എ + റേറ്റുചെയ്ത മൂന്ന് സെൻട്രൽ ബാങ്ക് ഗവർണർമാരുടെ പട്ടികയിൽ ശക്തികാന്ത ദാസ് ഒന്നാം സ്ഥാനത്താണ്.
വാഷിങ്ടൺ: ആഗോളതലത്തിൽ ഏറ്റവും മികച്ച സെൻട്രൽ ബാങ്കറായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാഗസിൻ ആണ് ആഗോളതലത്തിൽ ഏറ്റവും മികച്ച സെൻട്രൽ ബാങ്കറായി ശക്തികാന്ത ദാസിനെ തിരഞ്ഞെടുത്തത്. 2023 ലെ ഗ്ലോബൽ ഫിനാൻസ് സെൻട്രൽ ബാങ്കർ റിപ്പോർട്ട് കാർഡുകളിൽ ശക്തികാന്ത ദാസിന് 'എ+' റേറ്റ് ആണ് ലഭിച്ചത്. എ + റേറ്റുചെയ്ത മൂന്ന് സെൻട്രൽ ബാങ്ക് ഗവർണർമാരുടെ പട്ടികയിൽ ശക്തികാന്ത ദാസ് ഒന്നാം സ്ഥാനത്താണ്.
പണപ്പെരുപ്പ നിയന്ത്രണം, സാമ്പത്തിക വളർച്ചാ ലക്ഷ്യങ്ങൾ, കറൻസി സ്ഥിരത, പലിശ നിരക്ക് മാനേജ്മെന്റ് എന്നിവയിലെ റേറ്റിംഗുകളാണ് വിലയിരുത്തുക. എ മുതൽ എഫ് വരെയുള്ള സ്കെയിലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഗ്രേഡുകൾ. ശക്തികാന്ത ദാസിന് പിന്നാലെ സ്വിറ്റ്‌സർലൻഡ് ഗവർണർ തോമസ് ജെ ജോർദാനും വിയറ്റ്‌നാം സെൻട്രൽ ബാങ്ക് മേധാവി എൻഗുയെൻ തി ഹോംഗും ആദ്യ മൂന്നിൽ ഇടം നേടി. 'എ' ഗ്രേഡ് നേടിയ സെൻട്രൽ ബാങ്ക് ഗവർണർമാരിൽ ബ്രസീലിലെ റോബർട്ടോ കാംപോസ് നെറ്റോ, ഇസ്രായേലിലെ അമീർ യാറോൺ, മൗറീഷ്യസിലെ ഹർവേഷ് കുമാർ സീഗോലം, ന്യൂസിലൻഡിലെ അഡ്രിയാൻ ഓർ എന്നിവരും ഉൾപ്പെടുന്നു. കൊളംബിയയിലെ ലിയോനാർഡോ വില്ലാർ, ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഹെക്ടർ വാൽഡെസ് അൽബിസു, ഐസ്‌ലാൻഡിലെ അസ്‌ഗീർ ജോൺസൺ, ഇന്തോനേഷ്യയിലെ പെറി വാർജിയോ എന്നിവരാണ് 'എ-' ഗ്രേഡ് നേടിയവർ
1994 മുതൽ ഗ്ലോബൽ ഫിനാൻസ് പ്രതിവർഷം പ്രസിദ്ധീകരിക്കുന്ന സെൻട്രൽ ബാങ്കർ റിപ്പോർട്ട് കാർഡുകൾ, യൂറോപ്യൻ യൂണിയൻ, ഈസ്റ്റേൺ കരീബിയൻ സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് സെൻട്രൽ ആഫ്രിക്കൻ സ്റ്റേറ്റ്സ്, സെൻട്രൽ ബാങ്ക് ഓഫ് വെസ്റ്റ് ആഫ്രിക്കൻ എന്നിവയുൾപ്പെടെ 101 രാജ്യങ്ങളുടെ സെൻട്രൽ ബാങ്ക് ഗവർണർമാർ ഉൾപ്പെടുന്നതാണ്.