നിരവധി പൈലറ്റുമാര്‍ മുന്നറിയിപ്പില്ലാതെ സ്ഥലംവിട്ടു; അപ്രതീക്ഷിത പ്രതിസന്ധി നേരിട്ട് ഇന്ത്യന്‍ വിമാനക്കമ്പനി

By Web Team  |  First Published Sep 20, 2023, 4:43 PM IST

സര്‍വീസുകള്‍ വെട്ടിച്ചുരുക്കുകയാണെന്നും നിലവിലെ വിപണി വിഹിതം കുറച്ച് സാധ്യമാവുന്നത്ര മാത്രമാക്കി സര്‍വീസുകള്‍ കുറയ്ക്കുകയാണെന്നും കാണിച്ച് കമ്പനി സിഇഒ ജീവനക്കാര്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചു.


ന്യൂഡല്‍ഹി: ബജറ്റ് എയര്‍ലൈനായ ആകാശ പുതിയ പ്രതിസന്ധി നേരിടുകയാണെന്ന് റിപ്പോര്‍ട്ട്. നിരവധി പൈലറ്റുമാര്‍ അപ്രതീക്ഷിതമായി കമ്പനി വിട്ടതു കാരണം സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു. സര്‍വീസുകള്‍ വെട്ടിച്ചുരുക്കുകയാണെന്നും നിലവിലെ വിപണി വിഹിതം കുറച്ച് സാധ്യമാവുന്നത്ര മാത്രമാക്കി സര്‍വീസുകള്‍ കുറയ്ക്കുകയാണെന്നും കാണിച്ച് കമ്പനി സിഇഒ വിനയ് ദുബൈ ജീവനക്കാര്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചു.

തൊഴില്‍ കരാര്‍ പ്രകാരം നിര്‍ബന്ധമായ നോട്ടീസ് പീരിഡ് പൂര്‍ത്തീകരിക്കാതെ ഒരുകൂട്ടം പൈലറ്റുമാര്‍ ജോലിയില്‍ നിന്ന് വിട്ടുപോവുകയായിരുന്നുവെന്ന് സിഇഒ വിശദീകരിക്കുന്നു. ഇതാണ് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ സര്‍വീസുകള്‍ താറുമാറാവുന്ന സാഹചര്യങ്ങളിലേക്ക് തള്ളിവിട്ടത്. അവസാന നിമിഷം സര്‍വീസുകള്‍ റദ്ദാക്കാനും കമ്പനി നിര്‍ബന്ധിതമായെന്ന് ഇ-മെയില്‍ സന്ദേശത്തില്‍ വിശദീകരിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 

Latest Videos

undefined

Read also:  ഇതിലും വലിയ ഓഫർ സ്വപ്നങ്ങളിൽ മാത്രം! ടിക്കറ്റ് നിരക്ക് ആരംഭിക്കുക പൂജ്യത്തിൽ, വൻ ഡിസ്ക്കൗണ്ടുമായി എയർലൈൻസ്

രണ്ട് മാസം മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈൻ ആയ ആകാശ എയർ 602 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. 777.8 കോടി രൂപ വരുമാനം നേടിയപ്പോൾ പ്രവർത്തന ചെലവ് 1,866 കോടി രൂപയായി. സിവിൽ ഏവിയേഷൻ സഹമന്ത്രി വി കെ സിംഗ് ലോകസഭയിൽ നൽകിയ റിപ്പോർട്ട് പ്രകാരം മുൻകൂർ ഓപ്പറേറ്റിംഗ് ചെലവുകളും സ്റ്റേഷനുകളും പുതിയ റൂട്ടുകളും സ്ഥാപിക്കുന്നതിനുള്ള ചെലവുമാണ് എയർലൈനിനെ നഷ്ടത്തിലേക്ക് നയിച്ചത്. 

അതേസമയം, ആകാശ എയർ ധന സമാഹരണത്തിന് ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നതിനായി ഇക്വിറ്റി ഓഹരികൾ വഴി 75  മുതൽ 100 മില്യൺ ഡോളർ വരെ എയർലൈൻ സമാഹരിക്കും. മാത്രമല്ല, ആകാശ എയർ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇതിന്റെ വിതരണത്തിന് മുൻപ് വിമാന കമ്പനികൾക്ക് പേയ്‌മെന്റുകൾ നടത്താൻ  ഈ ഫണ്ട് എയർലൈൻ ഉപയോഗിക്കും. 2 ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾക്കാണ് ആകാശ ഓഡർ നൽകിയിട്ടുള്ളത്. ഇതിൽ 19 എണ്ണം ഡെലിവറി ചെയ്തു കഴിഞ്ഞിട്ടുണ്ട്. 

പ്രവർത്തനം ആരംഭിച്ച് വെറും 11 മാസത്തിനുള്ളിൽ, ആകാശ എയർ ഇതിനകം തന്നെ അഞ്ച് ശതമാനം വിപണി വിഹിതം നേടിയിരുന്നു.  സ്പൈസ് ജെറ്റിനേക്കാൾ ഉയർന്നതാണ് ഇത്, ഈ വർഷം അവസാനത്തോടെ 100-ലധികം വിമാനങ്ങളുടെ ഓർഡർ നൽകുമെന്ന് കോ-പ്രൊമോട്ടറും സിഇഒയുമായ വിനയ് ദുബെ പറഞ്ഞിരുന്നു. 

പണം സ്വരൂപിക്കുന്നതിനായി, ആകാശ എയർ, ഉയർന്ന ആസ്തിയുള്ള വ്യക്തികളെയും നിക്ഷേപകരെയും സ്ഥാപനങ്ങളെയും സമീപിച്ചിട്ടുണ്ട്. 650 മില്യൺ ഡോളർ മൂല്യമുള്ള ആകാശ എയറിന്റെ മൂല്യനിർണ്ണയം ഒരു മാനദണ്ഡമായി നിലനിർത്തി മൂലധനം സമാഹരിക്കാനാണ് പദ്ധതി. യുഎസ് ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ട് എയർലൈനിലെ ഓഹരികൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്. നിലവിൽ 6 ശതമാനം ഓഹരിയാണ് കമ്പനിക്കുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!