പത്താം തവണയും റിപ്പോ മാറ്റാതെ ആർബിഐ; 6.5 ശതമാനത്തിൽ തുടരും

By Web Team  |  First Published Oct 9, 2024, 10:47 AM IST

2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കില്‍ മാറ്റം വരുത്തിയത്.


ദില്ലി: തുടർച്ചയായി പത്താം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തി  റിസർവ് ബാങ്ക്.  ചില്ലറ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് തല്‍ക്കാലം പലിശ കുറയ്ക്കേണ്ടെന്ന നിലപാടിലേക്ക് ആര്‍ബിഐ എത്തിയത്. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 7.2 % ആയി തുടരും. ഭക്ഷ്യ വിലക്കയറ്റത്തെ തുടർന്ന് സെപ്റ്റംബറിലെ വിലക്കയറ്റതോത് കൂടാൻ സാധ്യതയെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 

ഈ സാമ്പത്തിക വർഷത്തിലെ പണപ്പെരുപ്പ പ്രവചനം 4.5%  തന്നെയാണ്. പശ്ചിമേഷ്യയിലെ പ്രതിസന്ധി കൂടുതല്‍ വഷളായാല്‍ ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില വീണ്ടും വര്‍ധിക്കും. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന് ശേഷം അസംസ്കൃത എണ്ണയുടെ വിലയില്‍ 10 ശതമാനത്തോളം വര്‍ധനയുണ്ടായിട്ടുണ്ട്. ഇത് വീണ്ടും പണപ്പെരുപ്പ നിരക്ക് ഉയരുന്നതിന് വഴി വയ്ക്കും. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ പണപ്പെരുപ്പം 5 ശതമാനത്തിന് മുകളിലായിരിക്കുമെന്നാണ് കണക്കുകൂട്ടുന്നത് എംപിസിയുടെ പുതുതായി നിയമിതരായ ബാഹ്യ അംഗങ്ങളായ രാം സിംഗ്, സൗഗത ഭട്ടാചാര്യ, നാഗേഷ് കുമാർ എന്നിവർക്കുള്ള ആദ്യ യോഗമായിരുന്നു ഇത് 

Latest Videos

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പക്കുള്ള പലിശ നിരക്കായ റിപ്പോ 2023 ഫെബ്രുവരി മുതല്‍ 6.5 ശതമാനത്തില്‍ തുടരുകയാണ്. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കില്‍ മാറ്റം വരുത്തിയത്. അന്ന് റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു. അതേ സമയം ഡിസംബര്‍ മുതല്‍  റിപ്പോ നിരക്കില്‍ ചില ഇളവുകള്‍ക്ക് സാധ്യതയുണ്ടന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ പലിശ നിരക്ക് കുറയ്ക്കാന്‍ തുടങ്ങിയാല്‍ 50 മുതല്‍ 75 ബേസിസ് പോയിന്‍റ് വരെ പലിശ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായ പ്രകാരം റിപ്പോ നിരക്ക് 6 ശതമാനമായി കുറഞ്ഞേക്കും.

click me!