശാഖയിൽ പോയി കാര്യം പറയണം. വേണമെങ്കിൽ, കസ്റ്റമർ കെയറിൽ വിളിച്ച് ബാങ്കിനെ അറിയിക്കാം. ഇതിനുശേഷം നിങ്ങളുടെ പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്യാം. തുടർന്ന് ബാങ്ക് വിഷയം അന്വേഷിക്കുകയും ചെയ്യും. നിങ്ങളുടെ പരാതി ശരിയാണെന്ന് കണ്ടെത്തിയാൽ, 5 മുതൽ 6 ദിവസത്തിനുള്ളിൽ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരികെ നൽകും. നിങ്ങളുടെ എടിഎം സ്ലിപ്പും മൊബൈലിൽ ലഭിച്ച സന്ദേശവും സുരക്ഷിതമായി സൂക്ഷിക്കണം. എടിഎം ഇടപാടിന്റെ തെളിവായി ഇത് ഉപയോഗിക്കാം. ബാങ്കിൽ പരാതി നൽകി 30 ദിവസത്തിനകം പണം നിങ്ങളുടെ അക്കൗണ്ടിൽ തിരിച്ചെത്തിയില്ലെങ്കിൽ പരാതി പരിഹാര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകാം.